Showing posts with label literature. Show all posts
Showing posts with label literature. Show all posts

Friday, 23 March 2018

പിരിമുറുക്കം



പത്തിരുപത് കൊല്ലംകൊണ്ടുരുക്കി
മനസ്സുരുക്കി മനസ്സുരുക്കി
ഞാനൊരു പുതിയ എന്നെയുണ്ടാക്കി
ഒഴുകുവാനായിരുന്നു ആഗ്രഹമെന്നാലും
ഒഴുക്കിനെതിരെ നീന്തി തളർന്നുപോയി
ആരാലും കുതിച്ചൊഴുകിയതുമില്ല
ആരിലും നിറഞ്ഞു നിന്നതുമില്ല
നെഞ്ചിലെ കനം താങ്ങാതെ
താങ്ങൊന്നുമില്ലാതെ ഉരുക്കിക്കുറുക്കിയ
പുതിയ ഞാനുണ്ടായി, ഉണ്ടാക്കി
കനമുണ്ട് ഖരമാണ് മാറ്റമില്ലാത്തതാണ്
നിർവികാരതയാണ് പ്രിയ സ്ഥായിഭാവം
അങ്ങനെ അവസാനം മുറുക്കിക്കുറുക്കി
കുറുക്കിക്കുറുകി ഞാനില്ലാതെയായി..

Wednesday, 14 March 2018

എനിക്കൊരു പാപവിമോചന പത്രിക തരൂ..



നീലേശ്വരത്തേക്ക് പോകാനായി ലോക്കലിൽ കയറി ഇരുന്നതാണ് ഞാൻ. ഇന്നലെ പെയ്തു തോർന്ന മഴയുടെ ഓർമകൾ പ്രകൃതിയെ വിരഹവേദനയിൽ ആഴ്ത്തുന്നകണക്കെ അന്തരീക്ഷം ശോകാമൃതം. 7 മണി കഴിഞ്ഞു. ട്രെയിൻ പോകാൻ ഇനിയും സമയമുണ്ട്. ആളുകൾ വന്നു തുടങ്ങുന്നതേയുള്ളൂ. അപ്പോഴാണ് അയഞ്ഞ, പഴയ സാരിയുടുത്ത കറുത്ത ഒരു തമിഴത്തിപെണ്ണുങ്ങള് വന്ന് എൻ്റെ അടുത്തിരുന്നത്. ഞാൻ മനസ്സിൽ 'ഇശ്ശ് ൻ്റെ അടുത്ത് തന്നെ വന്നിരിക്കണോ' എന്ന് സ്വാഭാവികമായും വിചാരിച്ചു. പിന്നാലെ വന്ന ഒരു ചേച്ചിയോട് അവർ മോളുടെ കാര്യം എന്തോ പറയുന്നുണ്ടായിരുന്നു. എനിക്ക് അഭിമുഖമായി ഇരിക്കാൻപോയ ആ ചേച്ചി എന്തോ ആലോചിച്ച് വേറെ ഇടം നോക്കിപ്പോയി.

കുറച്ച് കഴിഞ്ഞ് ആ 'അണ്ണാച്ചിപ്പെണ്ണുങ്ങള്' എന്നോട് അവരുടെ നോക്കിയ കീപാഡ് ഫോൺ കാണിച്ച് തമിഴിൽ ഒരു നമ്പറിൽ വിളിച്ചു തരുമോ, പൈസ തീർന്നുപോയിട്ടാ എന്നു ചോദിച്ചു. മോൾക്ക് സുഖമില്ലെന്നും കാര്യവിവരങ്ങൾ അന്വേഷിക്കാനുമാണെന്ന് പറഞ്ഞു. ഇത്ര നേരത്തെ റീച്ചാർജ് കട തുറക്കാത്തനാലാണ് ഫോണിൽ കാശില്ലാത്തതെന്നും കൈയ്യിൽ പൈസയുണ്ടെന്ന് പറഞ്ഞ് പേഴ്സിലെ പണം കാണിച്ചുതരികയും ചെയ്തു, അവർ.

