Showing posts with label poems. Show all posts
Showing posts with label poems. Show all posts

Friday, 23 March 2018

പിരിമുറുക്കം



പത്തിരുപത് കൊല്ലംകൊണ്ടുരുക്കി
മനസ്സുരുക്കി മനസ്സുരുക്കി
ഞാനൊരു പുതിയ എന്നെയുണ്ടാക്കി
ഒഴുകുവാനായിരുന്നു ആഗ്രഹമെന്നാലും
ഒഴുക്കിനെതിരെ നീന്തി തളർന്നുപോയി
ആരാലും കുതിച്ചൊഴുകിയതുമില്ല
ആരിലും നിറഞ്ഞു നിന്നതുമില്ല
നെഞ്ചിലെ കനം താങ്ങാതെ
താങ്ങൊന്നുമില്ലാതെ ഉരുക്കിക്കുറുക്കിയ
പുതിയ ഞാനുണ്ടായി, ഉണ്ടാക്കി
കനമുണ്ട് ഖരമാണ് മാറ്റമില്ലാത്തതാണ്
നിർവികാരതയാണ് പ്രിയ സ്ഥായിഭാവം
അങ്ങനെ അവസാനം മുറുക്കിക്കുറുക്കി
കുറുക്കിക്കുറുകി ഞാനില്ലാതെയായി..

Wednesday, 14 March 2018

എനിക്കൊരു പാപവിമോചന പത്രിക തരൂ..



നീലേശ്വരത്തേക്ക് പോകാനായി ലോക്കലിൽ കയറി ഇരുന്നതാണ് ഞാൻ. ഇന്നലെ പെയ്തു തോർന്ന മഴയുടെ ഓർമകൾ പ്രകൃതിയെ വിരഹവേദനയിൽ ആഴ്ത്തുന്നകണക്കെ അന്തരീക്ഷം ശോകാമൃതം. 7 മണി കഴിഞ്ഞു. ട്രെയിൻ പോകാൻ ഇനിയും സമയമുണ്ട്. ആളുകൾ വന്നു തുടങ്ങുന്നതേയുള്ളൂ. അപ്പോഴാണ് അയഞ്ഞ, പഴയ സാരിയുടുത്ത കറുത്ത ഒരു തമിഴത്തിപെണ്ണുങ്ങള് വന്ന് എൻ്റെ അടുത്തിരുന്നത്. ഞാൻ മനസ്സിൽ 'ഇശ്ശ് ൻ്റെ അടുത്ത് തന്നെ വന്നിരിക്കണോ' എന്ന് സ്വാഭാവികമായും വിചാരിച്ചു. പിന്നാലെ വന്ന ഒരു ചേച്ചിയോട് അവർ മോളുടെ കാര്യം എന്തോ പറയുന്നുണ്ടായിരുന്നു. എനിക്ക് അഭിമുഖമായി ഇരിക്കാൻപോയ ആ ചേച്ചി എന്തോ ആലോചിച്ച് വേറെ ഇടം നോക്കിപ്പോയി.

കുറച്ച് കഴിഞ്ഞ് ആ 'അണ്ണാച്ചിപ്പെണ്ണുങ്ങള്' എന്നോട് അവരുടെ നോക്കിയ കീപാഡ് ഫോൺ കാണിച്ച് തമിഴിൽ ഒരു നമ്പറിൽ വിളിച്ചു തരുമോ, പൈസ തീർന്നുപോയിട്ടാ എന്നു ചോദിച്ചു. മോൾക്ക് സുഖമില്ലെന്നും കാര്യവിവരങ്ങൾ അന്വേഷിക്കാനുമാണെന്ന് പറഞ്ഞു. ഇത്ര നേരത്തെ റീച്ചാർജ് കട തുറക്കാത്തനാലാണ് ഫോണിൽ കാശില്ലാത്തതെന്നും കൈയ്യിൽ പൈസയുണ്ടെന്ന് പറഞ്ഞ് പേഴ്സിലെ പണം കാണിച്ചുതരികയും ചെയ്തു, അവർ.

