Friday, 23 February 2018

#

കറുത്തവൻ കോമഡി പരിപാടികളിലെ കോമാളിയും സിനിമകളിലെ കഴിവ് കെട്ടവനും ആകുമ്പോൾ, നായകൻ്റെ പഞ്ച് ഡയലോഗിനൊപ്പം ദളിതൻ്റെ കുലപ്പേര് ചീത്തവിളിയായി ഉപയോഗിക്കുമ്പോൾ ആർപ്പുവിളിച്ച് കയ്യടിക്കുന്ന നമുക്ക് എന്ത് അവകാശം എൈക്യദാർഡ്യപ്പെടാൻ..
വിശപ്പെന്താണെന്ന് ഇതുവരെ അറിയാത്ത നമ്മൾ ഇന്നലെ മുതൽ വിലപിച്ച് ഘോരഘോരം പോസ്റ്റിടുന്നത് നിർത്തി മൃഷ്ടാന്നം ഭക്ഷിച്ച് ഉറക്കത്തിലേക്ക്തന്നെ കടക്കും, നാളെയൊരു പുതിയ ഹാഷ് ടാഗ് വരും വരെ.. അടുത്ത ദിവസം  വീണ്ടും വെളുപ്പിച്ച, ചിരിക്കുന്ന മുഖചിത്രത്തിലേക്ക്  തിരിച്ച് പോകും..https://m.facebook.com/story.php?story_fbid=931941580297755&id=100004457640203

Tuesday, 13 February 2018

നിരോധനം

കശാപുശാലകളുടെ നിലനിൽപ്
ബീഫ് നിരോധനം
സ്ത്രീധന നിരോധനം
ബീഫ് സ്വാതന്ത്ര്യം
വിവാഹ സ്വതന്ത്ര്യം
നീയും ഞാനും നിർബന്ധമായി 
കഴിച്ചിരിക്കണം, വിവാഹം.

നിലച്ചു


ഉപ്പുവെള്ളം വീണെൻ്റ
ഫോൺ കേടായി
കടലിലെ വെള്ളമല്ല,
എൻ്റെ കണ്ണിലെ
തീഷ്ണ താപം
നിറഞ്ഞ കണ്ണുനീർ...

ഞാനൊരു ഭ്രാന്തി അല്ലായിരുന്നെങ്കിൽ..


നിൻ്റെ ഹൃദയത്തെ വേദനിപ്പിക്കാൻ
എനിക്കാവതില്ല കാരണം ഞാൻ
അതിനെ വളരെയേറെ സ്നേഹിക്കുന്നു
അതിനാൽ,
എൻ്റെ ഹൃദയത്തിൽ കഠാര കയറ്റിയിറക്കൂ
കാരണം അതിൽ ഞാനേറെ സ്നേഹിക്കുന്ന
നീയാണ്, എന്നെ നിഷ്കരുണം ഉപേക്ഷിച്ച നീ..

തുറന്ന കത്ത്



എൻ്റെ ചോരകുടിച്ച്
എന്നോട്തന്നെ ചോരത്തളപ്പ്
കാണിക്കാൻ നിനക്ക്
നാണമില്ലേ പീക്കിരി
കൊതുക് പെങ്ങളേ..
ഈ കൊച്ചുശരീരത്തിന്
വേണ്ട ചോരയുടെ
അളവ് പറഞ്ഞുതരുവോ
ഞാനത്രേം ചോര
കുപ്പിയിലാക്കി തരാം
ദയവായി ഈ കൂട്ട
ആക്രമണം നിർത്തൂ..
അല്ലെങ്കിൽ ഞാനൊരു
കൊലയാളിയായിപ്പോകും
ഉറുന്പിൻ്റെ കടി സഹിക്കാം
എന്നാൽ നിൻ്റെ കുത്ത്
സഹിക്കാൻ ഞാൻ
വൈക്കം സുൽത്താനല്ല
നിന്നെ ആട്ടിയോടിക്കാൻ
പോലും ത്രാണിയില്ലാത്ത
ഒരു പാവം അവശരോഗി..

