Tuesday, 6 January 2026

 

DIVINE CHEATER 



DIVINE CHEATER 

അവള്‍ പറഞ്ഞു നിങ്ങള്‍ ടോക്‌സിക്കാണ്, നിങ്ങള്‍ക്ക് എന്നോടിങ്ങനെ കെഞ്ചാന്‍ ഒരു നാണവുമില്ലേ എന്ന്. നാണമുണ്ടെങ്കില്‍ ഭാര്യയേയും മകളേയും മറന്ന് എനിക്കവളെ എന്റെ ശീലത്തിന്റെ ഭാഗമാക്കാന്‍ കഴിയുമായിരുന്നോ. സ്‌നേഹാനുഭവത്തിന്റെ ഉച്ചസ്ഥായിയില്‍ സ്‌നേഹം നിരര്‍ഥമാകുന്നുവെന്ന് അന്ന് അവളിതു പറയുമ്പോള്‍ തിരിച്ചറിയുന്നു. അവളില്ലാത്ത പാര്‍ക്കിലെ ഇരിപ്പിടങ്ങള്‍, ലൊട്ടകച്ച പങ്കുവെച്ചിരുന്ന കടൽത്തീരങ്ങൾ, ഒരുമിച്ച് മുട്ടിയുരുമ്മി ഇണങ്ങിയും പിണങ്ങിയും ബൈക്കില്‍പോയ യാത്രകള്‍, അവളോട് മണിക്കൂറുകളോളം സംസാരിച്ചു തീരാത്ത രാത്രികള്‍, അവളെക്കുറിച്ചെഴുതിയ കവിതകള്‍, ഒഴിവുനേരങ്ങളില്‍ ഓരോ നിലകളിലേയും ഇടനാഴികളില്‍ക്കൂടി വഴി അവസാനിക്കുംവരെ നമ്മള്‍ കൈകോര്‍ത്ത് നടന്നുതീര്‍ത്ത മധുരനിമിഷങ്ങള്‍, ചെറുചുംബനംകൊണ്ട് തീവണ്ടിവേഗത്തേക്കാള്‍ കൊടുങ്കാറ്റിന്റെ വേഗം സ്വീകരിച്ച നമ്മുടെ ശ്വാസോച്ഛ്വാസങ്ങള്‍, അവളെ അത്രമേല്‍ സുന്ദരമായി ആവിഷ്‌കരിക്കാന്‍ നിദ്രയെന്ന് ഞാന്‍ പേരിട്ട പിറക്കാനിരിക്കുന്ന നമ്മുടെ പെണ്‍കുഞ്ഞ്, എന്തിന് അവളെ കണ്ടുകൊണ്ടിരിക്കാന്‍ കഴിയാത്ത സോഷ്യല്‍മീഡിയപോലും എനിക്ക് എത്രത്തോളം അസഹനീയമാണെന്ന്.


അവള്‍ മാത്രമായിരുന്നു എന്റെ ഹൃദയതാളവും ശ്വാസവും ആശ്വാസവും. വേറെ 'ഒറ്റൊരുത്തി'യും എന്നെ ഇത്രമേല്‍ സ്‌നേഹിച്ചിട്ടില്ല- എന്റെ ഭാര്യയോ, അമ്മയോ, മകളോ. അവരുടെയൊക്കെ സ്‌നേഹം ചേര്‍ത്തുവച്ചാല്‍പ്പോലും എന്റെ മാലാഖയുടെ സ്‌നേഹത്തിന്റെയും കെയറിന്റെയും പകുതിയോളം വരില്ല.  മനുഷ്യന്‍ ഓര്‍മകള്‍കൊണ്ടുകൂടി ജീവിക്കുന്നവരാണല്ലോ- എനിക്ക് അവളുടെമാത്രം ഓര്‍മകള്‍ മതി. അവളുടെ ഓര്‍മകളുറങ്ങുന്ന ഒരിടത്തും ഞാന്‍ ആരോടൊപ്പവും പോകില്ല, അത് ആരുമായും റീപ്ലെയിസ് ചെയ്യപ്പെടുന്നത് എനിക്ക് താങ്ങില്ല. എനിക്ക് അവളെ കുറിച്ച്- പ്രണയത്തെക്കുറിച്ചും പ്രണയനഷ്ടത്തെക്കുറിച്ചും സുവര്‍ണ്ണലിപികളില്‍ ആലേഖനം ചെയ്ത്, ആ ഓര്‍മ്മകളും പേറിക്കൊണ്ട് ഒറ്റയ്ക്കൊരു വിരഹഭംഗിയുള്ള സോളോ ട്രിപ്പ് പോണം.


ഞാനിടറിവീണ നേരത്ത് ഇവിടെയുള്ള 'ഒറ്റൊരുത്തി'യും എന്റെ  ജീവിതത്തിലെ സന്നിഗ്ദഘട്ടത്തില്‍ എന്നോടൊപ്പം നിന്നിട്ടില്ല. എന്നാല്‍ ഒരനുഗ്രഹമായി അവളുണ്ടായിരുന്നു, അവളുമാത്രമായിരുന്നു അന്നെനിക്ക് താങ്ങായി ഉണ്ടായത്. പിന്നീടും അവളായിരുന്നു എല്ലാം തുടങ്ങിയത്! എനിക്കത് ആവശ്യവുമായിരുന്നു... ഒരു വ്യാഴവട്ടക്കാലംകൊണ്ട് എനിക്ക് കിട്ടിയതിനേക്കാള്‍ സ്‌നേഹവും കരുതലും 12 ദിവസംകൊണ്ട് അവളെനിക്ക് പകര്‍ന്നുതന്നു. ഈ സമയത്ത് പലപ്പോഴും വീട്ടിലിരിക്കുന്നൊരുത്തിയെ എടുത്ത് കെണറ്റില്‍ ഇടാന്‍ തോന്നാറുണ്ടായിരുന്നു. ഞാന്‍ നാട്ടിലുണ്ടാകുന്ന സമയത്ത് ഫ്രണ്ടിന്റെകൂടെയെന്ന് പറഞ്ഞും കണ്ണൂരില്‍ ഓരോ ആവശ്യങ്ങളെന്ന് പറഞ്ഞും അവളോടൊപ്പം കഴപ്പ് തീര്‍ക്കും. ആ സമയം ഭാര്യയെന്ന് പറയുന്ന മറ്റവള്‍, എന്റെ വീടിനേയും വീട്ടുകാരെയും കുട്ടിയേയും നോക്കി ശരീരവും സമയവും പണവും ചെലവിടും. അല്ലാതെ ഓഫീസ് ജോലി, വീട്ടുജോലി, കുട്ടി എന്നൊക്കെ പറഞ്ഞ് അവഗണിച്ച് മണിക്കുറുകളോളം സംസാരിക്കാതെ, കിടക്ക കണ്ടാല്‍ ശവമാകുന്ന ഒറ്റൊരുത്തിക്കും എന്റെ സ്നേഹം പൂര്‍ണ്ണമായും നല്‍കാന്‍ ആവില്ല. പക്ഷേ, അവളുടെ ജോലികൊണ്ട് ഗുണമുണ്ടായതെനിക്കാണ്, അത് വഴിയാണ് മാലാഖക്കുട്ടി എന്നിലേക്ക് ആഴ്ന്നിറങ്ങി, എന്റെ അസ്ഥിയില്‍ പിടിച്ച, മറ്റുള്ളവരുടെ ഹൃദയം തകര്‍ത്തുകൊണ്ടാണെങ്കിലും എന്റെമാത്രം ഹൃദയബന്ധമായത്.. 