സേലത്തൊക്കെയുള്ളത് 'ക്രിമിനൽ അണ്ണാച്ചി'മാരോക്കെ അല്ലേ? എന്നെ എന്തേലും ട്രാപ്പിൽ കുടുക്കാനായിരിക്കുമോ ഫോൺ ചോദിക്കുന്നത്? തുടങ്ങിയ നൂറു സംശയങ്ങൾ സെക്കൻ്റുകൾക്കുള്ളിൽ തലപോക്കി. അറിയാത്ത ഇവർക്ക് ഫോൺ കൊടുക്കണോ എന്നും രണ്ട് സിമ്മിൽ ഒന്നിൽ സീറോ ബാലൻസും ഒന്നിൽ 5 ൽ താഴെ ബാലൻസും മാത്രമേയുള്ളൂ എന്ന ചിന്തയും എന്നെ ആകുലയാക്കി. രാത്രി വൈകി വീട്ടിൽ എത്തുന്ന എനിക്ക് ഒരാശ്വാസമാണ് ഈ ബാലൻസ്. അതിനാൽ എൻ്റെ ഫോണിൽ ബാലൻസ് ഇല്ല എന്നൊരു കള്ളം ഞാൻ പറഞ്ഞു. ഒപ്പം ട്രെയിനിൽ സ്ഥിരം കാണുന്ന ഏതേലും ടീച്ചേഴ്സിനോട് അവർ സഹായം അഭ്യർത്ഥിക്കുമെന്നും ആശ്വസിച്ചു. പ്രതീക്ഷപോലെ കോളേജിൽ പഠിപ്പിക്കുന്ന ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന ഒരു ടീച്ചർ ഞങ്ങൾക്കഭിമുഖമായിരുന്നു. അവരോടും ആ സ്ത്രീ പ്രതീക്ഷയോടെ കാര്യം അവതരിപ്പിച്ചു. ഇതുകേട്ട ടീച്ചർ എന്നെ നോക്കി ശല്ല്യമായല്ലോ എന്നരീതിയിൽ ചിരിച്ചു. പ്രതീക്ഷ കൈവിടാതെ ആ സ്ത്രീ വീണ്ടും തമിഴിൽ ചോദിക്കുകയാണ്: ഞാൻ പറഞ്ഞത് വേറെ ഭാഷയായോണ്ട് മനസിലായില്ലേ? ഒന്നു വിളിച്ച് തരുമോ എന്ന്. ടീച്ചർ കേൾക്കാത്തപോലെയിരുന്നിട്ട് പൊടുന്നനെ എണീറ്റുപോയി.

അവരുടെ ആ പ്രവൃത്തി എന്നെ നിരാശയേക്കാൾ വേദനയുണ്ടാക്കി. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. സഹായം അഭ്യർത്ഥിച്ചത് ഒരമ്മയാണ്, കറുത്തവളാണ്, മലയാളികൾ പുച്ഛത്തോടെ കാണുന്ന തമിഴത്തിയാണ്.. ഞാൻ പണ്ടെഴുതിയ  ഒരു കഥ ഓർമവന്നു, മനുഷത്വമില്ലായ്മയെക്കുറിച്ചുള്ള എൻ്റെ നീണ്ട പ്രതികരണങ്ങളെ ഓർമവന്നു. മനസാക്ഷിക്കുത്തേറ്റ് എൻ്റെ ഹൃദയം ചോരവാർത്തി. ഞാൻ
അവരുടെ ഫോൺവാങ്ങി ബാലൻസ് നോക്കി, ശരിയാണ് പൈസയില്ല. ലോൺ എടുത്തുകൊടുത്തു. ലോണിടപാടിനെപറ്റി ബോധവൽക്കരിച്ചു. നിരുപദ്രവമായ കപടസഹായം ചെയ്തതിൽ ഞാൻ പുളകംകൊണ്ടു.

