വിശ്വാസികൾ എന്ന കള്ള ലേബലിൽ അക്രമം നടത്തുന്ന ആർ.എസ്.എസും ബി.ജെ.പിയും കോൺഗ്രസും മറ്റ് ഹൈന്ദവ വർഗ്ഗീയ സംഘടനകളും കേരളത്തെ ദ്രുവീകരിക്കുവാൻ ശ്രമിക്കുന്നത് കാണുമ്പോൾ ഇത്രയും ചോദിക്കാതെ വയ്യ:
ആരാണ് നിങ്ങൾക്ക് ഒരു പൗരൻ്റെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കാൻ ലൈസൻസ് തന്നത്? ഭക്തരെ തടയാൻ ഗാന്ധിയെകൊന്ന യോഗ്യതയ്ക്കപ്പുറം നിങ്ങൾക്കെന്താണുള്ളത്?
കോടതിവിധിയെ മാനിക്കാതെ സംഘടിതമായി എതിർക്കുകയും വിധിനടപ്പിലാക്കാൻ തടസം നിൽക്കുകയുംവഴി പരസ്യമായി കോടതി അലക്ഷ്യം നടത്തുവാനും ഭരണഘടന ചൂട്ടെരിക്കണമെന്ന് ആക്രോശിവാനും എന്ത് അധികാരമാണ് നിങ്ങൾക്കുള്ളത്?
സംസ്ഥാനത്തിന് എതിരെയാണ് സമരം എന്നുകുരയ്ക്കുന്ന നിങ്ങൾക്ക് കോടതിവിധിയെക്കുറിച്ചും ഓർഡിനൻസ് ഇറക്കാനുള്ള സംസ്ഥാനത്തിൻ്റെയും കേന്ദ്രത്തിൻ്റെയും പാർലമെൻ്റിൻ്റേയും അധികാരത്തെക്കുറിച്ച് എന്തുകൊണ്ട് മിണ്ടുന്നില്ല?
ഞാനടക്കമുള്ള വിശ്വാസികളുടെ പേരിൽ നിങ്ങൾ നടത്തുന്ന ദാർഷ്ട്യം മതിയാക്കുക. അല്ലെങ്കിൽ അത് വിശ്വാസികളെ അപമാനിക്കുന്നത് തുല്ല്യമാണ്. സ്വന്തം എെഡൻ്റിറ്റിയിൽ പ്രതികരിക്കുക.
ബ്രഹ്മചാരിയായ ധർമശാസ്താവിനെ 10 നും 50 നും ഇടയിലുള്ള സ്ത്രീകൾ കാണുന്ന പക്ഷം അദ്ദേഹത്തിൻ്റെ ബ്രഹ്മചര്യം നഷ്ടമാകുമെന്ന് വിശ്വസിക്കുന്ന വിശ്വാസികളേ.., മത്സരിക്കാൻ മത്സരാർത്ഥികൾ ഇല്ലാത്ത ഇലക്ഷൻപോലെ സ്ത്രീകളെ അകറ്റി നിർത്തി ബ്രഹ്മചര്യം കാത്തുസൂക്ഷിക്കേണ്ട ഗതികേടിലാണോ അയ്യപ്പൻ? അയ്യൻ ഏത് അപ്സരസ്സുവന്നാലും കുലുങ്ങാത്തവൻ ആണെന്നും ആ പ്രഭാവത്തിന് ഒരുകോട്ടവും തട്ടില്ലെന്നും നിങ്ങൾ എന്തെ വിശ്വസിക്കാത്തത്..?
കലാപം സൃഷ്ടിക്കുക എന്ന ഉദ്ദേശം വച്ച് വഴിയാത്രക്കാരേയും ഉദ്യോഗസ്ഥരേയും മാധ്യമപ്രവർത്തകരേയും പോലീസിനെയും അക്രമിക്കുന്നതിലും കലാപത്തിന് ആഹ്വാനം ചെയ്ത ശ്രീധരൻപിള്ള, രാഹുൽ ഈശ്വർ തുടങ്ങിയ മുന്നണിയിലുണ്ടായ പലനേതാക്കളും പതിവുപോലെ കോൺഗ്രസുകാരും മുങ്ങിയതിലും നിങ്ങൾക്ക് അസ്വഭാവികത തോന്നുന്നില്ലെങ്കിൽ അത് നിങ്ങളുടെ ബൗദ്ധിക- മാനസിക വളർച്ച കുറഞ്ഞതിലാകാം.
