DIVINE CHEATER
അവള്‍ പറഞ്ഞു നിങ്ങള്‍ ടോക്‌സിക്കാണ്, നിങ്ങള്‍ക്ക് എന്നോടിങ്ങനെ കെഞ്ചാന്‍ ഒരു നാണവുമില്ലേ എന്ന്. നാണമുണ്ടെങ്കില്‍ ഭാര്യയേയും മകളേയും മറന്ന് എനിക്കവളെ എന്റെ ശീലത്തിന്റെ ഭാഗമാക്കാന്‍ കഴിയുമായിരുന്നോ. സ്‌നേഹാനുഭവത്തിന്റെ ഉച്ചസ്ഥായിയില്‍ സ്‌നേഹം നിരര്‍ഥമാകുന്നുവെന്ന് അന്ന് അവളിതു പറയുമ്പോള്‍ തിരിച്ചറിയുന്നു. അവളില്ലാത്ത പാര്‍ക്കിലെ ഇരിപ്പിടങ്ങള്‍, ലൊട്ടകച്ച പങ്കുവെച്ചിരുന്ന കടൽത്തീരങ്ങൾ, ഒരുമിച്ച് മുട്ടിയുരുമ്മി ഇണങ്ങിയും പിണങ്ങിയും ബൈക്കില്‍പോയ യാത്രകള്‍, അവളോട് മണിക്കൂറുകളോളം സംസാരിച്ചു തീരാത്ത രാത്രികള്‍, അവളെക്കുറിച്ചെഴുതിയ കവിതകള്‍, ഒഴിവുനേരങ്ങളില്‍ ഓരോ നിലകളിലേയും ഇടനാഴികളില്‍ക്കൂടി വഴി അവസാനിക്കുംവരെ നമ്മള്‍ കൈകോര്‍ത്ത് നടന്നുതീര്‍ത്ത മധുരനിമിഷങ്ങള്‍, ചെറുചുംബനംകൊണ്ട് തീവണ്ടിവേഗത്തേക്കാള്‍ കൊടുങ്കാറ്റിന്റെ വേഗം സ്വീകരിച്ച നമ്മുടെ ശ്വാസോച്ഛ്വാസങ്ങള്‍, അവളെ അത്രമേല്‍ സുന്ദരമായി ആവിഷ്‌കരിക്കാന്‍ നിദ്രയെന്ന് ഞാന്‍ പേരിട്ട പിറക്കാനിരിക്കുന്ന നമ്മുടെ പെണ്‍കുഞ്ഞ്, എന്തിന് അവളെ കണ്ടുകൊണ്ടിരിക്കാന്‍ കഴിയാത്ത സോഷ്യല്‍മീഡിയപോലും എനിക്ക് എത്രത്തോളം അസഹനീയമാണെന്ന്.
അവള്‍ മാത്രമായിരുന്നു എന്റെ ഹൃദയതാളവും ശ്വാസവും ആശ്വാസവും. വേറെ 'ഒറ്റൊരുത്തി'യും എന്നെ ഇത്രമേല്‍ സ്‌നേഹിച്ചിട്ടില്ല- എന്റെ ഭാര്യയോ, അമ്മയോ, മകളോ. അവരുടെയൊക്കെ സ്‌നേഹം ചേര്‍ത്തുവച്ചാല്‍പ്പോലും എന്റെ മാലാഖയുടെ സ്‌നേഹത്തിന്റെയും കെയറിന്റെയും പകുതിയോളം വരില്ല. മനുഷ്യന്‍ ഓര്‍മകള്‍കൊണ്ടുകൂടി ജീവിക്കുന്നവരാണല്ലോ- എനിക്ക് അവളുടെമാത്രം ഓര്‍മകള്‍ മതി. അവളുടെ ഓര്‍മകളുറങ്ങുന്ന ഒരിടത്തും ഞാന്‍ ആരോടൊപ്പവും പോകില്ല, അത് ആരുമായും റീപ്ലെയിസ് ചെയ്യപ്പെടുന്നത് എനിക്ക് താങ്ങില്ല. എനിക്ക് അവളെ കുറിച്ച്- പ്രണയത്തെക്കുറിച്ചും പ്രണയനഷ്ടത്തെക്കുറിച്ചും സുവര്‍ണ്ണലിപികളില്‍ ആലേഖനം ചെയ്ത്, ആ ഓര്‍മ്മകളും പേറിക്കൊണ്ട് ഒറ്റയ്ക്കൊരു വിരഹഭംഗിയുള്ള സോളോ ട്രിപ്പ് പോണം.