എല്ലാം കൊണ്ടും എനിക്ക് ലാഭമാണ്- ഒന്നും ചിന്തിക്കേണ്ട, എല്ലാഭാഗത്തുനിന്നും സ്നേഹത്തിന്റെ തടയാനാവാത്ത കുത്തൊഴുക്ക്! എനിക്ക് മതിലുകള്‍ ഇല്ല, ഞാനൊരു തുറന്ന പുസ്തകം-  ആര്‍ക്കും എന്നെ സ്നേഹിക്കാം എനിക്കും ആരേയും ഹൃദയംകൊണ്ട് സ്നേഹിക്കാം. ഞാന്‍ ഭയങ്കരം ലിബറലായൊരു മനുഷ്യനാണ്. ഓരോര്‍ത്തര്‍ക്കും ഡിസേര്‍വിംങ് ആയിട്ടുള്ള സ്നേഹം ഞാന്‍ ഞാന്‍ കൊടുത്തിട്ടുണ്ട്. നിറഞ്ഞ സ്നേഹം നേരത്തെ എനിക്ക് കിട്ടിയിരുന്നെങ്കില്‍ മറ്റൊരു റിലേഷനിലേക്ക് ഞാന്‍ പോകില്ലായിരുന്നല്ലോ. ഇതെല്ലാം വ്യക്തിപരമായ ആവശ്യങ്ങളാണ്, ഒരാളും അതിലിടപെടാന്‍ പാടില്ല.


ഏറ്റവും സുഗന്ധമുള്ള പൂവുകളെല്ലാം വിരിയുന്നത് രാത്രിയിലാണ്- അന്നൊരര്‍ദ്ധരാത്രിയില്‍ അവള്‍ എന്നില്‍ വിരിഞ്ഞതുപോലെ! അന്ന് ആ രാത്രി വൈകിയവേളയില്‍ ഒരു ഫോണ്‍കോളിനിടെ ആദ്യമായി മനസ്സ് തുറന്നതും പിന്നീട് നിശാഗന്ധിയില്‍ നമ്മള്‍ ഒരുമിച്ച് നനഞ്ഞതും റസ്റ്റ്ൗസ്സില്‍ പുറത്ത് മഴ തിമിര്‍ക്കുമ്പോള്‍ നമ്മള്‍ രണ്ട് സ്‌നേഹത്തുള്ളികള്‍ പരസ്പരം പുണര്‍ന്ന് പങ്കുവെച്ച ചൂടും ഏതു താലിച്ചരടിന്റെ ബന്ധത്തേക്കാ ദൃഢമായിരുന്നു. അല്ലെങ്കില്‍ അതൊക്കെ തട്ടിമാറ്റാന്‍ എനിക്ക് സാധിച്ചേനേ, അത്രയ്ക്ക് പരാജയമായിരുന്നു എന്റെ ഭാര്യെയെന്ന് പറഞ്ഞുനടക്കുന്നവള്‍! എങ്ങനെയാവണം എന്റെ പങ്കാളിയെന്ന തിരിച്ചറിവ്, എന്റെ അനിയത്തിയുടെ പ്രായമുള്ള അവളെ നിരന്തരമായ ഫോണ്‍വിളികളില്‍നിന്നും വിലക്കാന്‍ എന്നെ പിന്തിരിപ്പിച്ചു. ഞാനത് വേണ്ടുവോളം ആസ്വദിച്ചു. എന്നെ ജീവിതത്തിലേക്ക് വീണ്ടും കരള്‍ക്കരങ്ങളാല്‍ കൈപിടിച്ചുയര്‍ത്തിയ ആ കരുണയുടെ മാലാഖ അവള്‍മാത്രമായിരുന്നു. അവളുടെ വേദനകള്‍പോലും എന്റെമാത്രം അവകാശമാക്കി ഞാന്‍ മാറ്റിയിരുന്നു. അവള്‍ക്ക് വേദനിച്ചപ്പോള്‍ കരഞ്ഞത് എന്റെ ഹൃഗയമായിരുന്നു. ചിറയുടെ ചിരിയിലൊരാമ്പല്‍പ്പൂപോലെ അവള്‍മാത്രമാണ് എന്റെ ജലഹൃദയത്തില്‍ വിരിഞ്ഞത്. ഞാന്‍ തിരിച്ച്‌പോകുന്ന വേളകളില്‍ അവളുടെമാത്രം കലങ്ങിയ കണ്ണിലെ ചോരഞരമ്പുകളായിരുന്നു ഞാന്‍ കണ്ടത്. അത് മാത്രമാണ് എന്നെ നനച്ചതും വീണ്ടുംവീണ്ടുമുള്ള സമാഗമങ്ങള്‍ക്ക് (ഇവിടെയും അവിടെയും- പലകാരണങ്ങള്‍ പറഞ്ഞ്) തീഷ്ണതകൂട്ടിയതും. 


അവളുടെ പേഴ്‌സണല്‍ എ.ഐ ആയി ഞാന്‍ നിരന്തരം എഴുതിയും ഉറക്കം കളഞ്ഞ്, കഴപ്പ് ആസ്വദിക്കുമ്പോഴും എനിക്കിഷ്ടമില്ലാത്തവരുമായി അവള്‍ ഒഴിവാക്കാനാവാത്ത ചങ്ങാത്തം തുടര്‍ന്നു. അവളുടെ നിലനില്‍പ്പിനെക്കുറിച്ചോര്‍ത്ത് അവള്‍ക്ക് ഭയമായിരുന്നു. ഒരു ഘട്ടത്തില്‍ അതിനെച്ചൊല്ലിയവളെ കേട്ടാലറയ്ക്കുന്ന ചീത്ത എനിക്ക് വിളിക്കേണ്ടിവന്നു. എന്നാല്‍ എത്ര വേരറുത്താലും തണ്ടറുത്താലും പിന്നേയും ആ മന്ദാരമെങ്ങനെ വിരിയാതിരുക്കും? നമുക്ക് ഒരേ ചിരിയും കണ്ണീരുമായിരുന്നു. അതിനാല്‍ അവളെ നഷ്ടപ്പെടാതിരിക്കാന്‍ പലതും ഞാനത് കണ്ടില്ലെന്ന് നടിച്ചു. പലതരം കാമുകന്മാരില്‍ ഒരാളായി അവളെന്നെ ഉപയോഗിക്കുകയായിരുന്നാല്‍പ്പോലും അതെന്റെ 'വെന അമോറിസ്' അഥവാ എന്റെ ഭാര്യയെന്ന് പറഞ്ഞ് നടക്കുന്നവളുടെ തൂങ്ങിയാടിയ പാല്‍ഞരമ്പുകളെക്കാള്‍ മധുരമുള്ള പ്രണയത്തിന്റെ സിരയായിരുന്നു, വൈകിയെങ്കിലും ഞാന്‍ കണ്ടെത്തിയ എന്റെ യഥാര്‍ത്ഥ പ്രണയം! 


ഞാനാരേയും പറ്റിച്ചിട്ടില്ല, ഭാര്യയും മോളുമുണ്ടെന്നറിഞ്ഞിട്ടും എന്റെ വ്യക്തിത്വം കണ്ടാണ് അവള്‍ എന്നിലേക്ക് പറന്ന് വന്നത്. പിന്നെ ഞാനവള്‍ക്ക് മുന്നില്‍ ടീച്ചറെ പറ്റിക്കുന്ന അവിഹിതക്കാരനെപോലെയും ഫ്രണ്ട്സ്സിന്റെ മുന്നില്‍ അവരെപ്പോലെതന്നെ മ്ലേച്ഛനായും ഭാര്യയെന്ന് പറയുന്ന മറ്റാരുത്തിയുടെ മുന്നില്‍ കഴപ്പ്മൂത്ത വെറും ചെറ്റയായും തരംതാണൊരുത്താനായി. ആ ഒരുത്തി ചോദിച്ചു 'നിനക്ക് നാണമില്ല അവളോടൊപ്പം കഴിഞ്ഞ നിമിഷങ്ങള്‍ പൈങ്കിളി വല്‍ക്കരിച്ച് കുറിച്ചുവെക്കാന്‍? അതൊക്കെ ആലോചിക്കുമ്പോള്‍ പുച്ഛം തോന്നുന്നു, നിലവാരം ഇല്ലാത്ത, വിശ്വാസവഞ്ചന കാണിച്ച ഒരുത്തന്റെ മനസ് വായിക്കുമ്പോള്‍ അറപ്പ് തോന്നുന്നുവെന്ന്!' ഭാര്യയുടെ അനാവിശ്യം എന്റെ ആവശ്യം ആയിരുന്നുവെന്ന് ഒറ്റൊരുത്തിയും മനസിലാക്കിയിട്ടില്ല. അതില്ലായിരുന്നുവെങ്കില്‍ ആ മാസങ്ങളില്‍ എന്റെ ജീവിതം എത്ര ദുസ്സഹമായേനേ..