അപ്പോൾതന്നെയവർ മോളെ വിളിച്ചു. മകളുടെ മകൻ ആ അമ്മയെ തിരികെ വിളിച്ചു. ഏറെ നേരം വളരെ വികാരനിർഭരമായ സ്നേഹാന്വേഷണങ്ങൾ. മകളോട് നല്ലോണം ഭക്ഷണവും മരുന്നും കഴിക്കാൻ പറയുന്ന അമ്മ. ഞാൻ കഴിക്കുന്നതിനെപറ്റി നിങ്ങൾ കവലപ്പെടണ്ട എന്നു പറയുന്ന അവർക്കുമുന്നിൽ ഞാൻ കുറ്റബോധം താങ്ങാനാവാതെ ഇരുന്നു. നിറഞ്ഞ കണ്ണുകളോടെ ഫോൺകട്ട് ചെയ്ത്, അവറെനിക്ക് ആയുരോഗ്യവും ദീർഘായുസ്സും നേർന്നു. അർഹിക്കാത്ത ആ അനുഗ്രഹം എൻ്റെ ശരീരത്തെ പൊള്ളിച്ചു. അലരുടെ കാൽപിടിച്ച് കുറ്റമേറ്റ് പറഞ്ഞ് ക്ഷമാപണം നടത്താൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു.

അവർ എൻ്റെ കവിൾ തലോടി ഒരുപിടി കപ്പലണ്ടി എനിക്കായി നീട്ടി. അവരുടെ ഉദ്ദേശശുദ്ധിയെ സംശയിച്ച എനിക്ക് ലോകംമുഴുൻ അവരുടെ മുമ്പിൽ ചെറുതായത്പോലെ തോന്നി. മനസിൻ്റെ വിങ്ങൽ കണ്ണുകൾ ഏറ്റെടുത്തു. അവർ എത്രവരെ  എൻ്റെകൂടെ ഇരിക്കുന്നുവോ അത്രയും നേരം ഞാൻ കുറ്റബോധത്താൽ ഉരുകുമെന്നെനിക്ക് തോന്നി. പാപ്പിനിശ്ശേരിയിറങ്ങുമെന്നവർ പറഞ്ഞത് എൻ്റെ ഉൾക്കടലിനെ ശാന്തമാക്കി.

ശംഭുവെന്ന് വിളിക്കപ്പെടുന്ന സംപൂർണ്ണയെന്ന സ്ത്രീക്കുമുമ്പിൽ ഞാൻ അരൂപിയായി. 24ാം വയസിൽ വിധവയായ സ്ത്രീ, രണ്ട് പെൺമക്കളെ ഒറ്റയ്ക്ക് പോറ്റിവളർത്തിയവൾ, വേറൊരു നാട്ടിൽ എല്ലുമുറിയെ പണിയെടുക്കുന്നവൾ... 25 വർഷമായി ഞാൻ വളർത്തിയെടുത്ത അഹങ്കാരം പൊലിഞ്ഞ് സ്വയം പുച്ഛം തോന്നിയ നിമിഷം...

ട്രെയിൻ വിട്ട് മിനുറ്റുകൾക്കകം ഉറങ്ങുന്ന എനിക്ക് ആ ഒന്നരമണിക്കൂറിൻ്റെ ഉറക്കവും ബസ്സിലെ ഒന്നേകാൽ മണിക്കൂറിൻ്റെ ഉറക്കവും  നഷ്ടമായി. എൻ്റെ മനസ് എന്നോട് വഴക്കിട്ട് പറന്ന്പോയി. എനിക്ക് ഗതികിട്ടാത്ത അവസ്ഥയായി. എൻ്റെ തുറന്ന കണ്ണുകളിൽ ശംഭുവമ്മയ്ക്ക് വളരെ ആസ്വാദ്യകരമായ സൗന്ദര്യം ഉടലെടുത്തു. വൈകിവന്ന തിരിച്ചറിവിൽ അവരുടെ മകൾക്ക് രോഗം എത്രയും വേഗം സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുകയല്ലാതെ വേറെയൊന്നും ചെയ്യാൻ എനിക്കപ്പോൾ ആവതില്ലായ്രുന്നു.