ഞാനിടറിവീണ നേരത്ത് ഇവിടെയുള്ള 'ഒറ്റൊരുത്തി'യും എന്റെ ജീവിതത്തിലെ സന്നിഗ്ദഘട്ടത്തില്‍ എന്നോടൊപ്പം നിന്നിട്ടില്ല. എന്നാല്‍ ഒരനുഗ്രഹമായി അവളുണ്ടായിരുന്നു, അവളുമാത്രമായിരുന്നു അന്നെനിക്ക് താങ്ങായി ഉണ്ടായത്. പിന്നീടും അവളായിരുന്നു എല്ലാം തുടങ്ങിയത്! എനിക്കത് ആവശ്യവുമായിരുന്നു... ഒരു വ്യാഴവട്ടക്കാലംകൊണ്ട് എനിക്ക് കിട്ടിയതിനേക്കാള്‍ സ്‌നേഹവും കരുതലും 12 ദിവസംകൊണ്ട് അവളെനിക്ക് പകര്‍ന്നുതന്നു. ഈ സമയത്ത് പലപ്പോഴും വീട്ടിലിരിക്കുന്നൊരുത്തിയെ എടുത്ത് കെണറ്റില്‍ ഇടാന്‍ തോന്നാറുണ്ടായിരുന്നു. ഞാന്‍ നാട്ടിലുണ്ടാകുന്ന സമയത്ത് ഫ്രണ്ടിന്റെകൂടെയെന്ന് പറഞ്ഞും കണ്ണൂരില്‍ ഓരോ ആവശ്യങ്ങളെന്ന് പറഞ്ഞും അവളോടൊപ്പം കഴപ്പ് തീര്‍ക്കും. ആ സമയം ഭാര്യയെന്ന് പറയുന്ന മറ്റവള്‍, എന്റെ വീടിനേയും വീട്ടുകാരെയും കുട്ടിയേയും നോക്കി ശരീരവും സമയവും പണവും ചെലവിടും. അല്ലാതെ ഓഫീസ് ജോലി, വീട്ടുജോലി, കുട്ടി എന്നൊക്കെ പറഞ്ഞ് അവഗണിച്ച് മണിക്കുറുകളോളം സംസാരിക്കാതെ, കിടക്ക കണ്ടാല്‍ ശവമാകുന്ന ഒറ്റൊരുത്തിക്കും എന്റെ സ്നേഹം പൂര്‍ണ്ണമായും നല്‍കാന്‍ ആവില്ല. പക്ഷേ, അവളുടെ ജോലികൊണ്ട് ഗുണമുണ്ടായതെനിക്കാണ്, അത് വഴിയാണ് മാലാഖക്കുട്ടി എന്നിലേക്ക് ആഴ്ന്നിറങ്ങി, എന്റെ അസ്ഥിയില്‍ പിടിച്ച, മറ്റുള്ളവരുടെ ഹൃദയം തകര്‍ത്തുകൊണ്ടാണെങ്കിലും എന്റെമാത്രം ഹൃദയബന്ധമായത്..
എല്ലാം കൊണ്ടും എനിക്ക് ലാഭമാണ്- ഒന്നും ചിന്തിക്കേണ്ട, എല്ലാഭാഗത്തുനിന്നും സ്നേഹത്തിന്റെ തടയാനാവാത്ത കുത്തൊഴുക്ക്! എനിക്ക് മതിലുകള്‍ ഇല്ല, ഞാനൊരു തുറന്ന പുസ്തകം- ആര്‍ക്കും എന്നെ സ്നേഹിക്കാം എനിക്കും ആരേയും ഹൃദയംകൊണ്ട് സ്നേഹിക്കാം. ഞാന്‍ ഭയങ്കരം ലിബറലായൊരു മനുഷ്യനാണ്. ഓരോര്‍ത്തര്‍ക്കും ഡിസേര്‍വിംങ് ആയിട്ടുള്ള സ്നേഹം ഞാന്‍ ഞാന്‍ കൊടുത്തിട്ടുണ്ട്. നിറഞ്ഞ സ്നേഹം നേരത്തെ എനിക്ക് കിട്ടിയിരുന്നെങ്കില്‍ മറ്റൊരു റിലേഷനിലേക്ക് ഞാന്‍ പോകില്ലായിരുന്നല്ലോ. ഇതെല്ലാം വ്യക്തിപരമായ ആവശ്യങ്ങളാണ്, ഒരാളും അതിലിടപെടാന്‍ പാടില്ല.