സേലത്തൊക്കെയുള്ളത് 'ക്രിമിനൽ അണ്ണാച്ചി'മാരോക്കെ അല്ലേ? എന്നെ എന്തേലും ട്രാപ്പിൽ കുടുക്കാനായിരിക്കുമോ ഫോൺ ചോദിക്കുന്നത്? തുടങ്ങിയ നൂറു സംശയങ്ങൾ സെക്കൻ്റുകൾക്കുള്ളിൽ തലപോക്കി. അറിയാത്ത ഇവർക്ക് ഫോൺ കൊടുക്കണോ എന്നും രണ്ട് സിമ്മിൽ ഒന്നിൽ സീറോ ബാലൻസും ഒന്നിൽ 5 ൽ താഴെ ബാലൻസും മാത്രമേയുള്ളൂ എന്ന ചിന്തയും എന്നെ ആകുലയാക്കി. രാത്രി വൈകി വീട്ടിൽ എത്തുന്ന എനിക്ക് ഒരാശ്വാസമാണ് ഈ ബാലൻസ്. അതിനാൽ എൻ്റെ ഫോണിൽ ബാലൻസ് ഇല്ല എന്നൊരു കള്ളം ഞാൻ പറഞ്ഞു. ഒപ്പം ട്രെയിനിൽ സ്ഥിരം കാണുന്ന ഏതേലും ടീച്ചേഴ്സിനോട് അവർ സഹായം അഭ്യർത്ഥിക്കുമെന്നും ആശ്വസിച്ചു. പ്രതീക്ഷപോലെ കോളേജിൽ പഠിപ്പിക്കുന്ന ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന ഒരു ടീച്ചർ ഞങ്ങൾക്കഭിമുഖമായിരുന്നു. അവരോടും ആ സ്ത്രീ പ്രതീക്ഷയോടെ കാര്യം അവതരിപ്പിച്ചു. ഇതുകേട്ട ടീച്ചർ എന്നെ നോക്കി ശല്ല്യമായല്ലോ എന്നരീതിയിൽ ചിരിച്ചു. പ്രതീക്ഷ കൈവിടാതെ ആ സ്ത്രീ വീണ്ടും തമിഴിൽ ചോദിക്കുകയാണ്: ഞാൻ പറഞ്ഞത് വേറെ ഭാഷയായോണ്ട് മനസിലായില്ലേ? ഒന്നു വിളിച്ച് തരുമോ എന്ന്. ടീച്ചർ കേൾക്കാത്തപോലെയിരുന്നിട്ട് പൊടുന്നനെ എണീറ്റുപോയി.

അവരുടെ ആ പ്രവൃത്തി എന്നെ നിരാശയേക്കാൾ വേദനയുണ്ടാക്കി. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. സഹായം അഭ്യർത്ഥിച്ചത് ഒരമ്മയാണ്, കറുത്തവളാണ്, മലയാളികൾ പുച്ഛത്തോടെ കാണുന്ന തമിഴത്തിയാണ്.. ഞാൻ പണ്ടെഴുതിയ  ഒരു കഥ ഓർമവന്നു, മനുഷത്വമില്ലായ്മയെക്കുറിച്ചുള്ള എൻ്റെ നീണ്ട പ്രതികരണങ്ങളെ ഓർമവന്നു. മനസാക്ഷിക്കുത്തേറ്റ് എൻ്റെ ഹൃദയം ചോരവാർത്തി. ഞാൻ
അവരുടെ ഫോൺവാങ്ങി ബാലൻസ് നോക്കി, ശരിയാണ് പൈസയില്ല. ലോൺ എടുത്തുകൊടുത്തു. ലോണിടപാടിനെപറ്റി ബോധവൽക്കരിച്ചു. നിരുപദ്രവമായ കപടസഹായം ചെയ്തതിൽ ഞാൻ പുളകംകൊണ്ടു.