Tuesday, 13 February 2018

നിരോധനം

കശാപുശാലകളുടെ നിലനിൽപ്
ബീഫ് നിരോധനം
സ്ത്രീധന നിരോധനം
ബീഫ് സ്വാതന്ത്ര്യം
വിവാഹ സ്വതന്ത്ര്യം
നീയും ഞാനും നിർബന്ധമായി 
കഴിച്ചിരിക്കണം, വിവാഹം.

നിലച്ചു


ഉപ്പുവെള്ളം വീണെൻ്റ
ഫോൺ കേടായി
കടലിലെ വെള്ളമല്ല,
എൻ്റെ കണ്ണിലെ
തീഷ്ണ താപം
നിറഞ്ഞ കണ്ണുനീർ...

തുറന്ന കത്ത്



എൻ്റെ ചോരകുടിച്ച്
എന്നോട്തന്നെ ചോരത്തളപ്പ്
കാണിക്കാൻ നിനക്ക്
നാണമില്ലേ പീക്കിരി
കൊതുക് പെങ്ങളേ..
ഈ കൊച്ചുശരീരത്തിന്
വേണ്ട ചോരയുടെ
അളവ് പറഞ്ഞുതരുവോ
ഞാനത്രേം ചോര
കുപ്പിയിലാക്കി തരാം
ദയവായി ഈ കൂട്ട
ആക്രമണം നിർത്തൂ..
അല്ലെങ്കിൽ ഞാനൊരു
കൊലയാളിയായിപ്പോകും
ഉറുന്പിൻ്റെ കടി സഹിക്കാം
എന്നാൽ നിൻ്റെ കുത്ത്
സഹിക്കാൻ ഞാൻ
വൈക്കം സുൽത്താനല്ല
നിന്നെ ആട്ടിയോടിക്കാൻ
പോലും ത്രാണിയില്ലാത്ത
ഒരു പാവം അവശരോഗി..

മത്സ്യം

🐟🐠🐟
ഇന്നലെവരെ പേരറിയാത്തേതോ
ജലാശയത്തിൽ മദിച്ചു നടന്നവൾ
ഇന്നെൻ്റെ കൈക്കുള്ളിൽ കത്രിക
വായ്ത്തലപ്പിൽ അനുസരണയോടെ.
മഴവിൽ നിറങ്ങൾ തെളിയുന്ന ധൂളികൾ
ചുണങ്ങുന്ന എൻ്റെ പിടിയിൽ നിന്ന്
തെന്നിയോടി ചട്ടിയിലേക്കുതന്നെ
ഓരോരുത്തരും മലർന്നടിച്ചു വീണു
മൃദുലമായി തുഴഞ്ഞിരുന്ന ചിറകുകൾ
ആദ്യം അരിഞ്ഞു കളഞ്ഞു പിന്നെ
നിൻ്റെ ചലനഗതി നിയന്ത്രിച്ചിരുന്ന
വാലും അവസാനം ആ തലയും കത്രിച്ചു
തലയറുക്കുന്പോൾ നിങ്ങളുടെ വായ
തുറന്ന് വന്നത് എന്ത് പറയാനാണ്?
അവസാനം 28 തലകളും ചരിഞ്ഞു
വീണ്, 28 കണ്ണുകളും തുറിച്ചുനോക്കി
നോട്ടത്തിൻ്റെ അർത്ഥം മനസ്സിലാക്കി
ഞാൻ, മാസംളമായ മീൻ ഉടലൊഴിച്ച്
ബാക്കിയൊക്കെ കുപ്പയിലെറിഞ്ഞു
മീനിനെ എരിവും പുളിയും ചേർത്ത്
രുചിയോടെ വിളന്പി വച്ചു. എന്നാൽ
എത്ര വാസനസോപ്പിട്ടിട്ടും മത്സ്യത്തിൻ്റെ
(ദുർ)ഗന്ധം എൻ്റെ കൈയ്യിൽനിന്നും
അടുക്കളയിൽ നിന്നും പോയില്ല.