മത്സ്യം

🐟🐠🐟
ഇന്നലെവരെ പേരറിയാത്തേതോ
ജലാശയത്തിൽ മദിച്ചു നടന്നവൾ
ഇന്നെൻ്റെ കൈക്കുള്ളിൽ കത്രിക
വായ്ത്തലപ്പിൽ അനുസരണയോടെ.
മഴവിൽ നിറങ്ങൾ തെളിയുന്ന ധൂളികൾ
ചുണങ്ങുന്ന എൻ്റെ പിടിയിൽ നിന്ന്
തെന്നിയോടി ചട്ടിയിലേക്കുതന്നെ
ഓരോരുത്തരും മലർന്നടിച്ചു വീണു
മൃദുലമായി തുഴഞ്ഞിരുന്ന ചിറകുകൾ
ആദ്യം അരിഞ്ഞു കളഞ്ഞു പിന്നെ
നിൻ്റെ ചലനഗതി നിയന്ത്രിച്ചിരുന്ന
വാലും അവസാനം ആ തലയും കത്രിച്ചു
തലയറുക്കുന്പോൾ നിങ്ങളുടെ വായ
തുറന്ന് വന്നത് എന്ത് പറയാനാണ്?
അവസാനം 28 തലകളും ചരിഞ്ഞു
വീണ്, 28 കണ്ണുകളും തുറിച്ചുനോക്കി
നോട്ടത്തിൻ്റെ അർത്ഥം മനസ്സിലാക്കി
ഞാൻ, മാസംളമായ മീൻ ഉടലൊഴിച്ച്
ബാക്കിയൊക്കെ കുപ്പയിലെറിഞ്ഞു
മീനിനെ എരിവും പുളിയും ചേർത്ത്
രുചിയോടെ വിളന്പി വച്ചു. എന്നാൽ
എത്ര വാസനസോപ്പിട്ടിട്ടും മത്സ്യത്തിൻ്റെ
(ദുർ)ഗന്ധം എൻ്റെ കൈയ്യിൽനിന്നും
അടുക്കളയിൽ നിന്നും പോയില്ല.

Pink movie review

പെൺ ഉടലുകളുടെ അവലൈബിലിറ്റിയുടെ നാലു പ്ലാനുകൾ പറയുന്ന സിനിമ..

"No means 'No '.. " എൻ്റെ അഭിപ്രായത്തിൽ ഈ സിനിമയാണ് നികുതിയില്ലാതെ  ഇന്ത്യക്കാരെ മുഴുവൻ കാണിക്കേണ്ടത്..

തപസിയുടേയും കൃതിയുടേയും  അഭിനയം മനസ്സിൽ തട്ടി. ബിഗ് ബിയുടെ പിന്നെ എടുത്തുപറയേണ്ട ആവശ്യമില്ല, സൂപ്പർ..

"Save our boys to save our girls.. "

Objectivness for Teachers

രക്ഷ്മി നായർ പ്രിൻസിപ്പൾ ആയ കോളേജിലെ വിദ്യാർത്ഥികൾ, വിടുവേല ചെയ്തുകൊടുത്താൽ ഇൻ്റേണൽ മാർക്ക്സ് കൊടുക്കുന്നത് വാർത്തകളാകുന്പോൾ എൻ്റെ ഒരു അനുഭവം പറയട്ടെ...

ഞാൻ പഠിക്കുവാൻ വലിയ മിടുക്കിയൊന്നുമല്ല. എന്നാൽ ടീച്ചേർസ് പറയുന്ന കാര്യങ്ങൾ അങ്ങേയറ്റം ബഹുമാനത്തോടെ കേൾക്കുകയും അവർ ഏൽപിക്കുന്ന പ്രവൃത്തികൾ കൃത്യ സമയത്ത് തീർക്കുകയും ചെയ്യാറുണ്ട്. എന്നെ അറിയുന്നവർക്കൊക്കെ അതറിയാമെന്നും കരുതുന്നു.