അപ്പോൾതന്നെയവർ മോളെ വിളിച്ചു. മകളുടെ മകൻ ആ അമ്മയെ തിരികെ വിളിച്ചു. ഏറെ നേരം വളരെ വികാരനിർഭരമായ സ്നേഹാന്വേഷണങ്ങൾ. മകളോട് നല്ലോണം ഭക്ഷണവും മരുന്നും കഴിക്കാൻ പറയുന്ന അമ്മ. ഞാൻ കഴിക്കുന്നതിനെപറ്റി നിങ്ങൾ കവലപ്പെടണ്ട എന്നു പറയുന്ന അവർക്കുമുന്നിൽ ഞാൻ കുറ്റബോധം താങ്ങാനാവാതെ ഇരുന്നു. നിറഞ്ഞ കണ്ണുകളോടെ ഫോൺകട്ട് ചെയ്ത്, അവറെനിക്ക് ആയുരോഗ്യവും ദീർഘായുസ്സും നേർന്നു. അർഹിക്കാത്ത ആ അനുഗ്രഹം എൻ്റെ ശരീരത്തെ പൊള്ളിച്ചു. അലരുടെ കാൽപിടിച്ച് കുറ്റമേറ്റ് പറഞ്ഞ് ക്ഷമാപണം നടത്താൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു.

അവർ എൻ്റെ കവിൾ തലോടി ഒരുപിടി കപ്പലണ്ടി എനിക്കായി നീട്ടി. അവരുടെ ഉദ്ദേശശുദ്ധിയെ സംശയിച്ച എനിക്ക് ലോകംമുഴുൻ അവരുടെ മുമ്പിൽ ചെറുതായത്പോലെ തോന്നി. മനസിൻ്റെ വിങ്ങൽ കണ്ണുകൾ ഏറ്റെടുത്തു. അവർ എത്രവരെ  എൻ്റെകൂടെ ഇരിക്കുന്നുവോ അത്രയും നേരം ഞാൻ കുറ്റബോധത്താൽ ഉരുകുമെന്നെനിക്ക് തോന്നി. പാപ്പിനിശ്ശേരിയിറങ്ങുമെന്നവർ പറഞ്ഞത് എൻ്റെ ഉൾക്കടലിനെ ശാന്തമാക്കി.

ശംഭുവെന്ന് വിളിക്കപ്പെടുന്ന സംപൂർണ്ണയെന്ന സ്ത്രീക്കുമുമ്പിൽ ഞാൻ അരൂപിയായി. 24ാം വയസിൽ വിധവയായ സ്ത്രീ, രണ്ട് പെൺമക്കളെ ഒറ്റയ്ക്ക് പോറ്റിവളർത്തിയവൾ, വേറൊരു നാട്ടിൽ എല്ലുമുറിയെ പണിയെടുക്കുന്നവൾ... 25 വർഷമായി ഞാൻ വളർത്തിയെടുത്ത അഹങ്കാരം പൊലിഞ്ഞ് സ്വയം പുച്ഛം തോന്നിയ നിമിഷം...

ട്രെയിൻ വിട്ട് മിനുറ്റുകൾക്കകം ഉറങ്ങുന്ന എനിക്ക് ആ ഒന്നരമണിക്കൂറിൻ്റെ ഉറക്കവും ബസ്സിലെ ഒന്നേകാൽ മണിക്കൂറിൻ്റെ ഉറക്കവും  നഷ്ടമായി. എൻ്റെ മനസ് എന്നോട് വഴക്കിട്ട് പറന്ന്പോയി. എനിക്ക് ഗതികിട്ടാത്ത അവസ്ഥയായി. എൻ്റെ തുറന്ന കണ്ണുകളിൽ ശംഭുവമ്മയ്ക്ക് വളരെ ആസ്വാദ്യകരമായ സൗന്ദര്യം ഉടലെടുത്തു. വൈകിവന്ന തിരിച്ചറിവിൽ അവരുടെ മകൾക്ക് രോഗം എത്രയും വേഗം സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുകയല്ലാതെ വേറെയൊന്നും ചെയ്യാൻ എനിക്കപ്പോൾ ആവതില്ലായ്രുന്നു.

Thursday, 1 March 2018

പരിഹാരമില്ലാത്ത ആ ശങ്കകൾ; മുലയൂട്ടലും മൂത്രശങ്കയും

പൊതുഇടങ്ങളിൽ മുലയൂട്ടുവരിലേക്കുള്ള തുറിച്ചു നോട്ടങ്ങളുടെ പ്രസക്തി 1% ആണെങ്കിൽ മൂത്രമൊഴിക്കാൻ മൂത്രപ്പുരകളില്ലാതെ വിഷമിക്കുന്ന സ്ത്രീകളുടെ പ്രസക്തി 90% ആണ്.