കുഴഞ്ഞു വീണുമരിച്ചു


എൻ്റെ വീട്ടിലേക്കുള്ള വഴിയരികിൽ
കുഴഞ്ഞുവീണുമരിച്ചു.
കള്ളുകുടിയൻ അല്ല,
രോഗിയോ ദരിദ്രനോ അല്ല.
ഈ മഴക്കാലത്ത് മഴകൊണ്ട്
കുഴഞ്ഞുവീണ വാഴയെ ആരും
താങ്ങിയെടുത്തില്ല
പിടിച്ചുനിർത്തിയില്ല
ശ്രദ്ധിച്ചതുപോലുമില്ല.
ഒരിക്കൽപോലും കായ്ക്കാത്ത
അതിന് ദയാവധം പോലും
ആരും നൽകിയില്ല.
പതിയെ അലിയുന്ന ഇലകൾ
മണ്ണിനെ ബലിയിടാനായി
പൊതിയിലയായി.
മരത്തേയും മണ്ണിനേയും
തൊടാൻമടിച്ച എൻ്റെ മുന്നിലൂടെ
ഒരു തെരുവ്പെണ്ണ് ആ വാഴയെ
കാട്ടിലേക്ക് വലിച്ചിട്ടു.

ഈ കൽപടവിൽ, ഈ മരത്തണലിൽ ഒരിക്കൽകൂടി നീ

കലാലയപ്രണയത്തെ വളരെ ആഴത്തിൽ ഉൾക്കൊള്ളുന്ന ഗാനം.. റഫീക്ക് അഹമ്മദ് എഴുതി,  ബെന്നറ്റ് (?) ഈണം പകർന്ന്, വേണുഗോപാൽ പാടിയ "ആർദ്രമായ കവിത" എന്നാണ് എനിക്കിതിനെ വിശേഷിപ്പിക്കാനാകുക.."ഈ കൽപടവിൽ, ഈ മരത്തണലിൽ ഒരിക്കൽകൂടി നീ ഇരുന്നെങ്കിൽ...
.......
 ഹിമബിന്ദുചൂടിയ പൂവിതളായ് നീ
ശിശിരത്തിൽ വീണ്ടും ഉണർന്നെങ്കിൽ
ഹൃദയത്തിലാളും ചുവപ്പ് ഞാൻ തന്നേനേ
ഉയിരിലെ ചൂടും പകർന്നേനേ.... "

ശ്രീനാരായണഗുരു

ജാതി ചോദിക്കരുത്, പറയരുത് എന്ന് ആഹ്വാനം ചെയ്ത സമൂഹത്തിൽ ജാതിയും മതവും വെളിപ്പെടുത്താതെ ജീവിക്കുക എന്നത് ഇന്ന് അപകടം നിറഞ്ഞതും അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതുമാണ്.. ഗുരു മരിച്ചത് നന്നായി, അല്ലേൽ എല്ലാരും കൂടി....

ഗുരുവിനെ പറ്റി  നാടകപ്രവർത്തകനായ എൻ്റെ അച്ഛാച്ഛൻ എഴുതി, ഈണം നൽകി, അമ്മമ്മ പാടിയ ഗാനം.