എത്ര ഇഷ്ടമുള്ള അദ്ധ്യാപകരായാൽപോലും അവരോട് ആദരവിൻ്റെ ഒരകലം വെക്കുന്നത് എൻ്റെ സ്വഭാവമായിരുന്നു. സമാനസ്വഭാവമുള്ള ചില കൂട്ടുകാരും ക്ലാസിൽ ഉണ്ടായിരുന്നു. ബാക്കിയുള്ള നാലഞ്ചുപേർ അദ്ധ്യാപകൻ്റെ സന്തതസഹചാരികളായിരുന്നു. പിന്നെയുള്ളത് പഠിപ്പിസ്റ്റുകളാണ്.. 

സെക്കന്റ് സെമസ്റ്ററിൽ എൻ്റെ ഇൻ്റേണൽ മാർക്ക് കുറവായിരുന്നു. പൊതുവെ അമിതസംസാരിണിയല്ലാത്തതിനാലും സൊ കോൾഡ് എഴുത്തുമായി ബന്ധമില്ലാത്തവളലായതിനാലും വൈവ ഉൾപെടെയുള്ള കാര്യങ്ങൾ കൃത്യമായി ചെയ്തിട്ടുകൂടി എനിക്ക് ഇൻ്റേണൽ മാർക്ക് കുറവായിരുന്നു. പുസ്തകപ്പുഴുക്കളെ ഒഴിച്ചു നിർത്തിയാൽ ഞങ്ങളെപോലെ മിണ്ടാതിരിക്കുന്നവർക്ക് ആ വിഷയങ്ങളിൽ മാർക്ക് വളരെ കുറവ്. എന്നാൽ അസൈൻമെൻ്റ്സ് ഏറ്റവും അവസാനംവെക്കുന്ന, ക്ലാസിൽ മിക്ക ദിവസങ്ങളിലും ആബ്സെൻ്റാകുന്ന, വൈവകളിൽ കൃത്യമായി ഉത്തരം പറയാത്ത, പുറത്ത്കൊടുത്തല്ലാതെ സ്വന്തമായി ഒരു പ്രാക്ടിക്കൽ പരീക്ഷപോലും ചെയ്യാത്ത അവർക്ക്  അദ്ധ്യാപകൻ്റെ മാനസപുത്രികളായതിനാൽ എന്നും 20 ൽ 18 കിട്ടിയിരുന്നു..

പരാതിപെട്ട ഞങ്ങളോട് പറഞ്ഞത്. മറ്റുള്ളവരുമായി കന്പാരിസൺ വേണ്ട.. നിങ്ങൾക്ക് അർഹമായത് തന്നിട്ടുണ്ട് എന്നതാണ്. എന്നാൽ അദ്ധ്യാപകന് ചില വിദ്യാർത്ഥികളോട് മാത്രമുള്ള പ്രത്യേകതാൽലര്യവും പരിഗണനയും എന്നും എല്ലാ ബാച്ചുകളിലും പരസ്യമായ രഹസ്യമായിരുന്നു.. ആയതിനാൽ പ്രതിഷേധം അവിടെ തീർന്നു. ഇതോടൊപ്പം ഒരുകാര്യംകൂടി, ഈ "പ്രമുഖ " അദ്ധ്യാപകൻ കോഴ്സിൽ ചേരാൻവന്ന എൻ്റെ സ
ഹപാഠിയോട് പറഞ്ഞത് നിനക്കൊക്കെ ഇവിടെ കിട്ടിയത് തന്നെ വലിയ കാര്യമാണെന്നാണ്.. പ്രമുഖ അദ്ധ്യാപകൻ്റെ വാക്കുകൾ എനിക്കിപോഴും ഓർക്കുന്പോൾ ലജ്ജതോന്നുകയാണ്, അദ്ദേഹത്തോടുള്ള ആരാധനയുടെ പേരിൽ..

