നീലേശ്വരത്തേക്ക് പോകാനായി ലോക്കലിൽ കയറി ഇരുന്നതാണ് ഞാൻ. ഇന്നലെ പെയ്തു തോർന്ന മഴയുടെ ഓർമകൾ പ്രകൃതിയെ വിരഹവേദനയിൽ ആഴ്ത്തുന്നകണക്കെ അന്തരീക്ഷം ശോകാമൃതം. 7 മണി കഴിഞ്ഞു. ട്രെയിൻ പോകാൻ ഇനിയും സമയമുണ്ട്. ആളുകൾ വന്നു തുടങ്ങുന്നതേയുള്ളൂ. അപ്പോഴാണ് അയഞ്ഞ, പഴയ സാരിയുടുത്ത കറുത്ത ഒരു തമിഴത്തിപെണ്ണുങ്ങള് വന്ന് എൻ്റെ അടുത്തിരുന്നത്. ഞാൻ മനസ്സിൽ 'ഇശ്ശ് ൻ്റെ അടുത്ത് തന്നെ വന്നിരിക്കണോ' എന്ന് സ്വാഭാവികമായും വിചാരിച്ചു. പിന്നാലെ വന്ന ഒരു ചേച്ചിയോട് അവർ മോളുടെ കാര്യം എന്തോ പറയുന്നുണ്ടായിരുന്നു. എനിക്ക് അഭിമുഖമായി ഇരിക്കാൻപോയ ആ ചേച്ചി എന്തോ ആലോചിച്ച് വേറെ ഇടം നോക്കിപ്പോയി.
കുറച്ച് കഴിഞ്ഞ് ആ 'അണ്ണാച്ചിപ്പെണ്ണുങ്ങള്' എന്നോട് അവരുടെ നോക്കിയ കീപാഡ് ഫോൺ കാണിച്ച് തമിഴിൽ ഒരു നമ്പറിൽ വിളിച്ചു തരുമോ, പൈസ തീർന്നുപോയിട്ടാ എന്നു ചോദിച്ചു. മോൾക്ക് സുഖമില്ലെന്നും കാര്യവിവരങ്ങൾ അന്വേഷിക്കാനുമാണെന്ന് പറഞ്ഞു. ഇത്ര നേരത്തെ റീച്ചാർജ് കട തുറക്കാത്തനാലാണ് ഫോണിൽ കാശില്ലാത്തതെന്നും കൈയ്യിൽ പൈസയുണ്ടെന്ന് പറഞ്ഞ് പേഴ്സിലെ പണം കാണിച്ചുതരികയും ചെയ്തു, അവർ.
സേലത്തൊക്കെയുള്ളത് 'ക്രിമിനൽ അണ്ണാച്ചി'മാരോക്കെ അല്ലേ? എന്നെ എന്തേലും ട്രാപ്പിൽ കുടുക്കാനായിരിക്കുമോ ഫോൺ ചോദിക്കുന്നത്? തുടങ്ങിയ നൂറു സംശയങ്ങൾ സെക്കൻ്റുകൾക്കുള്ളിൽ തലപോക്കി. അറിയാത്ത ഇവർക്ക് ഫോൺ കൊടുക്കണോ എന്നും രണ്ട് സിമ്മിൽ ഒന്നിൽ സീറോ ബാലൻസും ഒന്നിൽ 5 ൽ താഴെ ബാലൻസും മാത്രമേയുള്ളൂ എന്ന ചിന്തയും എന്നെ ആകുലയാക്കി. രാത്രി വൈകി വീട്ടിൽ എത്തുന്ന എനിക്ക് ഒരാശ്വാസമാണ് ഈ ബാലൻസ്. അതിനാൽ എൻ്റെ ഫോണിൽ ബാലൻസ് ഇല്ല എന്നൊരു കള്ളം ഞാൻ പറഞ്ഞു. ഒപ്പം ട്രെയിനിൽ സ്ഥിരം കാണുന്ന ഏതേലും ടീച്ചേഴ്സിനോട് അവർ സഹായം അഭ്യർത്ഥിക്കുമെന്നും ആശ്വസിച്ചു. പ്രതീക്ഷപോലെ കോളേജിൽ പഠിപ്പിക്കുന്ന ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന ഒരു ടീച്ചർ ഞങ്ങൾക്കഭിമുഖമായിരുന്നു. അവരോടും ആ സ്ത്രീ പ്രതീക്ഷയോടെ കാര്യം അവതരിപ്പിച്ചു. ഇതുകേട്ട ടീച്ചർ എന്നെ നോക്കി ശല്ല്യമായല്ലോ എന്നരീതിയിൽ ചിരിച്ചു. പ്രതീക്ഷ കൈവിടാതെ ആ സ്ത്രീ വീണ്ടും തമിഴിൽ ചോദിക്കുകയാണ്: ഞാൻ പറഞ്ഞത് വേറെ ഭാഷയായോണ്ട് മനസിലായില്ലേ? ഒന്നു വിളിച്ച് തരുമോ എന്ന്. ടീച്ചർ കേൾക്കാത്തപോലെയിരുന്നിട്ട് പൊടുന്നനെ എണീറ്റുപോയി.