https://youtu.be/20cMd3VXINA

പെണ്ണിര



പെണ്ണേ, നീ പെരുമാറേണ്ടത് ഇങ്ങനെയാണ്, ഞാൻ  പറഞ്ഞുപഠിപ്പിക്കുന്ന രീതിയിൽ. ഞാൻ നൽകുന്ന സുരക്ഷിതത്വത്തിൽമാത്രം സമൂഹത്തോട് സംവദിക്കുന്നവളാകണം, നീ. പരസ്പരം കൂട്ടിമുട്ടാത്ത ഇരട്ടവരയുള്ള പുസ്തകത്തിലെ അക്ഷരങ്ങൾപോലെ നിൻ്റെ നോട്ടത്തിനും നടപ്പിനും നാക്കിനും കൃത്യമായ വടിവും അളവും വേണം. അവൻ്റെ എഴുതപെട്ട പ്രമാണങ്ങൾക്കപ്പുറം നീ പോകരുത്, ചിന്തിക്കുകകൂടി അരുത്. നിൻ്റെ തോന്നലുകളെ അവൻ പിൻബുദ്ധിയെന്നാക്ഷേപിക്കും, ആ താന്തോന്നിത്തരത്തിന് ശിക്ഷ നൽകാൻ അവൻ ഇരുട്ടിൽ വേട്ടയ്ക്കിറങ്ങും. അവൻ്റെ ലോകം നീയെന്ന ഇരയ്ക്ക് വിലയിടും. അഞ്ചു ലക്ഷത്തോടൊപ്പം സഹോദരന് സർക്കാർ ജോലിയും നേടികൊടുത്ത് നീയൊരു എരിവുള്ള കഥയുടെ അവസാനിക്കാത്ത അവസാനമാകും. വർഷാവർഷം നിൻ്റെ പേര് അവർ കൊത്തിയെടുക്കും, അടുത്ത ഇരയെ കിട്ടും വരെ..

KLAP§

പണ്ട് ഒരു ക്ലാസിൽ ആറ് ചങ്ങാതിമാർ ഉണ്ടായിരുന്നു.. ആറ് പേർക്കും ഓരോരുത്തരോടും ഭയങ്കര ഇഷ്ടവും ആരാധനയും ഉണ്ടായിരുന്നു.. ആ ആറുപേരും ആ ആറുപേരുടേതായിരുന്നു.. അതിൽ അഞ്ചുപേർ പഠിക്കാൻ വളരെ മിടുക്കരായിരുന്നു. അതിനാൽ ക്ലാസിൽ അവർ ബുജി ടീംസ് ആയി പരിഗണിക്കപ്പെട്ടിരുന്നു.. എന്നാൽ ക്ലാസിലുള്ള എല്ലാ കൂതറകളേക്കാൾ ഏറെ കയ്യിലിരിപ്പ് ഉള്ളവരായിരുന്നു അവർ.. മണ്ടത്തരം പറച്ചിലിനും തരികിട ഒപ്പിക്കുന്നതിനും സ്നേഹിച്ച് വശത്താക്കുന്നതിനും അവർ ഓരോരുത്തരും മത്സരിച്ചു..
രാവിലെ എസ്.എന്നിലേക്ക് വീട്ടിൽനിന്ന് ഇറങ്ങുന്നത് തൊട്ട്, ബസ്സിൽ കലപിലകൂടി, വൈകീട്ട് യാദവതെരുവിലൂടെ സിപ്പ് അപ്പോ പോപ്പിൻസോ നുണഞ്ഞ് താഴേചൊവ്വെന്ന് വീട്ടുകളിലേക്ക് പിരിയും വരെ അവർ സൗഹൃദം കൈമാറി.. ഇംഗ്ലീഷും ഹിന്ദിയും ഫിസിക്സും മാക്സിലെ പല പേപ്പറുകളും അവരുടെ ബന്ധങ്ങളെ ദൃഢമാക്കിയ മനോഹരമായ ഏടുകൾമാത്രമായി പരിവർത്തപ്പെട്ടു..  ഇടവേളകളിൽ വായ്നോക്കിയും, നുണക്കഥകളും പ്രണയചാപല്യങ്ങളും പറഞ്ഞും അവർ നേരം കളഞ്ഞു.. അവർക്കിടയിൽ കഥയും കവിതയും പാട്ടും സിനിമയും രാഷ്ട്രീയവും ഹൈക്കുകളായെത്തി..
കോളേജിലെ  ആഘോഷദിനങ്ങളിൽ, എന്തിന് രാഷ്ട്രീയ അടിപിടിയുള്ള ദിവസങ്ങളിൽവരെ അവർ അവരുടേതായ രീതിയിൽ ആഘോഷിച്ചു..
തീർച്ചയായും അവരോരുത്തരും വളരെ വളരെ വ്യത്യസ്തരായിരുന്നു.. എന്നാൽ അവരിൽ എല്ലാരിലും ഏതോ ഒരു വികാരം, എന്തോ ഒന്ന് പൊതുവായി ഉണ്ടായിരുന്നു..
ഓരോരുത്തരും അവരവരുടെ സ്വപ്നങ്ങളെ തേടി ഓരോ വഴിക്ക് പോയി.. ചിലർ പുതിയ സാഹചര്യങ്ങളിലേക്ക് പറച്ചു നടപ്പെട്ടു.. എങ്കിലും ഇന്നുമവർ, എത്ര അകലത്താണെങ്കിൽക്കൂടി അതേ സ്നേഹവായ്പ്പോടെ അന്യോന്യം തിരിച്ചറിയുന്നുണ്ട്, പരസ്പരം മനസിലാക്കുന്നുണ്ട്. എങ്കിൽ അത്രയും മതി, നമ്മുടെ  #KLAP§ എന്നും നിലനിന്നുപോകാൻ...