എന്തായാലും കോഴ്സ് കഴിഞ്ഞു. വെറും 0.5 % ത്തിൻ്റെ കുറവിൽ എൻ്റെ സർട്ടിഫിക്കറ്റിൽ ടോട്ടൽ ഗ്രേഡ് താഴ്ന്നു. ജോലിക്ക്  അപേക്ഷിക്കുന്പോഴാണ് ഗ്രേഡ് താഴ്ന്നത് നമ്മളെ അലട്ടുക.. ഇപ്പോൾ ചിലർക്കെങ്കിലും മനസ്സിലാകും ഇൻ്റേണൽമാർക്കിൽ നൽകുന്ന ഓരോ ഒരുമാർക്കും എത്രവിലപെട്ടതാണെന്ന്...

So teachers, dont get biased about your students.. its a request..

കുഴഞ്ഞു വീണുമരിച്ചു


എൻ്റെ വീട്ടിലേക്കുള്ള വഴിയരികിൽ
കുഴഞ്ഞുവീണുമരിച്ചു.
കള്ളുകുടിയൻ അല്ല,
രോഗിയോ ദരിദ്രനോ അല്ല.
ഈ മഴക്കാലത്ത് മഴകൊണ്ട്
കുഴഞ്ഞുവീണ വാഴയെ ആരും
താങ്ങിയെടുത്തില്ല
പിടിച്ചുനിർത്തിയില്ല
ശ്രദ്ധിച്ചതുപോലുമില്ല.
ഒരിക്കൽപോലും കായ്ക്കാത്ത
അതിന് ദയാവധം പോലും
ആരും നൽകിയില്ല.
പതിയെ അലിയുന്ന ഇലകൾ
മണ്ണിനെ ബലിയിടാനായി
പൊതിയിലയായി.
മരത്തേയും മണ്ണിനേയും
തൊടാൻമടിച്ച എൻ്റെ മുന്നിലൂടെ
ഒരു തെരുവ്പെണ്ണ് ആ വാഴയെ
കാട്ടിലേക്ക് വലിച്ചിട്ടു.

Womenism

ഒരു സ്ത്രീ അനുഭവിച്ചതിൻ്റെ പകുതി വേദനപോലും ഒരു പുരുഷനും ഇന്നേവരെ അവൻ്റെ ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടാകില്ല. ശാരീരിക ചൂഷണമോ പ്രസവ വേദനയോ അല്ല ഉദ്ദേശിച്ചത്. അത്തരം വേദനകൾക്കപ്പുറം ഒരു കുടുംബം നടത്തികൊണ്ടുപോകുന്ന സ്ത്രീകളുടെ വേദനയാണ്.. അവൾ അനുഭവിച്ച മനോവേദനകളുടെ മറുപുറമാണ് അവളുടെ അച്ഛൻ്റെ, സഹോദരൻ്റെ, കാമുകൻ്റെ, ഭർത്താവിൻ്റെ, സുഹൃത്തിൻ്റെ ഒക്കെ നേട്ടങ്ങളും സന്തോഷങ്ങളുമായി മാറുന്നത്. അവന് നാലാളുടെ മുന്നിൽ സന്തോഷത്തോടെ നിൽക്കാൻ, സുഹൃത്തുക്കളോടൊപ്പം ആഘോഷയാത്രകളൊരുക്കാൻ അവളുടെ- അമ്മയുടെ/ ഭാര്യയുടെ/ മകളുടെ ഒക്കെ കണ്ണീർ വേണം.. അവരുടെ ത്യാഗമാണ് നിങ്ങളുടെ സന്തോഷമായിമാറുന്നത്. മൾട്ടി ടാസ്കിംങ് ചെയ്യുന്ന മൾട്ടിപ്പ്ൾ വിഷമങ്ങൾ ഉള്ളിലൊതുക്കി കഴിയുന്ന സ്ത്രീകളുടെ സന്തോഷങ്ങൾ എന്നും ആപേക്ഷികമാണ്. അവൾക്ക് സ്വന്തമായ ആഹ്ലാദവേളകൾ ഇല്ലാതാകുന്നു. ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം വേദന അവൻറെമാത്രം പ്രശ്നങ്ങളാണ്. എന്നാലൊരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഓരോരുത്തരുടേയും പ്രശ്നങ്ങൾ അവളുടേതും കൂടിയാണ്. ഒരിക്കലും ഒരമ്മയും മക്കൾക്ക് ഒരു വിഷമമുണ്ടാകുന്പോൾ  ആ പ്രശ്നത്തിൽനിന്ന് കൈകഴുകിപോകാറില്ല, ചില അച്ഛന്മാരെപോലെ... അവർ മക്കളുടെ സന്തോഷത്തിലും സങ്കടത്തിലും ഒരുപോലെ താങ്ങാവുന്നു. സ്വയം എരിഞ്ഞ് മറ്റുള്ളവർക്കുവേണ്ടി വെളിച്ചം കൊടുക്കാൻ അവർ തയ്യാറാകുന്നതിനെ നമ്മൾ നാണമില്ലാതെ ചൂഷണം ചെയ്യുകയാണ്. ഓരോ സ്ത്രീയും ഓരോ വലിയ കഥാസമാഹാരമാണ്.. അതിലെ ചെറുകഥകളാണ് പുരുഷന്മാർ.. അതിൽ വേദനകൾ നിറഞ്ഞ കഥകൾക്കപ്പുറം അവളെ ആഹ്ലാദിപ്പിക്കുന്ന, അംഗീകരിക്കുന്ന, ആശ്വസിപ്പിക്കുന്ന കഥാഭാഗങ്ങളും കഥാപാത്രങ്ങളും വളരെ വിരളമായിരിക്കും..