എല്ലാ ദിവസവും പ്രസവിക്കുന്നവരല്ല സ്ത്രീകൾ. പക്ഷേ ദിവസവും മൂത്രമൊഴിക്കാതിരിക്കാനാവില്ലല്ലോ. വെളിയിലിറങ്ങി  മുലയൂടുന്നവരെക്കാൾ നിരത്തിലിറങ്ങി നടക്കുന്ന സ്ത്രീകളാണ് കൂടുതൽ.

ഇന്ത്യയിലെ പൊതുസമൂഹം ഒരിക്കലും സ്ത്രീ സൗഹാർദ്രമല്ല. പൊതുഇടങ്ങളിൽ, തൊഴിലിടങ്ങളിൽ അവൾക്ക് വൃത്തിയുള്ള മൂത്രപ്പുരകൾ ഇല്ല. ഷീ ടോയ്ലറ്റുകളും പൊതുശൗച്യാലയങ്ങളും നോക്കുകുത്തികളാകുന്നു.

കുടുംബത്തിനൊപ്പമോ ഒറ്റയ്ക്കോ ആയാൽപോലും സ്ത്രീകൾക്ക് ഹോട്ടലുകളിലേയും തിയേറ്ററുകളിലേയും മൂത്രപ്പുരകൾ ഭീതിയുടെ ആ'ശങ്ക'കളിലേക്കാണ് വാതിൽ തുറക്കുന്നത്.

കാഞ്ഞങ്ങാട് ഞാൻ ജോലിചെയ്തിരുന്ന സ്ഥാപനത്തിൽ ടോയ്ലറ്റില്ല. രാവിലെ 7 മണിക്ക് വീട്ടിൽനിന്നിറങ്ങിയാൽ വൈകുന്നേരം 6 മണിക്ക് ഡൂട്ടി ടൈം കഴിഞ്ഞ് 8.30 യ്ക്കാണ് വീട്ടിൽ എത്തുക. യാത്രാമാർഗം റെയിൽവെ ആയതിനാൽ സ്റ്റേഷനിലെ പേയ്ഡ് ടോയലറ്റ് ഉപയോഗിക്കും. വണ്ടിയിലെ ടോയ്ലറ്റുകൾ ഗതികെട്ട അവസ്ഥകളിൽമാത്രം ആശ്രയിക്കും. അല്ലെങ്കിൽ വീട്ടിൽ എത്തുംവരെ പിടിച്ചിരിക്കും, ഏകദേശം പന്ത്രണ്ട് മണിക്കൂറിലധികം.

ആയതിനാൽ വെള്ളം കുടിക്കുന്നത് പരമാവധി ഒഴിവാക്കി. തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ തലപൊക്കാൻ തുടങ്ങി. അങ്ങനെ അടുത്ത കെട്ടിടത്തിലെ ടോയിലറ്റ് കണ്ടെത്തുകയും അത് ഉപയോഗിക്കാനും തുടങ്ങി. ഒരാഴ്ച കഴിയും മുമ്പേ കെട്ടിട ഉടമയുടെ ഭീഷണിയും  മൂത്രപ്പുരയ്ക്ക് താഴും വന്നു. പിന്നീട് റോഡിന് അപ്പുറത്ത് നിൽക്കുന്ന കെട്ടിടത്തിലായി ശങ്ക തീർക്കൽ. അവിടുന്ന് നേരിടേണ്ട ചോദ്യങ്ങൾ ഭയന്ന് അതും ക്രമേണ ചുരുങ്ങി. അവസാനം ജോലി ഉപേക്ഷിക്കേണ്ടി വന്നു.

പുതിയ കെട്ടിങ്ങൾ (കച്ചവട സ്ഥാപനങ്ങൾക്കായുള്ളവ) നിർമിക്കുമ്പോൾ അവിടെ കുറഞ്ഞത് ഒരു മൂത്രപ്പുരയെങ്കിലും നിർമിക്കണമെന്ന ചട്ടം നിലനിൽക്കുന്നുവെന്നാണ് അറിവ്. എന്നാൽ അതൊക്കെ പാലിക്കപ്പെടുന്നുവോ എന്ന് ഉറപ്പുവരുത്തണം.