ഏറ്റവും സുഗന്ധമുള്ള പൂവുകളെല്ലാം വിരിയുന്നത് രാത്രിയിലാണ്- അന്നൊരര്‍ദ്ധരാത്രിയില്‍ അവള്‍ എന്നില്‍ വിരിഞ്ഞതുപോലെ! അന്ന് ആ രാത്രി വൈകിയവേളയില്‍ ഒരു ഫോണ്‍കോളിനിടെ ആദ്യമായി മനസ്സ് തുറന്നതും പിന്നീട് നിശാഗന്ധിയില്‍ നമ്മള്‍ ഒരുമിച്ച് നനഞ്ഞതും റസ്റ്റ്ൗസ്സില്‍ പുറത്ത് മഴ തിമിര്‍ക്കുമ്പോള്‍ നമ്മള്‍ രണ്ട് സ്‌നേഹത്തുള്ളികള്‍ പരസ്പരം പുണര്‍ന്ന് പങ്കുവെച്ച ചൂടും ഏതു താലിച്ചരടിന്റെ ബന്ധത്തേക്കാ ദൃഢമായിരുന്നു. അല്ലെങ്കില്‍ അതൊക്കെ തട്ടിമാറ്റാന്‍ എനിക്ക് സാധിച്ചേനേ, അത്രയ്ക്ക് പരാജയമായിരുന്നു എന്റെ ഭാര്യെയെന്ന് പറഞ്ഞുനടക്കുന്നവള്‍! എങ്ങനെയാവണം എന്റെ പങ്കാളിയെന്ന തിരിച്ചറിവ്, എന്റെ അനിയത്തിയുടെ പ്രായമുള്ള അവളെ നിരന്തരമായ ഫോണ്‍വിളികളില്‍നിന്നും വിലക്കാന്‍ എന്നെ പിന്തിരിപ്പിച്ചു. ഞാനത് വേണ്ടുവോളം ആസ്വദിച്ചു. എന്നെ ജീവിതത്തിലേക്ക് വീണ്ടും കരള്‍ക്കരങ്ങളാല്‍ കൈപിടിച്ചുയര്‍ത്തിയ ആ കരുണയുടെ മാലാഖ അവള്‍മാത്രമായിരുന്നു. അവളുടെ വേദനകള്‍പോലും എന്റെമാത്രം അവകാശമാക്കി ഞാന്‍ മാറ്റിയിരുന്നു. അവള്‍ക്ക് വേദനിച്ചപ്പോള്‍ കരഞ്ഞത് എന്റെ ഹൃഗയമായിരുന്നു. ചിറയുടെ ചിരിയിലൊരാമ്പല്‍പ്പൂപോലെ അവള്‍മാത്രമാണ് എന്റെ ജലഹൃദയത്തില്‍ വിരിഞ്ഞത്. ഞാന്‍ തിരിച്ച്‌പോകുന്ന വേളകളില്‍ അവളുടെമാത്രം കലങ്ങിയ കണ്ണിലെ ചോരഞരമ്പുകളായിരുന്നു ഞാന്‍ കണ്ടത്. അത് മാത്രമാണ് എന്നെ നനച്ചതും വീണ്ടുംവീണ്ടുമുള്ള സമാഗമങ്ങള്‍ക്ക് (ഇവിടെയും അവിടെയും- പലകാരണങ്ങള്‍ പറഞ്ഞ്) തീഷ്ണതകൂട്ടിയതും.