ലോകത്തിലെ ഞാനടക്കമുള്ള എല്ലാ സ്ത്രീകൾക്കുമായി അങ്ങേയറ്റം ആദരവോടെ ഈ പോസ്റ്റ് സമർപ്പിക്കുന്നു. വീടിനുപുറത്ത് സുഹൃത്തുക്കൾക്കിടയിലും മറ്റ് ബന്ധുക്കൾക്കിടയിലും സന്തോഷം തേടിപോകുന്നവരെ ഓർമിപ്പിക്കുകയാണ്.., Respect, Accept and Appreciate Women.
My creativity

ഈ കൽപടവിൽ, ഈ മരത്തണലിൽ ഒരിക്കൽകൂടി നീ

കലാലയപ്രണയത്തെ വളരെ ആഴത്തിൽ ഉൾക്കൊള്ളുന്ന ഗാനം.. റഫീക്ക് അഹമ്മദ് എഴുതി,  ബെന്നറ്റ് (?) ഈണം പകർന്ന്, വേണുഗോപാൽ പാടിയ "ആർദ്രമായ കവിത" എന്നാണ് എനിക്കിതിനെ വിശേഷിപ്പിക്കാനാകുക.."ഈ കൽപടവിൽ, ഈ മരത്തണലിൽ ഒരിക്കൽകൂടി നീ ഇരുന്നെങ്കിൽ...
.......
 ഹിമബിന്ദുചൂടിയ പൂവിതളായ് നീ
ശിശിരത്തിൽ വീണ്ടും ഉണർന്നെങ്കിൽ
ഹൃദയത്തിലാളും ചുവപ്പ് ഞാൻ തന്നേനേ
ഉയിരിലെ ചൂടും പകർന്നേനേ.... "

ശ്രീനാരായണഗുരു

ജാതി ചോദിക്കരുത്, പറയരുത് എന്ന് ആഹ്വാനം ചെയ്ത സമൂഹത്തിൽ ജാതിയും മതവും വെളിപ്പെടുത്താതെ ജീവിക്കുക എന്നത് ഇന്ന് അപകടം നിറഞ്ഞതും അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതുമാണ്.. ഗുരു മരിച്ചത് നന്നായി, അല്ലേൽ എല്ലാരും കൂടി....