എല്ലാത്തിനും മുന്നിൽനിന്നുകൊണ്ട് നിഷ്കളങ്കരായ വിശ്വാസികളെ ബലിയർപ്പിക്കുമ്പോൾ അതിൻ്റെ ഉത്തരവാദിത്വമെങ്കിലും ഏറ്റെടുക്കാനുള്ള ചങ്കുറപ്പെങ്കിലും കാട്ടണം നിങ്ങൾ. അല്ലാതെ കടകംപള്ളി സുരേന്ദ്രനാണ് വിവിധ ബസുകളിൽ അക്രമികളെ കൊണ്ടുവന്നതെന്ന ബ്ലണ്ടർ അടിച്ച് വിടരുത്. പോലീസ് പാലിക്കുന്ന സംയമനം ദുർഭലതയായും കാണരുത്. നാളെെ ആഹ്വാനം ചെയ്ത ഹർത്താൽ പരാജയപ്പെടുത്തി യഥാർത്ഥ വിശ്വാസികളുടെ ശക്തി കാണിച്ച് കൊടുക്കുക.
എനിക്ക് ഒരവസരം കിട്ടുവാണെങ്കിൽ തീച്ചയായും ഞാൻ മലചവിട്ടും. പണ്ട് ഡിഗ്രിക്ക് പഠിക്കുമ്പോൾ മുതൽ ഇതേ ആഗ്രഹം ഞാൻ കൂട്ടുകാരോട് പറഞ്ഞിരുന്നു. എത്രയോ അന്യനാട്ടുകാർ വേഷംമാറി പോയത് അന്നൊക്കെ വാർത്തയായിരുന്നു. അതേവഴി തന്നെ വേണേൽ നോക്കാംന്നും അന്നത്തെ സാഹചര്യത്തിൽ പറഞ്ഞിരുന്നു.
ഞാൻ വിശ്വാസിയാണ്. നിങ്ങളുടെ, നേരത്തെ പറഞ്ഞപോലത്തെത് അല്ല. എനിക്ക് മാലയിട്ട് പോണംന്ന് തോന്നിയാൽ പോകും പോകാത്തവരോടോ പോകുന്നവരോടോ എനിക്ക് ഒരു ശത്രുതയും തോന്നില്ല. കാരണം, ഞാൻ വിശ്വസിക്കുന്ന അയ്യൻ ഏത് പ്രളയം വന്നാലും വിധി വന്നാലും കുലുങ്ങില്ല എന്നറിയാം.
വിശാലമായതും നിരന്തരമായതുമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് ഹിന്ദുമതം. അത് ചരിത്രത്തിൽ സുവർണ്ണലിപികളാൽ എഴുതപെട്ടതാണ്. വർഷങ്ങൾ കഴിയുമ്പോൾ പുതിയ വിധിയുമായി നിങ്ങൾ ഏവരും പൊരുത്തപ്പെടും. അല്ലെങ്കിൽ 'യഥാർത്ഥ' വിശ്വാസികളായ നിങ്ങൾക്ക് ഇതിന് പിന്നിലുള്ളവരെ അയ്യപ്പൻ ശിക്ഷിച്ചോളും എന്ന വിശ്വാസമെങ്കിലും വച്ച്പുലർത്തിക്കൂടെ..
ഇനി, ആർത്തവസമയത്ത് സ്ത്രീകൾ ക്ഷേത്രങ്ങളിൽ പ്രവേശിക്കുമെന്ന് ആരും ഭയപ്പെടണ്ട. ആർത്തവം അശുദ്ധിയോ അണ്ഡം വിസർജ്യമോ ആയിട്ടല്ല, ആ സമയത്തെ ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ടാണ്. മിക്ക സ്ത്രീകളും വയറ്-നടുവ് വേദനയോടൊപ്പം പാഡ്മാറ്റേണ്ട ബുദ്ധിമുട്ടുകൾകൂടി അനുഭവിക്കുന്നവരാണ്. ആയതിനാൽ അന്നേദിവസങ്ങളിൽ യാത്രകൾ ഒഴിവാക്കാനാണ് ഭൂരിഭാഗവും ശ്രമിക്കുക.