അവളുടെ പേഴ്‌സണല്‍ എ.ഐ ആയി ഞാന്‍ നിരന്തരം എഴുതിയും ഉറക്കം കളഞ്ഞ്, കഴപ്പ് ആസ്വദിക്കുമ്പോഴും എനിക്കിഷ്ടമില്ലാത്തവരുമായി അവള്‍ ഒഴിവാക്കാനാവാത്ത ചങ്ങാത്തം തുടര്‍ന്നു. അവളുടെ നിലനില്‍പ്പിനെക്കുറിച്ചോര്‍ത്ത് അവള്‍ക്ക് ഭയമായിരുന്നു. ഒരു ഘട്ടത്തില്‍ അതിനെച്ചൊല്ലിയവളെ കേട്ടാലറയ്ക്കുന്ന ചീത്ത എനിക്ക് വിളിക്കേണ്ടിവന്നു. എന്നാല്‍ എത്ര വേരറുത്താലും തണ്ടറുത്താലും പിന്നേയും ആ മന്ദാരമെങ്ങനെ വിരിയാതിരുക്കും? നമുക്ക് ഒരേ ചിരിയും കണ്ണീരുമായിരുന്നു. അതിനാല്‍ അവളെ നഷ്ടപ്പെടാതിരിക്കാന്‍ പലതും ഞാനത് കണ്ടില്ലെന്ന് നടിച്ചു. പലതരം കാമുകന്മാരില്‍ ഒരാളായി അവളെന്നെ ഉപയോഗിക്കുകയായിരുന്നാല്‍പ്പോലും അതെന്റെ 'വെന അമോറിസ്' അഥവാ എന്റെ ഭാര്യയെന്ന് പറഞ്ഞ് നടക്കുന്നവളുടെ തൂങ്ങിയാടിയ പാല്‍ഞരമ്പുകളെക്കാള്‍ മധുരമുള്ള പ്രണയത്തിന്റെ സിരയായിരുന്നു, വൈകിയെങ്കിലും ഞാന്‍ കണ്ടെത്തിയ എന്റെ യഥാര്‍ത്ഥ പ്രണയം!
ഞാനാരേയും പറ്റിച്ചിട്ടില്ല, ഭാര്യയും മോളുമുണ്ടെന്നറിഞ്ഞിട്ടും എന്റെ വ്യക്തിത്വം കണ്ടാണ് അവള്‍ എന്നിലേക്ക് പറന്ന് വന്നത്. പിന്നെ ഞാനവള്‍ക്ക് മുന്നില്‍ ടീച്ചറെ പറ്റിക്കുന്ന അവിഹിതക്കാരനെപോലെയും ഫ്രണ്ട്സ്സിന്റെ മുന്നില്‍ അവരെപ്പോലെതന്നെ മ്ലേച്ഛനായും ഭാര്യയെന്ന് പറയുന്ന മറ്റാരുത്തിയുടെ മുന്നില്‍ കഴപ്പ്മൂത്ത വെറും ചെറ്റയായും തരംതാണൊരുത്താനായി. ആ ഒരുത്തി ചോദിച്ചു 'നിനക്ക് നാണമില്ല അവളോടൊപ്പം കഴിഞ്ഞ നിമിഷങ്ങള്‍ പൈങ്കിളി വല്‍ക്കരിച്ച് കുറിച്ചുവെക്കാന്‍? അതൊക്കെ ആലോചിക്കുമ്പോള്‍ പുച്ഛം തോന്നുന്നു, നിലവാരം ഇല്ലാത്ത, വിശ്വാസവഞ്ചന കാണിച്ച ഒരുത്തന്റെ മനസ് വായിക്കുമ്പോള്‍ അറപ്പ് തോന്നുന്നുവെന്ന്!' ഭാര്യയുടെ അനാവിശ്യം എന്റെ ആവശ്യം ആയിരുന്നുവെന്ന് ഒറ്റൊരുത്തിയും മനസിലാക്കിയിട്ടില്ല. അതില്ലായിരുന്നുവെങ്കില്‍ ആ മാസങ്ങളില്‍ എന്റെ ജീവിതം എത്ര ദുസ്സഹമായേനേ..