ഗുരുവിനെ പറ്റി  നാടകപ്രവർത്തകനായ എൻ്റെ അച്ഛാച്ഛൻ എഴുതി, ഈണം നൽകി, അമ്മമ്മ പാടിയ ഗാനം.

https://youtu.be/20cMd3VXINA

പെണ്ണിര



പെണ്ണേ, നീ പെരുമാറേണ്ടത് ഇങ്ങനെയാണ്, ഞാൻ  പറഞ്ഞുപഠിപ്പിക്കുന്ന രീതിയിൽ. ഞാൻ നൽകുന്ന സുരക്ഷിതത്വത്തിൽമാത്രം സമൂഹത്തോട് സംവദിക്കുന്നവളാകണം, നീ. പരസ്പരം കൂട്ടിമുട്ടാത്ത ഇരട്ടവരയുള്ള പുസ്തകത്തിലെ അക്ഷരങ്ങൾപോലെ നിൻ്റെ നോട്ടത്തിനും നടപ്പിനും നാക്കിനും കൃത്യമായ വടിവും അളവും വേണം. അവൻ്റെ എഴുതപെട്ട പ്രമാണങ്ങൾക്കപ്പുറം നീ പോകരുത്, ചിന്തിക്കുകകൂടി അരുത്. നിൻ്റെ തോന്നലുകളെ അവൻ പിൻബുദ്ധിയെന്നാക്ഷേപിക്കും, ആ താന്തോന്നിത്തരത്തിന് ശിക്ഷ നൽകാൻ അവൻ ഇരുട്ടിൽ വേട്ടയ്ക്കിറങ്ങും. അവൻ്റെ ലോകം നീയെന്ന ഇരയ്ക്ക് വിലയിടും. അഞ്ചു ലക്ഷത്തോടൊപ്പം സഹോദരന് സർക്കാർ ജോലിയും നേടികൊടുത്ത് നീയൊരു എരിവുള്ള കഥയുടെ അവസാനിക്കാത്ത അവസാനമാകും. വർഷാവർഷം നിൻ്റെ പേര് അവർ കൊത്തിയെടുക്കും, അടുത്ത ഇരയെ കിട്ടും വരെ..

A review of myown life

സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ, ജീവിക്കുക എന്നത് അത്യധികം ആപത്കരവും കഠിനവും ആണെന്ന തിരിച്ചറിവോടെ, ഇത്രയും വർഷങ്ങൾ അത്തരം വിഷമഘട്ടങ്ങളിൽ എനിക്ക് താങ്ങും തണലുമായി നിന്ന പ്രിയപ്പെട്ടവർക്കുള്ള നന്ദി അറിയിക്കുന്നു.
നിവൃത്തികേടിനാൽ തുടരേണ്ടിവരുന്ന, വിരസവും മറ്റുള്ളവർക്ക് അരോചകവുമായ ജീവിതത്തിൽ ഇനിയുള്ളത് ഋതുക്കളുടെ ശവസംസ്കാരംമാത്രം. ജീവിതം ചെക്ക് പറഞ്ഞ് കരു നീക്കുമ്പോൾ അടുത്ത ചുവട് വെക്കേണ്ടത് ഞാനാണ്. ഇനിയും നീട്ടുവാൻ സമയം ബാക്കിയില്ല.  കൂടെനിൽക്കുന്ന ഒരു കരുപോലും നഷ്ടപ്പെടാതെ കളി തുടരണം. അല്ലെങ്കിൽ തോൽവി സമ്മതിക്കണം.. തോൽവിയാണ് നീ എന്ന് മനസ് പറയുംവരെ പൊരുതും, മരണംവരെ ഫൈറ്റ് ചെയ്യും...