അതോടൊപ്പം ആചാരസംരക്ഷണത്തിൻ്റെ ഭാഗമായി തെരുവിൽ ഇറങ്ങിയ 'വിശ്വാസികളായ' സ്ത്രീകളോട് നിങ്ങൾക്ക് "വേറെ പണിയൊന്നുമില്ല പെണ്ണുങ്ങളേ.." എന്ന് ചോദിക്കാൻ തന്നെയാണ് തോന്നുന്നത്.
ആ ചോദ്യത്തിൽ സ്ത്രീകളൊക്കെ എന്നും വീട്ടിൽ ചോറും കറിയും വെച്ച്, കുട്ടികളെ നോക്കിമാത്രം കഴിഞ്ഞാൽപോരേ എന്ന വ്യഗ്യം ഇല്ലേയില്ല . ഞാൻ ഒരിക്കലും സ്ത്രീകൾ ഇത്തരം ജോലികൾ നിർബന്ധമായി ചെയ്തേപറ്റൂന്ന് ഒരിക്കലും പറയില്ല.
നിങ്ങൾ പ്രതികരിക്കണം, നിങ്ങളുടെ ശബ്ദം നാടിനെ പ്രകമ്പനം കൊള്ളിക്കണം. ആരേയും നേരിടാൻ തക്കവണ്ണം നിങ്ങൾ പ്രബുദ്ധരാകണം. സർവ്വ ഇന്ദ്രിയങ്ങളും നിങ്ങൾക്കെതിരെ വരുന്ന തെറ്റിധരിപ്പിക്കലിൻ്റെ, ഭീഷണിയുടെ, ആരോപണങ്ങളുടെ ഒളിയമ്പുകളെ നേരിടാൻ സജ്ജമാക്കണം.
നിങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന എത്ര വിഷയങ്ങളിൽ നിങ്ങൾ പ്രതികരിച്ചിട്ടുണ്ട്..? നിങ്ങളുട അനുവാദമില്ലാതെ നിങ്ങളെ ആരേലും സ്പർശിച്ചപ്പോൾ ഒഴിഞ്ഞുമാറുന്നതിന് പകരം ചോദ്യം ചെയ്തിരുന്നുവോ, സ്വന്തം വ്യക്തിത്വത്തിനേറ്റ അപമാനത്തിനായി നിയമസഹായം തേടിയിരുന്നുവോ, തുല്ല്യ ജോലിക്ക് വേണ്ടി സമരം ചെയ്തിരുന്നുവോ, സ്വന്തം അഭിപ്രായത്തിൽ കാര്യങ്ങൾ തീരുമാനിച്ചിരുന്നോ, ഇഷ്ടപ്പെട്ടത് സ്വന്തമാക്കാൻ നിരാഹാരം കിടന്നിരുന്നോ, വിലക്കയറ്റത്തിന്- വീട്ടുസാധനങ്ങൾ,ഗ്യാസ്,പെട്രോൾ,മരുന്ന് എതിരെ പ്രതിഷേധം സ്വന്തംവീട്ടിലെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ, പീഡിപ്പിക്കപ്പെട്ട ഏതെങ്കിലും ഒരു പെൺകുട്ടിക്കായ് കണ്ണുനീർ പൊഴിച്ചിരുന്നോ...
ഇതിനൊക്കെ ഉണ്ടന്നും ഇല്ലെന്നും ഉത്തരങ്ങൾ വരാം. എന്നാൽ ഒരു നിമിഷം ചിന്തിക്കുക, ചരിത്രത്തിൽ ആഭാസകരമായി രേഖപ്പെടുത്തുന്ന ഒരു കാര്യത്തിനുവേണ്ടിയാണ് നിങ്ങളെ, വിശ്വാസികളെ, വിവിധ സംഘടനകൾ ഉപയോഗിക്കുന്നത് എന്ന്.