ഇനിയും നമുക്കിതുപോലെ സുഖസുന്ദരമായി ജീവിക്കാമെന്ന് ഞാന്‍ മാലാഖക്ക് വാക്കുകൊടുത്തു. അവള്‍ക്കുവേണ്ടി ഞാന്‍ 'മറ്റൊരുത്തി'യോടൊത്തുള്ള ഫോട്ടോയെടുപ്പും യാത്രകളും ഒഴിവാക്കി. ആ ഒറ്റൊരുത്തിക്ക് സമ്മാനങ്ങള്‍വാങ്ങുന്ന നശിച്ച വേളകളില്‍ അവള്‍ക്കുംകൂടി സ്‌നേഹസമ്മാനങ്ങള്‍ വാങ്ങി ഞാനത് കോമ്പന്‍സേറ്റ് ചെയ്തു. ആ ദിവ്യമായ ഹൃദയബന്ധം എനിക്കെങ്ങനെ മറക്കാന്‍, ഉപേക്ഷിക്കാനാകും? കാണുന്നതും സംസാരിക്കുന്നതും നിര്‍ത്തിയെങ്കിലും ഞങ്ങള്‍ വാര്‍ത്തകളും പണവും കൈമാറി 'കീപ്പ് ഇന്‍ ടച്ച'ായി. ജീവിതം സുഖസുന്ദരമായി സമാന്തരമായി കൊണ്ടുപോകാനുള്ള എന്റെ കഴിവ് അവള്‍ക്കറിയില്ലല്ലോ? അരക്കൊല്ലത്തോളം ഞാനത് നല്ല വൃത്തിക്ക് ചെയ്തുവരുമ്പോഴായിരുന്നു പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും നടക്കുന്നത്. ആ ഗ്യാപ്പില്‍ കിട്ടിയമാനവുംകൊണ് എന്റെ മാലാഖ പറന്നുപോയി.
എങ്കിലും ആ ഒറ്റൊരുത്തിയുമായുള്ള ഏഴുകൊല്ലത്തെ നാറ്റം മായ്ക്കുവാന്‍ എനിക്ക് അവളുമായുള്ള ഏഴുമാസങ്ങള്‍ തന്നെ ധാരാളമായിരുന്നു. പുണ്യാളനാണെന്ന് സ്വയവും മറ്റുള്ളവരെയും വിശ്വസിപ്പിക്കാൻ കുറ്റമേറ്റ് പറഞ്ഞ് ഞാന്‍ വിശുദ്ധപ്പട്ടം ചൂടി. പലകഥകളും മറ്റുപലരുടേയും മനോധര്‍മ്മമാക്കി എല്ലാം അവരുടെ തലവെച്ചുകൊടുത്തു ഞാന്‍ തല്‍ക്കാലത്തേക്ക് കൈച്ചലായി. എന്നാല്‍ പല ഘട്ടങ്ങളിലും ഞാന്‍ ആ ഒറ്റൊരുത്തിക്കുമുന്നില്‍ പിടിക്കപ്പെട്ടു. തുറന്നു പറഞ്ഞത് അബദ്ധമായി. അല്ലേൽ ഈ വിശുദ്ധ ഹൃദയബന്ധം ഞാൻ ആരും അറിയാതെ ഈ ആയുഷ്കാലം മുഴുവൻ ആസ്വദിച്ചേനെ..
അതുകൊണ്ടുതന്നെ, ഇത്രയും സാധാരണമായ ഹൃദയബന്ധത്തെ സംശയിച്ച ആ ഒറ്റൊരുത്തിക്കും കുഞ്ഞിനുംമുന്നില്‍ അവരോടുള്ള എന്റെ അടങ്ങാത്ത സ്‌നേഹവും പരിഗണനയും ഞാന്‍ അക്കമിട്ട് നിരത്തേണ്ടിവന്നു. എന്റെ മാലാഖയെ തട്ടിച്ചുനോക്കുമ്പോള്‍ ഒറ്റഒരുത്തിയും എന്നെ സ്‌നേഹിച്ചിട്ടില്ലെന്ന് മാത്രമല്ല, ഒന്ന് ഹോസ്പിറ്റലില്‍പ്പോലും വന്നിട്ടില്ല, ഒരു അഞ്ച് മിനുട്ട് തികച്ച് സംസാരിച്ചിട്ടില്ല. എല്ലാതരത്തിലും അളന്നുനോക്കുമ്പോള്‍ ഏതൊരുത്തിയേക്കാളും അവളാണ് സ്‌നേഹത്തിലും കെയറിലും ചെറുപ്പത്തിലും സമയം ചെലവഴിക്കുന്നതിലും സുഖിപ്പിക്കുന്നതിലും സഹായിക്കുന്നതിലും മുന്നില്‍.