നിലവിൽ വഴിയരികിൽ കാര്യം സാധിക്കാൻ പറ്റാത്തവരാണ് സ്ത്രീകളെന്ന് മനസ്സിലാക്കി അവരോട് അനുതാപപൂർവ്വം സഹകരിക്കുക. ടോയ്ലറ്റിൽ രക്തക്കറ കണ്ട് അതിൻ്റെ ഉടമയെ കണ്ടെത്താൻ സ്ത്രീകൾതന്നെ സ്ത്രീകളുടെ അടിവസ്ത്രം പരിശോദിക്കുന്ന നാട്ടിൽ മറ്റൊന്നും പറയാനില്ല.

സ്കൂളുകളിലും കോളേജുകളിലും ഇത്തരത്തിലുള്ള മൂത്രപ്പുരകളാൽ ബുദ്ധിമുട്ടുന്ന നിരവധി പെൺകുട്ടികളെയും അവരുടെ പറഞ്ഞറിയിക്കാൻ കഴിയാത്ത പ്രശ്നങ്ങളേയും അറിയാം. പരിമിതമായ ഇൻ്റർവെല്ലിനുള്ളിൽ ആവശ്യത്തിന് മൂത്രപ്പുരകൾ ഇല്ലാത്തതിനാൽ കാര്യം സാധിക്കാതെപോയവരും ദുർഗന്ധവും വൃത്തിയില്ലായ്മയും പിന്നോട്ടടിച്ചവരും, പാഡ് മാറ്റാൻ സൗകര്യം ലഭിക്കാതെ പോയവരുമെല്ലാം അക്കൂട്ടത്തിൽ ഉണ്ടാകാം. അവരൊക്കെ സഹിച്ച ആ'ശങ്ക'കളുടെ ബാക്കിപത്രമാണ് നാളത്തെ തലമുറയെന്നോർക്കുക.

എന്തിനും പ്രതികരിക്കുന്ന മലയാളസമൂഹം ഈ കാര്യത്തിൽ പാലിക്കുന്ന നിശബ്ദത ഓർക്കുമ്പോൾ ഇപ്പോഴും അദ്ഭുതം തോന്നുന്നു, കഷ്ടം തന്നെ..😕

Friday, 23 February 2018

#

കറുത്തവൻ കോമഡി പരിപാടികളിലെ കോമാളിയും സിനിമകളിലെ കഴിവ് കെട്ടവനും ആകുമ്പോൾ, നായകൻ്റെ പഞ്ച് ഡയലോഗിനൊപ്പം ദളിതൻ്റെ കുലപ്പേര് ചീത്തവിളിയായി ഉപയോഗിക്കുമ്പോൾ ആർപ്പുവിളിച്ച് കയ്യടിക്കുന്ന നമുക്ക് എന്ത് അവകാശം എൈക്യദാർഡ്യപ്പെടാൻ..
വിശപ്പെന്താണെന്ന് ഇതുവരെ അറിയാത്ത നമ്മൾ ഇന്നലെ മുതൽ വിലപിച്ച് ഘോരഘോരം പോസ്റ്റിടുന്നത് നിർത്തി മൃഷ്ടാന്നം ഭക്ഷിച്ച് ഉറക്കത്തിലേക്ക്തന്നെ കടക്കും, നാളെയൊരു പുതിയ ഹാഷ് ടാഗ് വരും വരെ.. അടുത്ത ദിവസം  വീണ്ടും വെളുപ്പിച്ച, ചിരിക്കുന്ന മുഖചിത്രത്തിലേക്ക്  തിരിച്ച് പോകും..https://m.facebook.com/story.php?story_fbid=931941580297755&id=100004457640203

Tuesday, 13 February 2018

തുറന്ന കത്ത്



എൻ്റെ ചോരകുടിച്ച്
എന്നോട്തന്നെ ചോരത്തളപ്പ്
കാണിക്കാൻ നിനക്ക്
നാണമില്ലേ പീക്കിരി
കൊതുക് പെങ്ങളേ..
ഈ കൊച്ചുശരീരത്തിന്
വേണ്ട ചോരയുടെ
അളവ് പറഞ്ഞുതരുവോ
ഞാനത്രേം ചോര
കുപ്പിയിലാക്കി തരാം
ദയവായി ഈ കൂട്ട
ആക്രമണം നിർത്തൂ..
അല്ലെങ്കിൽ ഞാനൊരു
കൊലയാളിയായിപ്പോകും
ഉറുന്പിൻ്റെ കടി സഹിക്കാം
എന്നാൽ നിൻ്റെ കുത്ത്
സഹിക്കാൻ ഞാൻ
വൈക്കം സുൽത്താനല്ല
നിന്നെ ആട്ടിയോടിക്കാൻ
പോലും ത്രാണിയില്ലാത്ത
ഒരു പാവം അവശരോഗി..