അവരുടെ ആ പ്രവൃത്തി എന്നെ നിരാശയേക്കാൾ വേദനയുണ്ടാക്കി. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. സഹായം അഭ്യർത്ഥിച്ചത് ഒരമ്മയാണ്, കറുത്തവളാണ്, മലയാളികൾ പുച്ഛത്തോടെ കാണുന്ന തമിഴത്തിയാണ്.. ഞാൻ പണ്ടെഴുതിയ ഒരു കഥ ഓർമവന്നു, മനുഷത്വമില്ലായ്മയെക്കുറിച്ചുള്ള എൻ്റെ നീണ്ട പ്രതികരണങ്ങളെ ഓർമവന്നു. മനസാക്ഷിക്കുത്തേറ്റ് എൻ്റെ ഹൃദയം ചോരവാർത്തി. ഞാൻ
അവരുടെ ഫോൺവാങ്ങി ബാലൻസ് നോക്കി, ശരിയാണ് പൈസയില്ല. ലോൺ എടുത്തുകൊടുത്തു. ലോണിടപാടിനെപറ്റി ബോധവൽക്കരിച്ചു. നിരുപദ്രവമായ കപടസഹായം ചെയ്തതിൽ ഞാൻ പുളകംകൊണ്ടു.
അപ്പോൾതന്നെയവർ മോളെ വിളിച്ചു. മകളുടെ മകൻ ആ അമ്മയെ തിരികെ വിളിച്ചു. ഏറെ നേരം വളരെ വികാരനിർഭരമായ സ്നേഹാന്വേഷണങ്ങൾ. മകളോട് നല്ലോണം ഭക്ഷണവും മരുന്നും കഴിക്കാൻ പറയുന്ന അമ്മ. ഞാൻ കഴിക്കുന്നതിനെപറ്റി നിങ്ങൾ കവലപ്പെടണ്ട എന്നു പറയുന്ന അവർക്കുമുന്നിൽ ഞാൻ കുറ്റബോധം താങ്ങാനാവാതെ ഇരുന്നു. നിറഞ്ഞ കണ്ണുകളോടെ ഫോൺകട്ട് ചെയ്ത്, അവറെനിക്ക് ആയുരോഗ്യവും ദീർഘായുസ്സും നേർന്നു. അർഹിക്കാത്ത ആ അനുഗ്രഹം എൻ്റെ ശരീരത്തെ പൊള്ളിച്ചു. അലരുടെ കാൽപിടിച്ച് കുറ്റമേറ്റ് പറഞ്ഞ് ക്ഷമാപണം നടത്താൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു.
അവർ എൻ്റെ കവിൾ തലോടി ഒരുപിടി കപ്പലണ്ടി എനിക്കായി നീട്ടി. അവരുടെ ഉദ്ദേശശുദ്ധിയെ സംശയിച്ച എനിക്ക് ലോകംമുഴുൻ അവരുടെ മുമ്പിൽ ചെറുതായത്പോലെ തോന്നി. മനസിൻ്റെ വിങ്ങൽ കണ്ണുകൾ ഏറ്റെടുത്തു. അവർ എത്രവരെ എൻ്റെകൂടെ ഇരിക്കുന്നുവോ അത്രയും നേരം ഞാൻ കുറ്റബോധത്താൽ ഉരുകുമെന്നെനിക്ക് തോന്നി. പാപ്പിനിശ്ശേരിയിറങ്ങുമെന്നവർ പറഞ്ഞത് എൻ്റെ ഉൾക്കടലിനെ ശാന്തമാക്കി.
ശംഭുവെന്ന് വിളിക്കപ്പെടുന്ന സംപൂർണ്ണയെന്ന സ്ത്രീക്കുമുമ്പിൽ ഞാൻ അരൂപിയായി. 24ാം വയസിൽ വിധവയായ സ്ത്രീ, രണ്ട് പെൺമക്കളെ ഒറ്റയ്ക്ക് പോറ്റിവളർത്തിയവൾ, വേറൊരു നാട്ടിൽ എല്ലുമുറിയെ പണിയെടുക്കുന്നവൾ... 25 വർഷമായി ഞാൻ വളർത്തിയെടുത്ത അഹങ്കാരം പൊലിഞ്ഞ് സ്വയം പുച്ഛം തോന്നിയ നിമിഷം...
ട്രെയിൻ വിട്ട് മിനുറ്റുകൾക്കകം ഉറങ്ങുന്ന എനിക്ക് ആ ഒന്നരമണിക്കൂറിൻ്റെ ഉറക്കവും ബസ്സിലെ ഒന്നേകാൽ മണിക്കൂറിൻ്റെ ഉറക്കവും നഷ്ടമായി. എൻ്റെ മനസ് എന്നോട് വഴക്കിട്ട് പറന്ന്പോയി. എനിക്ക് ഗതികിട്ടാത്ത അവസ്ഥയായി. എൻ്റെ തുറന്ന കണ്ണുകളിൽ ശംഭുവമ്മയ്ക്ക് വളരെ ആസ്വാദ്യകരമായ സൗന്ദര്യം ഉടലെടുത്തു. വൈകിവന്ന തിരിച്ചറിവിൽ അവരുടെ മകൾക്ക് രോഗം എത്രയും വേഗം സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുകയല്ലാതെ വേറെയൊന്നും ചെയ്യാൻ എനിക്കപ്പോൾ ആവതില്ലായ്രുന്നു.