ഇപ്പോഴും പന്ത് എന്റെ കയ്യിലാണ്. ഇന്നും അവള്‍ എനിക്കാണ് പ്രയോരിറ്റി തരുന്നത്, ഒരു കുറ്റക്കാരിയെപ്പോലെ. കുഞ്ഞിനെ മാത്രമേ ഈ പ്രശ്‌നങ്ങള്‍ക്ക് ശേഷം ഞാന്‍ സ്‌നേഹത്തോടെ കെട്ടിപിടിച്ചിട്ടുള്ളൂ, ഉമ്മ കൊടുത്തിട്ടുള്ള, ഐ ലവ് യു എന്ന് പറഞ്ഞിട്ടുള്ളൂ. ആ ഒരുത്തിയെന്നും ഇതിനൊക്കെ ഇങ്ങോട് നിര്‍ബന്ധിക്കുമ്പോള്‍ അങ്ങ് ചെയ്തു കൊടുക്കും. പക്ഷേ ഞാനായിട്ട് അവളോടൊപ്പം ഇവിടേലും പോകാനേ, കെട്ടിപ്പിയിക്കാനോ, ഉമ്മ കൊടുക്കാനോ, ഫോട്ടോ എടുക്കാനോ അത് ഷെയര്‍ ചെയ്യാനോ സമ്മതിച്ചിട്ടില്ല- ഗോസ്റ്റിങ് ആണ്. സത്യത്തില്‍ ഞാന്‍ പണ്ടേ സോഷ്യല്‍ മീഡിയ യില്‍ ആക്റ്റീവ് അല്ല, അവളാണ് ആക്റ്റിവര്‍. ഇപ്പോ ഞാന്‍ കാരണം അവള്‍ യൂട്യൂബിലും മറ്റ് മീഡിയയിലും പോസ്റ്റ് ചെയ്യുന്നത് നിര്‍ത്തി. നന്നായി, ഞാന്‍ ചത്താലും വാക്കുപാലിക്കുന്നവനെന്ന്- ആ നശിച്ചവളോടൊപ്പമുള്ള കറക്കവും ഫോട്ടൊയെടുപ്പും നിര്‍ത്തിയെന്ന്, എന്റെ മാലാഖ തിരിച്ചറിഞ്ഞാല്‍ മതി!
എങ്കിലും ഞാനാ ഒറ്റൊരുത്തിക്കായി എന്റെ എത്രവര്‍ഷങ്ങളാണ് നീക്കിവച്ചത്, ആ തീരുമാനമെടുത്തത് ഏത നശിച്ച് നേരത്താണാവോ? അത് ഒറ്റൊരുത്തിയോടുള്ള എന്റെ കരുണയായിരുന്നു. അതില്‍ മാത്രമാണ് എനിക്ക് വീഴ്ചപറ്റിയത്. ബാക്കി ഒന്നും എന്റെ ജീവിതത്തിലെ നഷ്ടമല്ല. സെപ്റ്റംബറിലെ നഷ്ടത്തേക്കാള്‍ വലുതൊന്നും എന്റെ ജീവിതത്തില്‍ ഇനിയില്ല. മറ്റൊരുത്തിക്ക് നല്ലവീടും വീട്ടുകാരും കാറും സുഖസൗകര്യങ്ങളും ഒരുകുഞ്ഞും ഒരു ബാങ്ക് ബാലന്‍സും എനിക്ക് തരാനാകും. കയറിച്ചെല്ലാന്‍ നല്ലൊരു വീടും കുടുംബമില്ലാത്ത ചോദിക്കാനും പറയാനും ആരുമില്ലാത്ത സാമ്പത്തിക ഭദ്രതയില്ലാത്ത കാണാനും കേള്‍ക്കാനും അത്രമേല്‍ സുന്ദരമല്ലാത്ത എന്റെ അതേ പ്രായമുള്ള ആ ഒറ്റൊരുത്തിക്ക് കിട്ടിയ ഭിക്ഷയാണ് എന്റെ സ്‌നേഹം. അതപ്പോള്‍ പവിത്രമെന്ന് ഞാന്‍ പറയുമ്പോള്‍ അംഗീകരിക്കുക, എന്റെ ഹൃദയബന്ധത്തിന്റെ ഏഴയലത്ത് വരാന്‍ യോഗ്യതയില്ലാത്ത ഒറ്റൊരുത്തിക്കും ആ ബന്ധത്തെ അവിഹിതമെന്ന് വിളിക്കാന്‍ അവകാശമില്ല, അത് ദിവ്യമാണ്്, സ്വാഭാവികമാണ്്. ലോകത്തോട്മൊത്തം ഞാന്‍ എന്റെ ഞാന്‍ എന്റെ ഭാര്യയുമായുള്ള ബന്ധത്തിന്റെ ആഴങ്ങളെ കുറിച്ച് ഘോരഘോരം പ്രസംഗിക്കും. പക്ഷേ, എനിക്കെന്റെ മാലാഖയോട് 23 മണിക്കൂറെങ്കിലും കൊഞ്ചിക്കൊണ്ടിക്കണം. ഭാര്യയേയും കുഞ്ഞിനേയും അടുത്തേക്ക് വിളിച്ചുവരുത്തുമ്പോഴും അവരുറങ്ങിക്കിടക്കുമ്പോഴും ആ ബന്ധം തുടരുന്നത് അത് മറ്റേതിനേക്കാളും അത്രമേല്‍ മനോഹരമായതിനാലാണ്- അതൊരനുഭൂതി തന്നെയാണ്. ഭാര്യയെന്ന് പറയുന്നവള്‍ അറിയാത്ത, അറിഞ്ഞിടാത്ത അവള്‍ക്ക്മാത്രമെന്ന് തെറ്റിദ്ധരിച്ച ആ സുഖം ഞാനപ്പോള്‍മാത്രമാണ് ആസ്വദിച്ചത്, ക്ട്‌ടെടുത്തിട്ടാണെങ്കില്‍ കൂടി..