ഇനിയും നമുക്കിതുപോലെ സുഖസുന്ദരമായി ജീവിക്കാമെന്ന് ഞാന്‍ മാലാഖക്ക് വാക്കുകൊടുത്തു. അവള്‍ക്കുവേണ്ടി ഞാന്‍ 'മറ്റൊരുത്തി'യോടൊത്തുള്ള ഫോട്ടോയെടുപ്പും യാത്രകളും ഒഴിവാക്കി. ആ ഒറ്റൊരുത്തിക്ക് സമ്മാനങ്ങള്‍വാങ്ങുന്ന നശിച്ച വേളകളില്‍ അവള്‍ക്കുംകൂടി സ്‌നേഹസമ്മാനങ്ങള്‍ വാങ്ങി ഞാനത് കോമ്പന്‍സേറ്റ് ചെയ്തു. ആ ദിവ്യമായ ഹൃദയബന്ധം എനിക്കെങ്ങനെ മറക്കാന്‍, ഉപേക്ഷിക്കാനാകും? കാണുന്നതും സംസാരിക്കുന്നതും നിര്‍ത്തിയെങ്കിലും ഞങ്ങള്‍ വാര്‍ത്തകളും പണവും കൈമാറി 'കീപ്പ് ഇന്‍ ടച്ച'ായി. ജീവിതം സുഖസുന്ദരമായി സമാന്തരമായി കൊണ്ടുപോകാനുള്ള എന്റെ കഴിവ് അവള്‍ക്കറിയില്ലല്ലോ? അരക്കൊല്ലത്തോളം ഞാനത് നല്ല വൃത്തിക്ക് ചെയ്തുവരുമ്പോഴായിരുന്നു പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും നടക്കുന്നത്. ആ ഗ്യാപ്പില്‍ കിട്ടിയമാനവുംകൊണ് എന്റെ മാലാഖ പറന്നുപോയി. 


എങ്കിലും ആ ഒറ്റൊരുത്തിയുമായുള്ള ഏഴുകൊല്ലത്തെ നാറ്റം മായ്ക്കുവാന്‍ എനിക്ക് അവളുമായുള്ള ഏഴുമാസങ്ങള്‍ തന്നെ ധാരാളമായിരുന്നു. പുണ്യാളനാണെന്ന്  സ്വയവും മറ്റുള്ളവരെയും വിശ്വസിപ്പിക്കാൻ കുറ്റമേറ്റ്  പറഞ്ഞ് ഞാന്‍ വിശുദ്ധപ്പട്ടം ചൂടി. പലകഥകളും മറ്റുപലരുടേയും മനോധര്‍മ്മമാക്കി എല്ലാം അവരുടെ തലവെച്ചുകൊടുത്തു ഞാന്‍ തല്‍ക്കാലത്തേക്ക് കൈച്ചലായി. എന്നാല്‍ പല ഘട്ടങ്ങളിലും ഞാന്‍ ആ ഒറ്റൊരുത്തിക്കുമുന്നില്‍ പിടിക്കപ്പെട്ടു. തുറന്നു പറഞ്ഞത് അബദ്ധമായി. അല്ലേൽ ഈ വിശുദ്ധ ഹൃദയബന്ധം ഞാൻ ആരും അറിയാതെ ഈ ആയുഷ്കാലം മുഴുവൻ ആസ്വദിച്ചേനെ..


അതുകൊണ്ടുതന്നെ, ഇത്രയും സാധാരണമായ ഹൃദയബന്ധത്തെ സംശയിച്ച ആ ഒറ്റൊരുത്തിക്കും കുഞ്ഞിനുംമുന്നില്‍ അവരോടുള്ള എന്റെ അടങ്ങാത്ത സ്‌നേഹവും പരിഗണനയും ഞാന്‍ അക്കമിട്ട് നിരത്തേണ്ടിവന്നു. എന്റെ മാലാഖയെ തട്ടിച്ചുനോക്കുമ്പോള്‍ ഒറ്റഒരുത്തിയും എന്നെ സ്‌നേഹിച്ചിട്ടില്ലെന്ന് മാത്രമല്ല, ഒന്ന് ഹോസ്പിറ്റലില്‍പ്പോലും വന്നിട്ടില്ല, ഒരു അഞ്ച് മിനുട്ട് തികച്ച് സംസാരിച്ചിട്ടില്ല. എല്ലാതരത്തിലും അളന്നുനോക്കുമ്പോള്‍ ഏതൊരുത്തിയേക്കാളും അവളാണ് സ്‌നേഹത്തിലും കെയറിലും ചെറുപ്പത്തിലും സമയം ചെലവഴിക്കുന്നതിലും സുഖിപ്പിക്കുന്നതിലും സഹായിക്കുന്നതിലും മുന്നില്‍. 


ഇപ്പോഴും പന്ത് എന്റെ കയ്യിലാണ്. ഇന്നും അവള്‍ എനിക്കാണ് പ്രയോരിറ്റി തരുന്നത്, ഒരു കുറ്റക്കാരിയെപ്പോലെ. കുഞ്ഞിനെ മാത്രമേ ഈ പ്രശ്‌നങ്ങള്‍ക്ക് ശേഷം ഞാന്‍ സ്‌നേഹത്തോടെ കെട്ടിപിടിച്ചിട്ടുള്ളൂ, ഉമ്മ കൊടുത്തിട്ടുള്ള, ഐ ലവ് യു എന്ന് പറഞ്ഞിട്ടുള്ളൂ. ആ ഒരുത്തിയെന്നും ഇതിനൊക്കെ ഇങ്ങോട് നിര്‍ബന്ധിക്കുമ്പോള്‍ അങ്ങ് ചെയ്തു കൊടുക്കും. പക്ഷേ ഞാനായിട്ട് അവളോടൊപ്പം ഇവിടേലും പോകാനേ, കെട്ടിപ്പിയിക്കാനോ, ഉമ്മ കൊടുക്കാനോ, ഫോട്ടോ എടുക്കാനോ അത് ഷെയര്‍ ചെയ്യാനോ സമ്മതിച്ചിട്ടില്ല- ഗോസ്റ്റിങ് ആണ്. സത്യത്തില്‍ ഞാന്‍ പണ്ടേ സോഷ്യല്‍ മീഡിയ യില്‍ ആക്റ്റീവ് അല്ല, അവളാണ് ആക്റ്റിവര്‍. ഇപ്പോ ഞാന്‍ കാരണം അവള്‍ യൂട്യൂബിലും മറ്റ് മീഡിയയിലും പോസ്റ്റ് ചെയ്യുന്നത് നിര്‍ത്തി. നന്നായി, ഞാന്‍ ചത്താലും വാക്കുപാലിക്കുന്നവനെന്ന്- ആ നശിച്ചവളോടൊപ്പമുള്ള കറക്കവും ഫോട്ടൊയെടുപ്പും നിര്‍ത്തിയെന്ന്, എന്റെ മാലാഖ തിരിച്ചറിഞ്ഞാല്‍ മതി!