Love you all..

#SNC #friendship #love #maths

Monday, 12 February 2018

കമലിൻറെ ആമി, മഞ്ജുവിൻ്റേയും

ആമിയുടെ മാസ്മരിക ജീവിതം പകർത്തുന്നതിൽ പ്രിയ സംവിധായകൻ പരാജയപ്പെട്ടു എന്നത് എന്നെ വളരെ നിരാശപ്പെടുത്തി. എന്നാൽ  ഇടവിട്ട് മാത്രം ചില സീനുകൾ അതിശയമാംവിധം നമ്മളെ ലയിപ്പിക്കുന്നുമുണ്ട്. 
അഭിനേതാക്കൾ ആരും മികച്ചതായോ മോശമായോ തോന്നിയില്ല. മേയ്ക്ക് അപ്പും ഗ്രാഫിക്സും അഭിനയവും എല്ലാം ആവറേജ് തന്നെ.. അതേ സമയം ആമിയുടെ കൗമാരം അവതരിപ്പിച്ച പെൺകുട്ടിയുടെ അഭിനയം മറ്റാരെക്കാളും ഏറെ മുൻപന്തിയിലാണ്.
ആമിയെ പറ്റി ഗവേഷണം നടത്തി എന്നു സംവിധായകൻ പറയുമ്പോഴും സിനിമ കാഴ്ചവെക്കുന്ന കാര്യങ്ങൾ കമലയുടെ ഏതൊരു സാധാരണ വായനക്കാർക്കും അറിയാവുന്നതേ പറയുന്നുള്ളൂ.. നാലപ്പാട്ടെ വേലക്കാരുമായുള്ള ആമിയുടെ ആത്മബന്ധം, പൊന്നിയരിയിൽ നിന്ന് വിലകുറഞ്ഞ അരിയിലേക്ക് മാറിയ കാലം, ഇളയമകനോടുള്ള സ്നേഹം തുടങ്ങിയ അവഗണിക്കാൻ പറ്റാത്ത കാര്യങ്ങൾ ഒഴിവാക്കപ്പെട്ടത് ഒരുപക്ഷേ സിനിമയ്ക്കുള്ളിൽ ആ ജീവിതം ഒതുങ്ങില്ലെന്ന് കരുതിയാകണം. എന്തിരുന്നാലും സിനിമ വിവാദങ്ങൾക്ക് കീഴ്പെടാതിരിക്കാൻ സംവിധായകൻ പാലിച്ച ജാഗ്രത പ്രശംസനീയമാണ്..