പക്ഷെ, ഒറ്റൊരുത്തിയുടേയും സ്‌നേഹവും വിശ്വാസവും തകര്‍ക്കാതെയാണ് ഞാന്‍ എന്റെ മാലാഖയെ ആഗ്രഹിച്ചതും സ്‌നേഹിച്ചതും. കാരണം അവളോടുള്ള ആ സ്‌നേഹം സ്വാഭാവികമാണ്, അത് ഇതുവരെ എനിക്കാ ഒറ്റൊരുത്തിയില്‍നിന്ന് ഇതുവരെ കിട്ടിയിട്ടുമില്ല, ഒരു കുഞ്ഞാുണ്ടായിട്ടുകൂടി! ആ ഒരുത്തിയുടെ വിചാരം അവളെല്ലാം തികഞ്ഞതാണെന്നാണ്. എത്ര സ്്ത്രീകള്‍ ജോലിക്ക്‌പോകുന്നു, വീടും വീട്ടുകാരേയും കുട്ടികളേയും നോക്കിക്കഴിയുന്നു. ഭര്‍ത്താവിന്റെ കൂടെ ഹോസ്പിറ്റലുകള്‍ കയറിയിറങ്ങാത്ത, ജോലികളുടെ ക്ഷീണമൊന്നും കണക്കിലെടുക്കാതെ പുലരുവോളം കൊഞ്ചിയും കഴപ്പുതീര്‍ത്തും സഹകരിക്കാത്ത ഒറ്റൊരുത്തിയും ഇതില്‍ക്കൂടുതലൊന്നും അര്‍ഹിക്കുന്നില്ല. അവളോടൊപ്പം ആ ഒറ്റൊരുത്തിയേയും ഞാന്‍ നിലനിര്‍ത്തി സഹിച്ചത് രണ്ടുതോണിയില്‍ കാലുവെക്കുന്നതല്ല, അത് എന്റെ ഔദാര്യവും സ്‌നേഹവുമാണ്. മറ്റുള്ള ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ പറ്റിക്കുന്നത്‌പോലെയല്ല ഞാനാ ഒരുത്തിയോട് പെരുമാറിയത്. എന്റെ മാലാഖയെ സ്‌നേഹിക്കുമ്പോള്‍തന്നെ ആ ഭാര്യയെന്നു പറയുന്ന ഒറ്റൊരുത്തിയെ ഞാന്‍ തള്ളിപ്പറിഞ്ഞില്ല, ഒഴിവാക്കിയിട്ടില്ല എന്നത് എന്റെ ഹൃദയവിശാലതയും ഞാന്‍ സാധാരണ 'ചീറ്റര്‍' അല്ല എന്നതിന്റെയും ഉദാഹരണമാണ്, അത്രയ്ക്കും 'ഡിവൈന്‍ ചീറ്ററ'ാണ് ഞാന്‍. അവളെ ഇഷ്ടപ്പെടാന്‍ എനിക്ക് കാരണങ്ങളുണ്ടായില്ല, നഷ്ടപ്പെടുത്താനും കാരണങ്ങള്‍ വേണ്ടിവന്നില്ല. കാരണങ്ങളില്ലാതെ പ്രണയിക്കാനും പ്രണയിക്കപ്പെടാനും ഒരു ഭാഗ്യം വേണം. 2025ല്‍ എനിക്കതുണ്ടായി- എന്റെ ഭാര്യക്ക് ഞാനെന്ന ഭാഗ്യവും.