Hi hi hi

KLAP§

പണ്ട് ഒരു ക്ലാസിൽ ആറ് ചങ്ങാതിമാർ ഉണ്ടായിരുന്നു.. ആറ് പേർക്കും ഓരോരുത്തരോടും ഭയങ്കര ഇഷ്ടവും ആരാധനയും ഉണ്ടായിരുന്നു.. ആ ആറുപേരും ആ ആറുപേരുടേതായിരുന്നു.. അതിൽ അഞ്ചുപേർ പഠിക്കാൻ വളരെ മിടുക്കരായിരുന്നു. അതിനാൽ ക്ലാസിൽ അവർ ബുജി ടീംസ് ആയി പരിഗണിക്കപ്പെട്ടിരുന്നു.. എന്നാൽ ക്ലാസിലുള്ള എല്ലാ കൂതറകളേക്കാൾ ഏറെ കയ്യിലിരിപ്പ് ഉള്ളവരായിരുന്നു അവർ.. മണ്ടത്തരം പറച്ചിലിനും തരികിട ഒപ്പിക്കുന്നതിനും സ്നേഹിച്ച് വശത്താക്കുന്നതിനും അവർ ഓരോരുത്തരും മത്സരിച്ചു..
രാവിലെ എസ്.എന്നിലേക്ക് വീട്ടിൽനിന്ന് ഇറങ്ങുന്നത് തൊട്ട്, ബസ്സിൽ കലപിലകൂടി, വൈകീട്ട് യാദവതെരുവിലൂടെ സിപ്പ് അപ്പോ പോപ്പിൻസോ നുണഞ്ഞ് താഴേചൊവ്വെന്ന് വീട്ടുകളിലേക്ക് പിരിയും വരെ അവർ സൗഹൃദം കൈമാറി.. ഇംഗ്ലീഷും ഹിന്ദിയും ഫിസിക്സും മാക്സിലെ പല പേപ്പറുകളും അവരുടെ ബന്ധങ്ങളെ ദൃഢമാക്കിയ മനോഹരമായ ഏടുകൾമാത്രമായി പരിവർത്തപ്പെട്ടു..  ഇടവേളകളിൽ വായ്നോക്കിയും, നുണക്കഥകളും പ്രണയചാപല്യങ്ങളും പറഞ്ഞും അവർ നേരം കളഞ്ഞു.. അവർക്കിടയിൽ കഥയും കവിതയും പാട്ടും സിനിമയും രാഷ്ട്രീയവും ഹൈക്കുകളായെത്തി..
കോളേജിലെ  ആഘോഷദിനങ്ങളിൽ, എന്തിന് രാഷ്ട്രീയ അടിപിടിയുള്ള ദിവസങ്ങളിൽവരെ അവർ അവരുടേതായ രീതിയിൽ ആഘോഷിച്ചു..
തീർച്ചയായും അവരോരുത്തരും വളരെ വളരെ വ്യത്യസ്തരായിരുന്നു.. എന്നാൽ അവരിൽ എല്ലാരിലും ഏതോ ഒരു വികാരം, എന്തോ ഒന്ന് പൊതുവായി ഉണ്ടായിരുന്നു..
ഓരോരുത്തരും അവരവരുടെ സ്വപ്നങ്ങളെ തേടി ഓരോ വഴിക്ക് പോയി.. ചിലർ പുതിയ സാഹചര്യങ്ങളിലേക്ക് പറച്ചു നടപ്പെട്ടു.. എങ്കിലും ഇന്നുമവർ, എത്ര അകലത്താണെങ്കിൽക്കൂടി അതേ സ്നേഹവായ്പ്പോടെ അന്യോന്യം തിരിച്ചറിയുന്നുണ്ട്, പരസ്പരം മനസിലാക്കുന്നുണ്ട്. എങ്കിൽ അത്രയും മതി, നമ്മുടെ  #KLAP§ എന്നും നിലനിന്നുപോകാൻ...

Love you all..