എങ്കിലും ഞാനാ ഒറ്റൊരുത്തിക്കായി എന്റെ എത്രവര്‍ഷങ്ങളാണ് നീക്കിവച്ചത്, ആ തീരുമാനമെടുത്തത് ഏത നശിച്ച് നേരത്താണാവോ? അത് ഒറ്റൊരുത്തിയോടുള്ള എന്റെ കരുണയായിരുന്നു. അതില്‍ മാത്രമാണ് എനിക്ക് വീഴ്ചപറ്റിയത്. ബാക്കി ഒന്നും എന്റെ ജീവിതത്തിലെ നഷ്ടമല്ല. സെപ്റ്റംബറിലെ നഷ്ടത്തേക്കാള്‍ വലുതൊന്നും എന്റെ ജീവിതത്തില്‍ ഇനിയില്ല. മറ്റൊരുത്തിക്ക് നല്ലവീടും വീട്ടുകാരും കാറും സുഖസൗകര്യങ്ങളും ഒരുകുഞ്ഞും ഒരു ബാങ്ക് ബാലന്‍സും എനിക്ക് തരാനാകും. കയറിച്ചെല്ലാന്‍ നല്ലൊരു വീടും കുടുംബമില്ലാത്ത ചോദിക്കാനും പറയാനും ആരുമില്ലാത്ത സാമ്പത്തിക ഭദ്രതയില്ലാത്ത കാണാനും കേള്‍ക്കാനും അത്രമേല്‍ സുന്ദരമല്ലാത്ത എന്റെ അതേ പ്രായമുള്ള ആ ഒറ്റൊരുത്തിക്ക് കിട്ടിയ ഭിക്ഷയാണ് എന്റെ സ്‌നേഹം. അതപ്പോള്‍ പവിത്രമെന്ന് ഞാന്‍ പറയുമ്പോള്‍ അംഗീകരിക്കുക, എന്റെ ഹൃദയബന്ധത്തിന്റെ ഏഴയലത്ത് വരാന്‍ യോഗ്യതയില്ലാത്ത ഒറ്റൊരുത്തിക്കും ആ ബന്ധത്തെ അവിഹിതമെന്ന് വിളിക്കാന്‍ അവകാശമില്ല, അത് ദിവ്യമാണ്്, സ്വാഭാവികമാണ്്. ലോകത്തോട്മൊത്തം ഞാന്‍ എന്റെ ഞാന്‍ എന്റെ ഭാര്യയുമായുള്ള ബന്ധത്തിന്റെ ആഴങ്ങളെ കുറിച്ച് ഘോരഘോരം പ്രസംഗിക്കും. പക്ഷേ, എനിക്കെന്റെ മാലാഖയോട് 23 മണിക്കൂറെങ്കിലും കൊഞ്ചിക്കൊണ്ടിക്കണം. ഭാര്യയേയും കുഞ്ഞിനേയും അടുത്തേക്ക് വിളിച്ചുവരുത്തുമ്പോഴും അവരുറങ്ങിക്കിടക്കുമ്പോഴും ആ ബന്ധം തുടരുന്നത് അത് മറ്റേതിനേക്കാളും അത്രമേല്‍ മനോഹരമായതിനാലാണ്- അതൊരനുഭൂതി തന്നെയാണ്. ഭാര്യയെന്ന് പറയുന്നവള്‍ അറിയാത്ത, അറിഞ്ഞിടാത്ത അവള്‍ക്ക്മാത്രമെന്ന് തെറ്റിദ്ധരിച്ച ആ സുഖം ഞാനപ്പോള്‍മാത്രമാണ് ആസ്വദിച്ചത്, ക്ട്‌ടെടുത്തിട്ടാണെങ്കില്‍ കൂടി..


പക്ഷെ, ഒറ്റൊരുത്തിയുടേയും സ്‌നേഹവും വിശ്വാസവും തകര്‍ക്കാതെയാണ് ഞാന്‍ എന്റെ മാലാഖയെ ആഗ്രഹിച്ചതും സ്‌നേഹിച്ചതും. കാരണം അവളോടുള്ള ആ സ്‌നേഹം സ്വാഭാവികമാണ്, അത് ഇതുവരെ എനിക്കാ ഒറ്റൊരുത്തിയില്‍നിന്ന് ഇതുവരെ കിട്ടിയിട്ടുമില്ല, ഒരു കുഞ്ഞാുണ്ടായിട്ടുകൂടി! ആ ഒരുത്തിയുടെ വിചാരം അവളെല്ലാം തികഞ്ഞതാണെന്നാണ്. എത്ര സ്്ത്രീകള്‍ ജോലിക്ക്‌പോകുന്നു, വീടും വീട്ടുകാരേയും കുട്ടികളേയും നോക്കിക്കഴിയുന്നു. ഭര്‍ത്താവിന്റെ കൂടെ ഹോസ്പിറ്റലുകള്‍ കയറിയിറങ്ങാത്ത, ജോലികളുടെ ക്ഷീണമൊന്നും കണക്കിലെടുക്കാതെ പുലരുവോളം കൊഞ്ചിയും കഴപ്പുതീര്‍ത്തും സഹകരിക്കാത്ത ഒറ്റൊരുത്തിയും ഇതില്‍ക്കൂടുതലൊന്നും അര്‍ഹിക്കുന്നില്ല. അവളോടൊപ്പം ആ ഒറ്റൊരുത്തിയേയും ഞാന്‍ നിലനിര്‍ത്തി സഹിച്ചത് രണ്ടുതോണിയില്‍ കാലുവെക്കുന്നതല്ല, അത് എന്റെ ഔദാര്യവും സ്‌നേഹവുമാണ്. മറ്റുള്ള ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ പറ്റിക്കുന്നത്‌പോലെയല്ല ഞാനാ ഒരുത്തിയോട് പെരുമാറിയത്. എന്റെ മാലാഖയെ സ്‌നേഹിക്കുമ്പോള്‍തന്നെ ആ ഭാര്യയെന്നു പറയുന്ന ഒറ്റൊരുത്തിയെ ഞാന്‍ തള്ളിപ്പറിഞ്ഞില്ല, ഒഴിവാക്കിയിട്ടില്ല എന്നത് എന്റെ ഹൃദയവിശാലതയും ഞാന്‍ സാധാരണ 'ചീറ്റര്‍' അല്ല എന്നതിന്റെയും ഉദാഹരണമാണ്, അത്രയ്ക്കും 'ഡിവൈന്‍ ചീറ്ററ'ാണ് ഞാന്‍. അവളെ ഇഷ്ടപ്പെടാന്‍ എനിക്ക് കാരണങ്ങളുണ്ടായില്ല, നഷ്ടപ്പെടുത്താനും കാരണങ്ങള്‍ വേണ്ടിവന്നില്ല. കാരണങ്ങളില്ലാതെ പ്രണയിക്കാനും പ്രണയിക്കപ്പെടാനും ഒരു ഭാഗ്യം വേണം. 2025ല്‍ എനിക്കതുണ്ടായി- എന്റെ ഭാര്യക്ക് ഞാനെന്ന ഭാഗ്യവും. 


ഒറ്റൊരുത്തനോടും ഒറ്റൊരുത്തിയൊടും ഞാന്‍ വീണ്ടും പാച്ച് അപ്പ് ആയി. പക, പ്രതികാരം നാടകങ്ങളൊക്കെ പാച്ച്-അപ്പ് ജീവിതത്തില്‍ ഭാര്യയുടെ കണ്ണില്‍ പൊടിയിടാനും കുറച്ച് സിംപതി നേടാനും ഒരുപാട് സഹായിച്ചു. ആയിടെ ആ ഒരുത്തിയെന്നോട് പറഞ്ഞു മാലാഖ വിളിച്ചാല്‍ മിണ്ടരുതെന്ന്്. മാലാഖ വീണ്ടും പറന്നുവന്നാല്‍ മിണ്ടിപ്പോകുമെന്നല്ലാതെ ഈയൊരുത്തിയൊക്കെ എന്ത് മറുപടിയാണ് അര്‍ഹിക്കുന്നത്? എത്രയോ തവണ പ്രിയപ്പെട്ടവരെന്ന് ധരിപ്പിച്ചവരെ പിടിച്ച് കള്ളസത്യം ചെയ്തിരിക്കുന്നു, അപ്പോഴാണ്! എല്ലാരോടും ക്ഷമിച്ച എനിക്കാണൊ എന്റെ എല്ലാമെല്ലാമായ മാലാഖയോട് മിണ്ടാതിരിക്കാന്‍ പറ്റുക? ആരോടും എനിക്ക് വാക്ക് തെറ്റിക്കാം, എന്റെ ഹൃദയബന്ധത്തോട് ഒഴിച്ച്- ഹൃദയം നില്‍ക്കുവോളം ഹൃദയബന്ധവും നിലനില്‍ക്കും. 