Objectivness for Teachers

രക്ഷ്മി നായർ പ്രിൻസിപ്പൾ ആയ കോളേജിലെ വിദ്യാർത്ഥികൾ, വിടുവേല ചെയ്തുകൊടുത്താൽ ഇൻ്റേണൽ മാർക്ക്സ് കൊടുക്കുന്നത് വാർത്തകളാകുന്പോൾ എൻ്റെ ഒരു അനുഭവം പറയട്ടെ...

ഞാൻ പഠിക്കുവാൻ വലിയ മിടുക്കിയൊന്നുമല്ല. എന്നാൽ ടീച്ചേർസ് പറയുന്ന കാര്യങ്ങൾ അങ്ങേയറ്റം ബഹുമാനത്തോടെ കേൾക്കുകയും അവർ ഏൽപിക്കുന്ന പ്രവൃത്തികൾ കൃത്യ സമയത്ത് തീർക്കുകയും ചെയ്യാറുണ്ട്. എന്നെ അറിയുന്നവർക്കൊക്കെ അതറിയാമെന്നും കരുതുന്നു.

എത്ര ഇഷ്ടമുള്ള അദ്ധ്യാപകരായാൽപോലും അവരോട് ആദരവിൻ്റെ ഒരകലം വെക്കുന്നത് എൻ്റെ സ്വഭാവമായിരുന്നു. സമാനസ്വഭാവമുള്ള ചില കൂട്ടുകാരും ക്ലാസിൽ ഉണ്ടായിരുന്നു. ബാക്കിയുള്ള നാലഞ്ചുപേർ അദ്ധ്യാപകൻ്റെ സന്തതസഹചാരികളായിരുന്നു. പിന്നെയുള്ളത് പഠിപ്പിസ്റ്റുകളാണ്.. 

സെക്കന്റ് സെമസ്റ്ററിൽ എൻ്റെ ഇൻ്റേണൽ മാർക്ക് കുറവായിരുന്നു. പൊതുവെ അമിതസംസാരിണിയല്ലാത്തതിനാലും സൊ കോൾഡ് എഴുത്തുമായി ബന്ധമില്ലാത്തവളലായതിനാലും വൈവ ഉൾപെടെയുള്ള കാര്യങ്ങൾ കൃത്യമായി ചെയ്തിട്ടുകൂടി എനിക്ക് ഇൻ്റേണൽ മാർക്ക് കുറവായിരുന്നു. പുസ്തകപ്പുഴുക്കളെ ഒഴിച്ചു നിർത്തിയാൽ ഞങ്ങളെപോലെ മിണ്ടാതിരിക്കുന്നവർക്ക് ആ വിഷയങ്ങളിൽ മാർക്ക് വളരെ കുറവ്. എന്നാൽ അസൈൻമെൻ്റ്സ് ഏറ്റവും അവസാനംവെക്കുന്ന, ക്ലാസിൽ മിക്ക ദിവസങ്ങളിലും ആബ്സെൻ്റാകുന്ന, വൈവകളിൽ കൃത്യമായി ഉത്തരം പറയാത്ത, പുറത്ത്കൊടുത്തല്ലാതെ സ്വന്തമായി ഒരു പ്രാക്ടിക്കൽ പരീക്ഷപോലും ചെയ്യാത്ത അവർക്ക്  അദ്ധ്യാപകൻ്റെ മാനസപുത്രികളായതിനാൽ എന്നും 20 ൽ 18 കിട്ടിയിരുന്നു..