ഒറ്റൊരുത്തനോടും ഒറ്റൊരുത്തിയൊടും ഞാന്‍ വീണ്ടും പാച്ച് അപ്പ് ആയി. പക, പ്രതികാരം നാടകങ്ങളൊക്കെ പാച്ച്-അപ്പ് ജീവിതത്തില്‍ ഭാര്യയുടെ കണ്ണില്‍ പൊടിയിടാനും കുറച്ച് സിംപതി നേടാനും ഒരുപാട് സഹായിച്ചു. ആയിടെ ആ ഒരുത്തിയെന്നോട് പറഞ്ഞു മാലാഖ വിളിച്ചാല്‍ മിണ്ടരുതെന്ന്്. മാലാഖ വീണ്ടും പറന്നുവന്നാല്‍ മിണ്ടിപ്പോകുമെന്നല്ലാതെ ഈയൊരുത്തിയൊക്കെ എന്ത് മറുപടിയാണ് അര്‍ഹിക്കുന്നത്? എത്രയോ തവണ പ്രിയപ്പെട്ടവരെന്ന് ധരിപ്പിച്ചവരെ പിടിച്ച് കള്ളസത്യം ചെയ്തിരിക്കുന്നു, അപ്പോഴാണ്! എല്ലാരോടും ക്ഷമിച്ച എനിക്കാണൊ എന്റെ എല്ലാമെല്ലാമായ മാലാഖയോട് മിണ്ടാതിരിക്കാന്‍ പറ്റുക? ആരോടും എനിക്ക് വാക്ക് തെറ്റിക്കാം, എന്റെ ഹൃദയബന്ധത്തോട് ഒഴിച്ച്- ഹൃദയം നില്‍ക്കുവോളം ഹൃദയബന്ധവും നിലനില്‍ക്കും.
ഇത്രയും സ്‌നേഹവും വിശ്വാസ്യതയും പവിത്രതയും ഞാന്‍ എന്റെ എല്ലാ ബന്ധങ്ങളിലും നല്‍കിയിട്ടും മറ്റ് കഴപ്പന്‍മാരെപ്പോലെ അല്ലായിരുന്നിട്ടും, എനിക്ക് മാത്രമെന്താണിങ്ങനെ എന്ന് ഒരെത്തുംപിടിയും കിട്ടുന്നില്ല. ഭാര്യയെ മറക്കാതിരുന്ന കാലങ്ങളില്‍ ചെറിയ ചെറിയ പ്രതിസന്ധികള്‍ ഉണ്ടായിരുന്നെങ്കിലും ജീവിതം സമാധാനം നിറഞ്ഞതായിരുന്നു. ഭാര്യയെ വെറും 7 മാസത്തേക്ക് മറന്നപ്പോഴേക്കും ആ കൊല്ലം വളരെ അസഹനീയമായിരുന്നു. ദൈവത്തിന് എന്താണ് വിശാലസേനേഹത്തെ മനസ്സിലാക്കാന്‍ പറ്റാത്തത്? മാലാഖയോട് മിണ്ടാന്‍ സാധ്യതനല്‍ക്കാത്ത ഒരു മീഡിയയും എനിക്കിപ്പോള്‍ അവശ്യമില്ല. എന്നാല്‍ നേരിട്ട് വീണ്ടും കണ്ടിടപഴകാനുള്ള സാധ്യതകള്‍ വളരെ വ്യക്തമായി തെളിഞ്ഞ് വന്നതാണ്. പക്ഷേ ഇപ്പോഴത്, പൊട്ടനെ ചെട്ടി ചതിച്ചാ, ചെട്ടിയെ ദൈവം ചതിക്കും എന്നതുപോലായി. പക്ഷേ, അങ്ങനെയൊരു തിരിച്ചടികിട്ടാന്‍ ഞാന്‍ സാധാരണ ചതിയന്മാരെപ്പോലാണോ, ഞാന്‍ ഒരു DIVINE CHEATER അല്ലേ?