ഇത്രയും സ്‌നേഹവും വിശ്വാസ്യതയും പവിത്രതയും ഞാന്‍ എന്റെ എല്ലാ ബന്ധങ്ങളിലും നല്‍കിയിട്ടും മറ്റ് കഴപ്പന്‍മാരെപ്പോലെ അല്ലായിരുന്നിട്ടും, എനിക്ക് മാത്രമെന്താണിങ്ങനെ എന്ന് ഒരെത്തുംപിടിയും കിട്ടുന്നില്ല. ഭാര്യയെ മറക്കാതിരുന്ന കാലങ്ങളില്‍ ചെറിയ ചെറിയ പ്രതിസന്ധികള്‍ ഉണ്ടായിരുന്നെങ്കിലും ജീവിതം സമാധാനം നിറഞ്ഞതായിരുന്നു. ഭാര്യയെ വെറും 7 മാസത്തേക്ക് മറന്നപ്പോഴേക്കും ആ കൊല്ലം വളരെ അസഹനീയമായിരുന്നു. ദൈവത്തിന് എന്താണ് വിശാലസേനേഹത്തെ മനസ്സിലാക്കാന്‍ പറ്റാത്തത്? മാലാഖയോട് മിണ്ടാന്‍ സാധ്യതനല്‍ക്കാത്ത ഒരു മീഡിയയും എനിക്കിപ്പോള്‍ അവശ്യമില്ല. എന്നാല്‍ നേരിട്ട് വീണ്ടും കണ്ടിടപഴകാനുള്ള സാധ്യതകള്‍ വളരെ വ്യക്തമായി തെളിഞ്ഞ് വന്നതാണ്. പക്ഷേ ഇപ്പോഴത്, പൊട്ടനെ ചെട്ടി ചതിച്ചാ, ചെട്ടിയെ ദൈവം ചതിക്കും എന്നതുപോലായി. പക്ഷേ, അങ്ങനെയൊരു തിരിച്ചടികിട്ടാന്‍ ഞാന്‍ സാധാരണ ചതിയന്മാരെപ്പോലാണോ, ഞാന്‍ ഒരു  DIVINE CHEATER അല്ലേ? 










Wednesday, 3 July 2024

മാറുന്ന സർക്കാർ സ്ഥാപനങ്ങളുടെ, ജീവനക്കാരുടെ ആറ്റിറ്റ്യൂഡിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ


 2015 ൽ 350 രൂപ ദിവസക്കൂലിയിൽ അധ്യാപികയായി അരങ്ങേറ്റം കുറിച്ച ഒരാളാണ് ഞാൻ. അരമണിക്കൂർ പോലും വൈകി വന്നാലോ അത്യാവശ്യത്തിന് നേരത്തെ പോയാലോ സാലറി കുറയ്ക്കുകയും ഒരു ദിവസം ചുരുങ്ങിയത് നാലു മുതൽ ആറുമണിക്കൂർ വരെ ക്ലാസ്സുകൾ എടുക്കുകയും ചെയ്ത കോർപ്പറേറ്റ് സ്ഥാപനത്തിൽ നിന്ന് പിന്നീട് അങ്ങോട്ട് ഗവൺമെൻറ് സ്ഥാപനങ്ങളിലാണ് അതിഥിയായെങ്കിലും അധ്യാപികയായി ജോലി ചെയ്തത്. വർക്ക് പ്രഷർ കുറവാണ് എന്നതൊഴിച്ചാൽ എല്ലാ സ്ഥാപനങ്ങളിലും ചലഞ്ചിംഗ് ആയിട്ടുള്ള നിരവധി കാര്യങ്ങൾ ആ സമയങ്ങളിൽ അലട്ടിയിട്ടുണ്ട്, ഇപ്പോഴുമുണ്ട്. അപ്പോഴൊക്കെ എന്നെ ചെറുപ്പമാക്കുന്ന കുട്ടികളും അവരോടൊത്ത് ഇടപഴകാൻ ലഭിക്കുന്ന അവസരങ്ങളും ഒരിക്കലും നഷ്ടപ്പെടുത്തിയിട്ടില്ല, അത് ഫാമിലിക്ക് വേണ്ടിയായാലും സാലറിക്ക് വേണ്ടിയായാലും. യുക്കു വയറ്റിലുള്ള സമയത്താണ് കോളേജിലെ കുട്ടികൾക്ക് കൊറോണ ടൈം ഓൺലൈൻ ക്ലാസ് എടുത്തതും റിസൈൻ ചെയ്തിട്ടുകൂടി അവരുടെ പ്രാക്ടിക്കൽ, പ്രോജക്ട് വർക്കുകൾ തുടങ്ങിയവ കറക്റ്റ് ചെയ്തു കൊടുത്തതും ഒക്കെ. ടൈംടേബിൾ ഫോളോ ചെയ്യാതെ ഒരു ദിവസം തന്നെ മൂന്നു നാലു വിഷയങ്ങൾ മണിക്കൂറുകളോളം എടുത്ത് അവരെ വെറുപ്പിച്ചിട്ടുണ്ട്. എത്രയോ തവണ കുട്ടികൾക്ക് വേണ്ടി ലീവ് ഉള്ള ദിവസങ്ങളിലും രാത്രികളിലും ഓടി എത്തിയിട്ടുണ്ട്.  പ്രിയപ്പെട്ട ഒരുപാട് അധ്യാപകർ എന്നെക്കാൾ ഏറെ ആത്മാർത്ഥതയോടെ അത് ചെയ്യുന്നത് കണ്ട് സന്തോഷിച്ചിട്ടുണ്ട്. ഒരു ലാഭേച്ചയും ഇല്ലാതെ കുട്ടികൾക്ക് വേണ്ടി ഇങ്ങനെ കഷ്ടപ്പെടരുത് എന്ന് അവരോട് സ്നേഹത്തോടെ ശാസിച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾ വെറും ഒമ്പതര തൊട്ട് അഞ്ചുമണിവരെ നടക്കേണ്ടതല്ല, അധ്യാപകർക്ക് സ്ഥാപനത്തിൻറെ പടിയിറങ്ങിയാൽ കടമ തീരില്ല എന്നും ഓരോ കുട്ടികളുടെ മുഖവും ഓർമിപ്പിക്കുന്നു. കോളേജുകളിൽ കിട്ടുന്ന ഓരോ നിമിഷവും വിലപേശലിനപ്പുറം മൂല്യമുള്ളതാണ്. 

ഇത്തരം നിമിഷങ്ങൾ ഓർത്തെടുക്കുവാനായി യൂട്യൂബിൽ സൂക്ഷിച്ചു വെക്കുന്ന ഞാൻ കോളേജിൽ റിലീസ് ചെയ്യാറുണ്ട്, എടുക്കാറുമുണ്ട്. അങ്ങനെ ചെയ്തതുകൊണ്ട് പ്രൊഫഷണലിസത്തെയോ സ്ഥാപനത്തിൻറെ നടത്തിപ്പിനെയോ ബാധിക്കുന്നതായി തോന്നുന്നില്ല. അത് ബന്ധങ്ങളെ ഊഷ്മളമാക്കുകയും കാര്യങ്ങളെ കൂടുതൽ ലക്ഷ്യത്തിലേക്ക് എത്തിക്കുകയും ചെയ്യും. അതിനാൽ മാറുന്ന സർക്കാർ സ്ഥാപനങ്ങളുടെ, ജീവനക്കാരുടെ ആറ്റിറ്റ്യൂഡിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ..