പരാതിപെട്ട ഞങ്ങളോട് പറഞ്ഞത്. മറ്റുള്ളവരുമായി കന്പാരിസൺ വേണ്ട.. നിങ്ങൾക്ക് അർഹമായത് തന്നിട്ടുണ്ട് എന്നതാണ്. എന്നാൽ അദ്ധ്യാപകന് ചില വിദ്യാർത്ഥികളോട് മാത്രമുള്ള പ്രത്യേകതാൽലര്യവും പരിഗണനയും എന്നും എല്ലാ ബാച്ചുകളിലും പരസ്യമായ രഹസ്യമായിരുന്നു.. ആയതിനാൽ പ്രതിഷേധം അവിടെ തീർന്നു. ഇതോടൊപ്പം ഒരുകാര്യംകൂടി, ഈ "പ്രമുഖ " അദ്ധ്യാപകൻ കോഴ്സിൽ ചേരാൻവന്ന എൻ്റെ സ
ഹപാഠിയോട് പറഞ്ഞത് നിനക്കൊക്കെ ഇവിടെ കിട്ടിയത് തന്നെ വലിയ കാര്യമാണെന്നാണ്.. പ്രമുഖ അദ്ധ്യാപകൻ്റെ വാക്കുകൾ എനിക്കിപോഴും ഓർക്കുന്പോൾ ലജ്ജതോന്നുകയാണ്, അദ്ദേഹത്തോടുള്ള ആരാധനയുടെ പേരിൽ..

എന്തായാലും കോഴ്സ് കഴിഞ്ഞു. വെറും 0.5 % ത്തിൻ്റെ കുറവിൽ എൻ്റെ സർട്ടിഫിക്കറ്റിൽ ടോട്ടൽ ഗ്രേഡ് താഴ്ന്നു. ജോലിക്ക്  അപേക്ഷിക്കുന്പോഴാണ് ഗ്രേഡ് താഴ്ന്നത് നമ്മളെ അലട്ടുക.. ഇപ്പോൾ ചിലർക്കെങ്കിലും മനസ്സിലാകും ഇൻ്റേണൽമാർക്കിൽ നൽകുന്ന ഓരോ ഒരുമാർക്കും എത്രവിലപെട്ടതാണെന്ന്...

So teachers, dont get biased about your students.. its a request..

കുഴഞ്ഞു വീണുമരിച്ചു


എൻ്റെ വീട്ടിലേക്കുള്ള വഴിയരികിൽ
കുഴഞ്ഞുവീണുമരിച്ചു.
കള്ളുകുടിയൻ അല്ല,
രോഗിയോ ദരിദ്രനോ അല്ല.
ഈ മഴക്കാലത്ത് മഴകൊണ്ട്
കുഴഞ്ഞുവീണ വാഴയെ ആരും
താങ്ങിയെടുത്തില്ല
പിടിച്ചുനിർത്തിയില്ല
ശ്രദ്ധിച്ചതുപോലുമില്ല.
ഒരിക്കൽപോലും കായ്ക്കാത്ത
അതിന് ദയാവധം പോലും
ആരും നൽകിയില്ല.
പതിയെ അലിയുന്ന ഇലകൾ
മണ്ണിനെ ബലിയിടാനായി
പൊതിയിലയായി.
മരത്തേയും മണ്ണിനേയും
തൊടാൻമടിച്ച എൻ്റെ മുന്നിലൂടെ
ഒരു തെരുവ്പെണ്ണ് ആ വാഴയെ
കാട്ടിലേക്ക് വലിച്ചിട്ടു.

ശ്രീനാരായണഗുരു

ജാതി ചോദിക്കരുത്, പറയരുത് എന്ന് ആഹ്വാനം ചെയ്ത സമൂഹത്തിൽ ജാതിയും മതവും വെളിപ്പെടുത്താതെ ജീവിക്കുക എന്നത് ഇന്ന് അപകടം നിറഞ്ഞതും അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതുമാണ്.. ഗുരു മരിച്ചത് നന്നായി, അല്ലേൽ എല്ലാരും കൂടി....