#SNC #friendship #love #maths

കണ്ണാട്ടനും കുഞ്ഞുപെങ്ങളും

പണ്ട് അങ്കനവാടി മൂന്നരയ്ക്ക് വിട്ടുകഴിഞ്ഞാൽ തൊട്ടടുത്തുള്ള ഏട്ടൻ്റെ സ്കൂളിൽ പോകുമായിരുന്നു ഞാൻ. വീടും സ്കൂളും അങ്കനവാടിയുമെല്ലാം അടുത്തടുത്താണ്. എന്നാലും ഞാൻ വീട്ടിൽപോകാതെ, ഏട്ടൻ്റെ സ്കൂളിൽ(പിന്നീട് എൻ്റേയും) കയറിച്ചെലും, ആരേയും കൂസാതെ.. ഏഴ് എ, ബി; ആറ് എ,ബി; അഞ്ച് എ, ബി; ഈ ക്ലാസുകളൊക്കെ പിന്നിട്ട് അവിടെയുള്ള ടീച്ചർമാരേയും പിള്ളേരെയും മൈൻ്റ് ചെയ്യാതെ നാലാം ക്ലാസിൽ ചോദ്യവും പറച്ചിലും ഇല്ലാതെ കയറും. ആൺപിള്ളാരുടെ ഭാഗത്ത് എന്നെ കണ്ട് പതുങ്ങിയിരിക്കുന്ന ഏട്ടൻ്റെ അടുത്ത്പോയി ഇരിക്കും, ചില പൂച്ചകൾ മുട്ടിയുരുമ്മി സോപ്പിടുന്നപോലെ.. പിന്നെ ക്ലാസിലെ പിള്ളേരുടെയും മാഷിൻ്റെയും വർത്താനൊക്കെ കേട്ടിരിക്കും.. ചിലപെൺപിള്ളേർ വന്ന് കൊഞ്ചിക്കും അങ്ങനെയൊക്കെ നല്ല രസായ്രുന്നു...

Monday, 12 February 2018

കമലിൻറെ ആമി, മഞ്ജുവിൻ്റേയും

ആമിയുടെ മാസ്മരിക ജീവിതം പകർത്തുന്നതിൽ പ്രിയ സംവിധായകൻ പരാജയപ്പെട്ടു എന്നത് എന്നെ വളരെ നിരാശപ്പെടുത്തി. എന്നാൽ  ഇടവിട്ട് മാത്രം ചില സീനുകൾ അതിശയമാംവിധം നമ്മളെ ലയിപ്പിക്കുന്നുമുണ്ട്. 
അഭിനേതാക്കൾ ആരും മികച്ചതായോ മോശമായോ തോന്നിയില്ല. മേയ്ക്ക് അപ്പും ഗ്രാഫിക്സും അഭിനയവും എല്ലാം ആവറേജ് തന്നെ.. അതേ സമയം ആമിയുടെ കൗമാരം അവതരിപ്പിച്ച പെൺകുട്ടിയുടെ അഭിനയം മറ്റാരെക്കാളും ഏറെ മുൻപന്തിയിലാണ്.
ആമിയെ പറ്റി ഗവേഷണം നടത്തി എന്നു സംവിധായകൻ പറയുമ്പോഴും സിനിമ കാഴ്ചവെക്കുന്ന കാര്യങ്ങൾ കമലയുടെ ഏതൊരു സാധാരണ വായനക്കാർക്കും അറിയാവുന്നതേ പറയുന്നുള്ളൂ.. നാലപ്പാട്ടെ വേലക്കാരുമായുള്ള ആമിയുടെ ആത്മബന്ധം, പൊന്നിയരിയിൽ നിന്ന് വിലകുറഞ്ഞ അരിയിലേക്ക് മാറിയ കാലം, ഇളയമകനോടുള്ള സ്നേഹം തുടങ്ങിയ അവഗണിക്കാൻ പറ്റാത്ത കാര്യങ്ങൾ ഒഴിവാക്കപ്പെട്ടത് ഒരുപക്ഷേ സിനിമയ്ക്കുള്ളിൽ ആ ജീവിതം ഒതുങ്ങില്ലെന്ന് കരുതിയാകണം. എന്തിരുന്നാലും സിനിമ വിവാദങ്ങൾക്ക് കീഴ്പെടാതിരിക്കാൻ സംവിധായകൻ പാലിച്ച ജാഗ്രത പ്രശംസനീയമാണ്..