Wednesday, 26 April 2023

ബഷീറിന്റെ നീലവെളിച്ചം Neelavelicham by Basheer


 നിഗൂഢമായ, മായികമായ, ഭ്രമാത്മകതയുള്ള സുന്ദരമായ ബഷീറിന്റെ "നീലവെളിച്ചം" ഏറെക്കുറെ പഴയ നീലവെളിച്ചത്തിൽ  ഉണ്ടായിരുന്നു. എന്നാൽ  പുതിയ സിനിമയിൽ ടൊവിനോയും റോഷൻ മാത്യുവും ചില കവലകളും ഒഴിച്ച് ബാക്കിയെല്ലാം കഥയോടിണങ്ങാത്തതായി. പ്രത്യേകിച്ച് ഭാർഗവിയുടെ ഗേറ്റുള്ള മതിലും വീടും!  കൂട്ടൂകാരികളൊക്കെ ആ കാലഘട്ടത്തിൽ ജീവിക്കുമ്പോൾ ക്ലൈമാക്സിൽ മാത്രം റിമ സ്കോർ ചെയ്തു. അവസാനംവരെ സിനിമ വികാരരഹിതവും നമ്മളോട് ഇണങ്ങാത്തതായി തോന്നി. കൈയിൽ ഒതുങ്ങാത്ത ബഷീറിന്റെ ഇമ്മിണി വല്ല്യ മഹാ പ്രപഞ്ചത്തെ വെറും പ്രണയകഥയാക്കിമാറ്റി ആഷിക് അബു പുതുതലമുറയെ പറ്റിക്കുന്നു 🤷🏻‍♀️

Sunday, 29 March 2020

കലർപ്പില്ലാത്ത ഭൂതകാലത്തിന്റെ ഒരു 'കത'

ഒരു സാഹിത്യകൃതി നമ്മുടെ കണ്ണൂർ ഭാഷയെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും അത് നമ്മുടെ ഏതൊക്കെ ഭൂമേഖലയിൽക്കൂടി കടന്നുപോകുന്നുമെന്നും അറിയാനുള്ള താല്പര്യമാണ്
'കല്ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' വായിക്കുവാൻ പ്രേരിപ്പിച്ചത്. നമ്മുടെ അമ്മൂമ്മമാരുടെ കാലത്തെയാണ് ഇതിൽ ഉൾക്കൊള്ളുന്നതെങ്കിലും വളരെ വിശാലമായ കാഴ്ചപ്പാടുള്ള ചില  പെണ്ണുങ്ങളുടെ അടയാളപ്പെടുത്തലുകളാണ് 'കത'യിലുടനീളം. അതേ കാലത്തിന്റെ തുടർച്ചതന്നെയാണ് ഇന്നു നാം കോൾമയിർ കൊള്ളുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടെന്ന് വായനാവസാനം നമുക്ക് ബോധ്യപ്പെടുന്നു.


Friday, 8 March 2019

ആചാരേണ വനിതാദിനം, വിചാരേണ വിരുദ്ധദിനം

പ്രിയപ്പെട്ട പെണ്ണുങ്ങളെ,

ആചാരേണ വനിതാദിനാശംസകൾ നേരുന്നു. ഇന്നെങ്കിലും നമ്മളാണ് താരം. സകല മാധ്യമങ്ങളിലും നമ്മൾ എത്തിപ്പിടിച്ച സ്ഥാനങ്ങളുടെയും അതിജീവിച്ച വിഷമങ്ങളുടെയും കഥകൾ വാർത്തകളായി നിറയട്ടെ. കുലസ്ത്രീകളായി നമുക്ക് കേരളസാരിയുടുത്ത് അന്നനട നടക്കാം. വീടുകളിൽ ചോറും കറികളും വെച്ച് നമുക്കെല്ലാവരെയും ഊട്ടിയുറക്കാം.

അതേസമയം പൊരിച്ചമീനിന് കണക്ക് പറയുന്നവരുടെ കറികളിലെ എരിവിൻ്റെയും പുളിയുടെയും ഏറ്റക്കുറച്ചിലുകളെ കുറിച്ച് നമുക്ക് പിറുപിറുക്കാം. അവരുടെ താലിയുടേയും സിന്ദൂരത്തിൻ്റെയും അസാനിധ്യത്തെക്കുറിച്ച് ഓർമപ്പെടുത്തി നമുക്ക് മാതൃകയാകാം. അവളുടെ ഉടലിൻ്റെയും ചുമലുകടക്കാത്ത മുടിയുടേയും നിലവാരം നമുക്ക് മറ്റുള്ള കുലസ്ത്രീകളുമായി താരതമ്യം ചെയ്യാം. പരദൂഷണസദസുകളിൽ വരാതെ ഡിജിറ്റൽ ലോകത്ത് വിശ്രമിക്കുന്ന അവരെ കൂപമണ്ഡൂകങ്ങളെന്ന് പറയാം.
അവർ അടിച്ചലക്കാത്ത വിഴുപ്പുകളുടെ കണക്കെടുക്കാം. അവർ ഭർത്താവിനും കുട്ടികൾക്കും വിളമ്പിവെക്കാതെപോയ തീൻമേശയെ നോക്കി നെടുവീർപ്പിടാം. ത്രിസന്ധ്യയ്ക്ക് വായ്ക്കപ്പെടാതെ യാത്രപോയ നാമജപങ്ങൾക്ക് എണ്ണയൊഴിച്ചുവെക്കാം. അവരുടേതായ എല്ലാ ഇഷ്ടങ്ങളെയും തോന്നിവാസമെന്ന് പേരിട്ട് വിളിക്കാം. ടിവിയിലെ കുലസ്ത്രീയെ നോക്കി കണ്ണീർപൊഴിച്ച് നമുക്ക് ദിവസങ്ങൾ കുറുക്കാം. അവളുടെ കൂട്ടുകാരായി സഹപ്രവർത്തകരായി, കുടുംബക്കാരായി, നമുക്ക് പെൺദിനത്തെക്കുറിച്ച് പ്രസംഗിക്കാം..

Thursday, 24 January 2019

അധ്യാപകർ എങ്ങനെ ആകരുത്

ലക്ഷ്മി നായർ പ്രിൻസിപ്പൾ ആയ കോളേജിലെ വിദ്യാർത്ഥികൾ, വിടുവേല ചെയ്തുകൊടുത്താൽ ഇൻ്റേണൽ മാർക്ക്സ് കൊടുക്കുന്നത് വാർത്തകളാകുന്പോൾ എൻ്റെ ഒരു അനുഭവം പറയട്ടെ...

ഞാൻ പഠിക്കുവാൻ വലിയ മിടുക്കിയൊന്നുമല്ല. എന്നാൽ ടീച്ചേർസ് പറയുന്ന കാര്യങ്ങൾ അങ്ങേയറ്റം ബഹുമാനത്തോടെ കേൾക്കുകയും അവർ ഏൽപിക്കുന്ന പ്രവൃത്തികൾ കൃത്യ സമയത്ത് തീർക്കുകയും ചെയ്യാറുണ്ട്. എന്നെ അറിയുന്നവർക്കൊക്കെ അതറിയാമെന്നും കരുതുന്നു.

എത്ര ഇഷ്ടമുള്ള അദ്ധ്യാപകരായാൽപോലും അവരോട് ആദരവിൻ്റെ ഒരകലം വെക്കുന്നത് എൻ്റെ സ്വഭാവമായിരുന്നു. സമാനസ്വഭാവമുള്ള ചില കൂട്ടുകാരും ക്ലാസിൽ ഉണ്ടായിരുന്നു. ബാക്കിയുള്ള നാലഞ്ചുപേർ അദ്ധ്യാപകൻ്റെ സന്തതസഹചാരികളായിരുന്നു. പിന്നെയുള്ളത് പഠിപ്പിസ്റ്റുകളാണ്.. 