ഗുരുവിനെ പറ്റി  നാടകപ്രവർത്തകനായ എൻ്റെ അച്ഛാച്ഛൻ എഴുതി, ഈണം നൽകി, അമ്മമ്മ പാടിയ ഗാനം.

https://youtu.be/20cMd3VXINA

പെണ്ണിര



പെണ്ണേ, നീ പെരുമാറേണ്ടത് ഇങ്ങനെയാണ്, ഞാൻ  പറഞ്ഞുപഠിപ്പിക്കുന്ന രീതിയിൽ. ഞാൻ നൽകുന്ന സുരക്ഷിതത്വത്തിൽമാത്രം സമൂഹത്തോട് സംവദിക്കുന്നവളാകണം, നീ. പരസ്പരം കൂട്ടിമുട്ടാത്ത ഇരട്ടവരയുള്ള പുസ്തകത്തിലെ അക്ഷരങ്ങൾപോലെ നിൻ്റെ നോട്ടത്തിനും നടപ്പിനും നാക്കിനും കൃത്യമായ വടിവും അളവും വേണം. അവൻ്റെ എഴുതപെട്ട പ്രമാണങ്ങൾക്കപ്പുറം നീ പോകരുത്, ചിന്തിക്കുകകൂടി അരുത്. നിൻ്റെ തോന്നലുകളെ അവൻ പിൻബുദ്ധിയെന്നാക്ഷേപിക്കും, ആ താന്തോന്നിത്തരത്തിന് ശിക്ഷ നൽകാൻ അവൻ ഇരുട്ടിൽ വേട്ടയ്ക്കിറങ്ങും. അവൻ്റെ ലോകം നീയെന്ന ഇരയ്ക്ക് വിലയിടും. അഞ്ചു ലക്ഷത്തോടൊപ്പം സഹോദരന് സർക്കാർ ജോലിയും നേടികൊടുത്ത് നീയൊരു എരിവുള്ള കഥയുടെ അവസാനിക്കാത്ത അവസാനമാകും. വർഷാവർഷം നിൻ്റെ പേര് അവർ കൊത്തിയെടുക്കും, അടുത്ത ഇരയെ കിട്ടും വരെ..

Monday, 12 February 2018

കമലിൻറെ ആമി, മഞ്ജുവിൻ്റേയും

ആമിയുടെ മാസ്മരിക ജീവിതം പകർത്തുന്നതിൽ പ്രിയ സംവിധായകൻ പരാജയപ്പെട്ടു എന്നത് എന്നെ വളരെ നിരാശപ്പെടുത്തി. എന്നാൽ  ഇടവിട്ട് മാത്രം ചില സീനുകൾ അതിശയമാംവിധം നമ്മളെ ലയിപ്പിക്കുന്നുമുണ്ട്. 
അഭിനേതാക്കൾ ആരും മികച്ചതായോ മോശമായോ തോന്നിയില്ല. മേയ്ക്ക് അപ്പും ഗ്രാഫിക്സും അഭിനയവും എല്ലാം ആവറേജ് തന്നെ.. അതേ സമയം ആമിയുടെ കൗമാരം അവതരിപ്പിച്ച പെൺകുട്ടിയുടെ അഭിനയം മറ്റാരെക്കാളും ഏറെ മുൻപന്തിയിലാണ്.
ആമിയെ പറ്റി ഗവേഷണം നടത്തി എന്നു സംവിധായകൻ പറയുമ്പോഴും സിനിമ കാഴ്ചവെക്കുന്ന കാര്യങ്ങൾ കമലയുടെ ഏതൊരു സാധാരണ വായനക്കാർക്കും അറിയാവുന്നതേ പറയുന്നുള്ളൂ.. നാലപ്പാട്ടെ വേലക്കാരുമായുള്ള ആമിയുടെ ആത്മബന്ധം, പൊന്നിയരിയിൽ നിന്ന് വിലകുറഞ്ഞ അരിയിലേക്ക് മാറിയ കാലം, ഇളയമകനോടുള്ള സ്നേഹം തുടങ്ങിയ അവഗണിക്കാൻ പറ്റാത്ത കാര്യങ്ങൾ ഒഴിവാക്കപ്പെട്ടത് ഒരുപക്ഷേ സിനിമയ്ക്കുള്ളിൽ ആ ജീവിതം ഒതുങ്ങില്ലെന്ന് കരുതിയാകണം. എന്തിരുന്നാലും സിനിമ വിവാദങ്ങൾക്ക് കീഴ്പെടാതിരിക്കാൻ സംവിധായകൻ പാലിച്ച ജാഗ്രത പ്രശംസനീയമാണ്..