സെക്കന്റ് സെമസ്റ്ററിൽ എൻ്റെ ഇൻ്റേണൽ മാർക്ക് കുറവായിരുന്നു. പൊതുവെ അമിതസംസാരിണിയല്ലാത്തതിനാലും സൊ കോൾഡ് എഴുത്തുമായി ബന്ധമില്ലാത്തവളലായതിനാലും വൈവ ഉൾപെടെയുള്ള കാര്യങ്ങൾ കൃത്യമായി ചെയ്തിട്ടുകൂടി എനിക്ക് ഇൻ്റേണൽ മാർക്ക് കുറവായിരുന്നു. പുസ്തകപ്പുഴുക്കളെ ഒഴിച്ചു നിർത്തിയാൽ ഞങ്ങളെപോലെ മിണ്ടാതിരിക്കുന്നവർക്ക് ആ വിഷയങ്ങളിൽ മാർക്ക് വളരെ കുറവ്. എന്നാൽ അസൈൻമെൻ്റ്സ് ഏറ്റവും അവസാനംവെക്കുന്ന, ക്ലാസിൽ മിക്ക ദിവസങ്ങളിലും ആബ്സെൻ്റാകുന്ന, വൈവകളിൽ കൃത്യമായി ഉത്തരം പറയാത്ത, പുറത്ത്കൊടുത്തല്ലാതെ സ്വന്തമായി ഒരു പ്രാക്ടിക്കൽ പരീക്ഷപോലും ചെയ്യാത്ത അവർക്ക്  അദ്ധ്യാപകൻ്റെ മാനസപുത്രികളായതിനാൽ എന്നും 20 ൽ 18 കിട്ടിയിരുന്നു..

പരാതിപെട്ട ഞങ്ങളോട് പറഞ്ഞത്. മറ്റുള്ളവരുമായി കന്പാരിസൺ വേണ്ട.. നിങ്ങൾക്ക് അർഹമായത് തന്നിട്ടുണ്ട് എന്നതാണ്. എന്നാൽ അദ്ധ്യാപകന് ചില വിദ്യാർത്ഥികളോട് മാത്രമുള്ള പ്രത്യേകതാൽലര്യവും പരിഗണനയും എന്നും എല്ലാ ബാച്ചുകളിലും പരസ്യമായ രഹസ്യമായിരുന്നു.. ആയതിനാൽ പ്രതിഷേധം അവിടെ തീർന്നു. ഇതോടൊപ്പം ഒരുകാര്യംകൂടി, ഈ "പ്രമുഖ " അദ്ധ്യാപകൻ കോഴ്സിൽ ചേരാൻവന്ന എൻ്റെ സ
ഹപാഠിയോട് പറഞ്ഞത് നിനക്കൊക്കെ ഇവിടെ കിട്ടിയത് തന്നെ വലിയ കാര്യമാണെന്നാണ്.. പ്രമുഖ അദ്ധ്യാപകൻ്റെ വാക്കുകൾ എനിക്കിപോഴും ഓർക്കുന്പോൾ ലജ്ജതോന്നുകയാണ്, അദ്ദേഹത്തോടുള്ള ആരാധനയുടെ പേരിൽ..

എന്തായാലും കോഴ്സ് കഴിഞ്ഞു. വെറും 0.5 % ത്തിൻ്റെ കുറവിൽ എൻ്റെ സർട്ടിഫിക്കറ്റിൽ ടോട്ടൽ ഗ്രേഡ് താഴ്ന്നു. ജോലിക്ക്  അപേക്ഷിക്കുന്പോഴാണ് ഗ്രേഡ് താഴ്ന്നത് നമ്മളെ അലട്ടുക.. ഇപ്പോൾ ചിലർക്കെങ്കിലും മനസ്സിലാകും ഇൻ്റേണൽമാർക്കിൽ നൽകുന്ന ഓരോ ഒരുമാർക്കും എത്രവിലപെട്ടതാണെന്ന്...

So teachers, dont get biased about your students.. its a request..

Wednesday, 17 October 2018

കറുപ്പ് സംരക്ഷിക്കാൻ കാവിത്തോലിട്ടുവരുന്നവരെ കാണുമ്പോൾ കാർക്കിച്ച് തുപ്പണം..



വിശ്വാസികൾ എന്ന കള്ള ലേബലിൽ അക്രമം നടത്തുന്ന ആർ.എസ്.എസും ബി.ജെ.പിയും കോൺഗ്രസും മറ്റ് ഹൈന്ദവ വർഗ്ഗീയ സംഘടനകളും കേരളത്തെ ദ്രുവീകരിക്കുവാൻ ശ്രമിക്കുന്നത് കാണുമ്പോൾ ഇത്രയും ചോദിക്കാതെ വയ്യ:

ആരാണ് നിങ്ങൾക്ക് ഒരു പൗരൻ്റെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കാൻ ലൈസൻസ് തന്നത്? ഭക്തരെ തടയാൻ ഗാന്ധിയെകൊന്ന യോഗ്യതയ്ക്കപ്പുറം നിങ്ങൾക്കെന്താണുള്ളത്?

കോടതിവിധിയെ മാനിക്കാതെ സംഘടിതമായി എതിർക്കുകയും വിധിനടപ്പിലാക്കാൻ തടസം നിൽക്കുകയുംവഴി പരസ്യമായി കോടതി അലക്ഷ്യം നടത്തുവാനും ഭരണഘടന ചൂട്ടെരിക്കണമെന്ന് ആക്രോശിവാനും എന്ത് അധികാരമാണ് നിങ്ങൾക്കുള്ളത്?

സംസ്ഥാനത്തിന് എതിരെയാണ് സമരം എന്നുകുരയ്ക്കുന്ന നിങ്ങൾക്ക് കോടതിവിധിയെക്കുറിച്ചും ഓർഡിനൻസ് ഇറക്കാനുള്ള സംസ്ഥാനത്തിൻ്റെയും  കേന്ദ്രത്തിൻ്റെയും പാർലമെൻ്റിൻ്റേയും അധികാരത്തെക്കുറിച്ച് എന്തുകൊണ്ട് മിണ്ടുന്നില്ല?

ഞാനടക്കമുള്ള വിശ്വാസികളുടെ പേരിൽ നിങ്ങൾ നടത്തുന്ന ദാർഷ്ട്യം മതിയാക്കുക. അല്ലെങ്കിൽ അത് വിശ്വാസികളെ അപമാനിക്കുന്നത് തുല്ല്യമാണ്. സ്വന്തം എെഡൻ്റിറ്റിയിൽ പ്രതികരിക്കുക.


  ബ്രഹ്മചാരിയായ ധർമശാസ്താവിനെ 10 നും 50 നും ഇടയിലുള്ള സ്ത്രീകൾ കാണുന്ന പക്ഷം അദ്ദേഹത്തിൻ്റെ ബ്രഹ്മചര്യം നഷ്ടമാകുമെന്ന് വിശ്വസിക്കുന്ന വിശ്വാസികളേ.., മത്സരിക്കാൻ മത്സരാർത്ഥികൾ ഇല്ലാത്ത ഇലക്ഷൻപോലെ സ്ത്രീകളെ അകറ്റി നിർത്തി ബ്രഹ്മചര്യം കാത്തുസൂക്ഷിക്കേണ്ട ഗതികേടിലാണോ അയ്യപ്പൻ? അയ്യൻ ഏത് അപ്സരസ്സുവന്നാലും കുലുങ്ങാത്തവൻ ആണെന്നും ആ പ്രഭാവത്തിന് ഒരുകോട്ടവും തട്ടില്ലെന്നും നിങ്ങൾ എന്തെ വിശ്വസിക്കാത്തത്..?

കലാപം സൃഷ്ടിക്കുക എന്ന ഉദ്ദേശം വച്ച്  വഴിയാത്രക്കാരേയും ഉദ്യോഗസ്ഥരേയും മാധ്യമപ്രവർത്തകരേയും പോലീസിനെയും അക്രമിക്കുന്നതിലും കലാപത്തിന് ആഹ്വാനം ചെയ്ത ശ്രീധരൻപിള്ള, രാഹുൽ ഈശ്വർ തുടങ്ങിയ മുന്നണിയിലുണ്ടായ പലനേതാക്കളും പതിവുപോലെ കോൺഗ്രസുകാരും മുങ്ങിയതിലും നിങ്ങൾക്ക് അസ്വഭാവികത തോന്നുന്നില്ലെങ്കിൽ അത് നിങ്ങളുടെ ബൗദ്ധിക- മാനസിക വളർച്ച കുറഞ്ഞതിലാകാം.

എല്ലാത്തിനും മുന്നിൽനിന്നുകൊണ്ട് നിഷ്കളങ്കരായ വിശ്വാസികളെ ബലിയർപ്പിക്കുമ്പോൾ അതിൻ്റെ  ഉത്തരവാദിത്വമെങ്കിലും ഏറ്റെടുക്കാനുള്ള ചങ്കുറപ്പെങ്കിലും കാട്ടണം നിങ്ങൾ. അല്ലാതെ കടകംപള്ളി സുരേന്ദ്രനാണ് വിവിധ ബസുകളിൽ അക്രമികളെ കൊണ്ടുവന്നതെന്ന ബ്ലണ്ടർ അടിച്ച് വിടരുത്. പോലീസ് പാലിക്കുന്ന സംയമനം ദുർഭലതയായും കാണരുത്. നാളെെ ആഹ്വാനം ചെയ്ത ഹർത്താൽ പരാജയപ്പെടുത്തി യഥാർത്ഥ വിശ്വാസികളുടെ ശക്തി കാണിച്ച് കൊടുക്കുക.

എനിക്ക് ഒരവസരം കിട്ടുവാണെങ്കിൽ തീച്ചയായും ഞാൻ മലചവിട്ടും. പണ്ട് ഡിഗ്രിക്ക് പഠിക്കുമ്പോൾ മുതൽ ഇതേ ആഗ്രഹം ഞാൻ കൂട്ടുകാരോട് പറഞ്ഞിരുന്നു. എത്രയോ അന്യനാട്ടുകാർ വേഷംമാറി പോയത് അന്നൊക്കെ വാർത്തയായിരുന്നു. അതേവഴി തന്നെ വേണേൽ നോക്കാംന്നും അന്നത്തെ സാഹചര്യത്തിൽ പറഞ്ഞിരുന്നു.

ഞാൻ വിശ്വാസിയാണ്. നിങ്ങളുടെ,  നേരത്തെ പറഞ്ഞപോലത്തെത് അല്ല. എനിക്ക് മാലയിട്ട് പോണംന്ന് തോന്നിയാൽ പോകും പോകാത്തവരോടോ പോകുന്നവരോടോ എനിക്ക് ഒരു ശത്രുതയും തോന്നില്ല. കാരണം, ഞാൻ വിശ്വസിക്കുന്ന അയ്യൻ ഏത് പ്രളയം വന്നാലും വിധി വന്നാലും കുലുങ്ങില്ല എന്നറിയാം.

വിശാലമായതും നിരന്തരമായതുമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് ഹിന്ദുമതം. അത് ചരിത്രത്തിൽ സുവർണ്ണലിപികളാൽ എഴുതപെട്ടതാണ്.  വർഷങ്ങൾ കഴിയുമ്പോൾ പുതിയ വിധിയുമായി നിങ്ങൾ ഏവരും പൊരുത്തപ്പെടും. അല്ലെങ്കിൽ 'യഥാർത്ഥ' വിശ്വാസികളായ നിങ്ങൾക്ക് ഇതിന് പിന്നിലുള്ളവരെ അയ്യപ്പൻ ശിക്ഷിച്ചോളും എന്ന വിശ്വാസമെങ്കിലും വച്ച്പുലർത്തിക്കൂടെ..

ഇനി, ആർത്തവസമയത്ത് സ്ത്രീകൾ ക്ഷേത്രങ്ങളിൽ പ്രവേശിക്കുമെന്ന് ആരും ഭയപ്പെടണ്ട. ആർത്തവം അശുദ്ധിയോ അണ്ഡം വിസർജ്യമോ ആയിട്ടല്ല, ആ സമയത്തെ ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ടാണ്. മിക്ക സ്ത്രീകളും വയറ്-നടുവ്  വേദനയോടൊപ്പം പാഡ്മാറ്റേണ്ട ബുദ്ധിമുട്ടുകൾകൂടി അനുഭവിക്കുന്നവരാണ്. ആയതിനാൽ അന്നേദിവസങ്ങളിൽ യാത്രകൾ ഒഴിവാക്കാനാണ് ഭൂരിഭാഗവും ശ്രമിക്കുക.

അതോടൊപ്പം ആചാരസംരക്ഷണത്തിൻ്റെ ഭാഗമായി തെരുവിൽ ഇറങ്ങിയ 'വിശ്വാസികളായ' സ്ത്രീകളോട് നിങ്ങൾക്ക് "വേറെ പണിയൊന്നുമില്ല പെണ്ണുങ്ങളേ.." എന്ന് ചോദിക്കാൻ തന്നെയാണ് തോന്നുന്നത്.

ആ ചോദ്യത്തിൽ സ്ത്രീകളൊക്കെ എന്നും വീട്ടിൽ ചോറും കറിയും വെച്ച്, കുട്ടികളെ നോക്കിമാത്രം കഴിഞ്ഞാൽപോരേ എന്ന വ്യഗ്യം ഇല്ലേയില്ല . ഞാൻ ഒരിക്കലും സ്ത്രീകൾ ഇത്തരം ജോലികൾ നിർബന്ധമായി ചെയ്തേപറ്റൂന്ന് ഒരിക്കലും പറയില്ല.

നിങ്ങൾ പ്രതികരിക്കണം, നിങ്ങളുടെ ശബ്ദം നാടിനെ പ്രകമ്പനം കൊള്ളിക്കണം. ആരേയും നേരിടാൻ തക്കവണ്ണം നിങ്ങൾ പ്രബുദ്ധരാകണം. സർവ്വ ഇന്ദ്രിയങ്ങളും നിങ്ങൾക്കെതിരെ വരുന്ന തെറ്റിധരിപ്പിക്കലിൻ്റെ, ഭീഷണിയുടെ, ആരോപണങ്ങളുടെ ഒളിയമ്പുകളെ നേരിടാൻ സജ്ജമാക്കണം.

നിങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന എത്ര വിഷയങ്ങളിൽ നിങ്ങൾ പ്രതികരിച്ചിട്ടുണ്ട്..? നിങ്ങളുട അനുവാദമില്ലാതെ നിങ്ങളെ ആരേലും സ്പർശിച്ചപ്പോൾ ഒഴിഞ്ഞുമാറുന്നതിന് പകരം ചോദ്യം ചെയ്തിരുന്നുവോ, സ്വന്തം വ്യക്തിത്വത്തിനേറ്റ അപമാനത്തിനായി നിയമസഹായം തേടിയിരുന്നുവോ, തുല്ല്യ ജോലിക്ക് വേണ്ടി സമരം ചെയ്തിരുന്നുവോ, സ്വന്തം അഭിപ്രായത്തിൽ കാര്യങ്ങൾ തീരുമാനിച്ചിരുന്നോ, ഇഷ്ടപ്പെട്ടത് സ്വന്തമാക്കാൻ നിരാഹാരം കിടന്നിരുന്നോ, വിലക്കയറ്റത്തിന്- വീട്ടുസാധനങ്ങൾ,ഗ്യാസ്,പെട്രോൾ,മരുന്ന് എതിരെ പ്രതിഷേധം സ്വന്തംവീട്ടിലെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ, പീഡിപ്പിക്കപ്പെട്ട ഏതെങ്കിലും ഒരു പെൺകുട്ടിക്കായ് കണ്ണുനീർ പൊഴിച്ചിരുന്നോ...

ഇതിനൊക്കെ ഉണ്ടന്നും ഇല്ലെന്നും ഉത്തരങ്ങൾ വരാം. എന്നാൽ ഒരു നിമിഷം ചിന്തിക്കുക, ചരിത്രത്തിൽ ആഭാസകരമായി രേഖപ്പെടുത്തുന്ന ഒരു കാര്യത്തിനുവേണ്ടിയാണ് നിങ്ങളെ, വിശ്വാസികളെ, വിവിധ സംഘടനകൾ ഉപയോഗിക്കുന്നത് എന്ന്.